ജാമ്യാപേക്ഷക്ക് ഫീസ് നൽകണം; കോടതി ഫീസുകൾ അഞ്ചിരട്ടി കൂട്ടി

തിരുവനന്തപുരം: ജാമ്യാപേക്ഷക്ക് ഉൾപ്പെടെ ഫീസ് ചുമത്തിയും നിലവിലെ ഫീസുകൾ അഞ്ചിരട്ടിയാക്കിയും കോടതി ഫീസുകളിൽ വൻ വർധന. ഹൈകോടതി മുമ്പാകെ, ജാമ്യാപേക്ഷക്ക് 500 രൂപയും സെഷൻസ് കോടതിയിൽ 200 രൂപയും മുൻകൂർ ജാമ്യാപേക്ഷക്ക് 250 രൂപയുമാണ് ഏർപ്പെടുത്തിയത്. തുടർന്നുള്ള ഓരോ ഹരജിക്കും അവയുടെ പകുതി ഫീസും ചുമത്തും. മറ്റു കോടതികളിൽ ഓരോ ഹരജിക്കാരനും 50 രൂപ എന്ന കണക്കിൽ പരമാവധി 250 രൂപയും ഫീസ് ഏർപ്പെടുത്തും.

സർഫാസി നിയമപ്രകാരം ഏറ്റെടുക്കുന്നതിനുള്ള ‘സെക്വേർഡ് അസറ്റി’നുള്ള ഹരജിക്ക് 1000 രൂപ ഫീസ് ചുമത്തും. ഡിക്ലറേഷൻ ആവശ്യപ്പെട്ടുള്ള ഹരജിക്ക് ഫീസ് 500 രൂപയായും ഇൻജങ്ഷൻ ഹരജിക്ക് (വകുപ്പ് 27) 2500 രൂപയായും ഉയർത്തും. ട്രസ്റ്റുകളുടെ സ്വത്തുമായി ബന്ധപ്പെട്ട ഹരജികൾക്ക് (വകുപ്പ് 28) വിപണി വിലയുടെ അഞ്ചിലൊന്നോ കുറഞ്ഞത് 5000 രൂപയോ ആണ് ഫീസ്. വിപണി വിലയില്ലാത്തതിന് ആയിരം രൂപയായി ഉയർത്തും. സ്ഥാവര സ്വത്തിന്‍റെ കൈവശാവകാശം ആവശ്യപ്പെട്ടുള്ള ഹരജിക്ക് (വകുപ്പ് 29) വിപണി വിലയുടെ മൂന്നിലൊന്നോ പതിനായിരം രൂപയോ എതാണോ കൂടുതൽ അത് ആക്കി.

സാമ്പത്തിക ലാഭത്തിന്‍റെയോ വിനിമയത്തിന്‍റെയോ കണക്ക് തേടിയുള്ള ഹരജിക്ക് (വകുപ്പ് 35) തർക്ക തുകക്ക് അനുസൃതമായോ 5000 രൂപയോ ഏതാണോ കൂടുതൽ എന്ന രീതിയിൽ വർധിപ്പിക്കും. ഭാഗംവെക്കൽ ഹരജിക്ക് (വകുപ്പ് 37) മുൻസിഫ് കോടതിയിൽ 500 രൂപയും സബ്കോടതി/ ജില്ല കോടതിയിൽ 2000 രൂപയായും ഉയർത്തും. ഉത്തരവ് റദ്ദാക്കുന്നതിനുള്ള ഹരജിക്ക് (വകുപ്പ് 40) വസ്തുവിന്‍റെ വിപണി വില അടിസ്ഥാനപ്പെടുത്തി ഫീസ് കണക്കാക്കും.

സർവേ ആൻഡ് ബൗണ്ടറി ആക്ട് പ്രകാരമുള്ള (വകുപ്പ് 45) ഹരജികൾക്ക് പരമാവധി 5000 രൂപയായും റവന്യൂ രേഖകളിലെ ഏതെങ്കിലും എൻട്രി മാറ്റുന്നതിനോ ഒഴിവാക്കുന്നതിനോ വേണ്ടിയുള്ള സ്യൂട്ടിനുള്ള ഫീസ് (വകുപ്പ് 46) 75 രൂപയായും കൂട്ടും. റിലീജ്യസ് എൻഡോവ്മെന്‍റ് ആക്ട് പ്രകാരം പരിഹാരം തേടിയുള്ള ഹരജികൾക്ക് (വകുപ്പ് 47) മുൻസിഫ് കോടതിയിൽ 500 രൂപയായും സബ്കോടതി/ ജില്ല കോടതിയിൽ 1000 രൂപയായും ഉയർത്തും.

Tags:    
News Summary - Kerala Budget 2025: Court fee hike proposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.