വീട്ടു മുറ്റത്ത് വളർത്താം മികച്ച ഇറച്ചി താറാവ് വിഗോവയെ

വിയറ്റ്നാമിൽ നിന്നെത്തി ഇന്ന് നമ്മുടെ നാട്ടിലെ ഇറച്ചിവിപണിയിൽ താരമായ ഇനമാണ് വിഗോവ താറാവുകൾ. ചൈനീസ് ഇറച്ചി താറാവായ വൈറ്റ് പെക്കിൻ പിടകളെയും, ഏറ്റവും വലിയ ഇറച്ചി താറാവ് ജനുസ്സുകളിൽ ഒന്നായ ഇംഗ്ലണ്ടിൽ നിന്നുള്ള ഐൽസ് ബെറി പൂവന്മാരെയും ജനിതകമിശ്രണം ചെയ്താണ് വിഗോവയെ വികസിപ്പിച്ചത്. മാംസോൽപാദനത്തിനുള്ള വൈറ്റ് പെക്കിന്റെയും ഐൽസ് ബെറിയുടെയും ഗുണങ്ങൾ ഒരേപോലെ വിഗോവയിൽ കാണാം. വെള്ള തൂവലുകളും നീണ്ട കഴുത്തും കടുംമഞ്ഞ നിറമുള്ള കൊക്കും കാലുകളുമൊക്കെയാണ് വിഗോവകളുടെ പ്രത്യേകത.

മാംസാവശ്യത്തിനായി വളർത്താവുന്ന ബ്രോയിലർ താറാവുകളിൽ ഏറ്റവും മികച്ചതാണ് വിഗോവ. വിഗോവയുടെ അതിവേഗ വളർച്ചയുടെ കാരണം ഉയർന്ന തീറ്റപരിവർത്തനശേഷിയാണ്, അതായത് അകത്താക്കുന്ന തീറ്റയെ ഇറച്ചിയാക്കി മാറ്റാനുള്ള കഴിവിൽ വിഗോവയെ വെല്ലാൻ നാടൻ താറാവുകൾക്ക് കഴിയില്ല. 55 - 60 ദിവസം കൊണ്ടുതന്നെ പരമാവധി 2.5 - 2.8 കിലോഗ്രാം തൂക്കത്തിലേക്ക് വിഗോവകൾ വളരും.

താരതമ്യേന എളുപ്പമായ പരിപാലന രീതികളിലൂടെ വീട്ടുമുറ്റത്തുതന്നെ വിഗോവകളെ വളർത്തിയെടുക്കാനും കഴിയും. വേഗത്തിൽ ആളുകളുമായി ഇണങ്ങുകയും ചെയ്യും. മൃദുവും രുചികരവുമായ ഇറച്ചിയായതിനാൽ വിഗോവയിറച്ചിക്ക് ഡിമാൻഡും ഏറെയുണ്ട്. രോഗപ്രതിരോധഗുണത്തിലും മുൻപന്തിയിലാണ് ഈ തൂവെള്ളത്താറാവുകൾ.

പരിപാലനം

ഒരു ദിവസമോ ഒരാഴ്ചയോ പ്രായമായ 45-50 ഗ്രാം വരെ തൂക്കമുള്ള കുഞ്ഞുങ്ങളെയാണ് വളർത്താൻ തിരഞ്ഞെടുക്കേണ്ടത്. ഒരു ദിവസം പ്രായമായ വിഗോവ കുഞ്ഞുങ്ങൾക്ക് ഇന്ന് വിപണിയിൽ 60 - 65 രൂപ വിലയുണ്ട്. വിഗോവ താറാവ് കുഞ്ഞുങ്ങളെ ലഭ്യമാക്കുന്ന നിരവധി സ്വകാര്യ, സർക്കാർ ഏജൻസികൾ ഇന്ന് കേരളത്തിലുണ്ട്. വെറ്ററിനറി സർവകലാശാലയുടെ തൃശൂർ മണ്ണുത്തി, പാലക്കാട് തിരുവാഴംകുന്ന് ഫാമുകളിൽ നിന്ന് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച്ച് വിഗോവ കുഞ്ഞുങ്ങളെ ലഭിക്കും. കുഞ്ഞുങ്ങൾക്ക് തണുപ്പില്‍ നിന്ന് സംരക്ഷണം നൽകാൻ ആദ്യ ആഴ്ചകളിൽ കൂട്ടില്‍ ഇന്‍കാന്‍റസെന്‍റ് ബള്‍ബുകള്‍ സജ്ജീകരിച്ച് ബ്രൂഡിങ് ഒരുക്കണം. ഒരു താറാക്കുഞ്ഞിന് രണ്ട് വാട്ട് എന്നതാണ് ഇന്‍കാന്‍റസെന്‍റ് ബള്‍ബുകള്‍ ഒരുക്കേണ്ടതിന്‍റെ ക്രമം. രണ്ടാഴ്ച പ്രായമെത്തുമ്പോള്‍ കുഞ്ഞുങ്ങളെ ബ്രൂഡറിൽ നിന്ന് മാറ്റി വളർത്താം.

വീട്ടുമുറ്റത്ത് അഴിച്ചുവിട്ടും വലകെട്ടി തിരിച്ചും വളർത്താമെങ്കിലും ഏറ്റവും അഭികാമ്യം വിരിപ്പ് രീതിയിൽ (ഡീപ്പ് ലിറ്റർ) കൂട്ടിലിട്ട് തന്നെ പരിപാലിക്കുന്നതാണ്. കാരണം മികച്ച വളർച്ച ലഭിക്കാൻ വിഗോവക്ക് നല്ലത് കൂട്ടിലടച്ചുള്ള വിരിപ്പ് രീതിയിലുള്ള വളർത്തുക്രമമാണ്. മികച്ച വളർച്ചക്ക് പ്രോട്ടീൻ കൂടുതലുള്ള റെഡിമെയ്‌ഡ്‌ തീറ്റകൾ നൽകി വളർത്തണം. അഴിച്ചുവിട്ട് വീട്ടിലെ മിച്ചഭക്ഷണം മാത്രം നൽകി വളർത്തിയാൽ അതിവേഗ വളർച്ചയോ തീറ്റപരിവർത്തനഗുണമോ കിട്ടില്ല.

രണ്ടാഴ്ച പ്രായമെത്തുന്നതുവരെ മാംസ്യത്തിന്റെ അളവ് ഉയർന്ന ബ്രോയിലർ പ്രീ സ്റ്റാർട്ടർ തീറ്റയാണ് കുഞ്ഞുങ്ങൾക്ക് നൽകേണ്ടത്. കുഞ്ഞുങ്ങളെ എത്തിച്ച് ആദ്യത്തെ മൂന്ന് ദിവസം ബ്രോയിലർ പ്രീ സ്റ്റാർട്ടർ തീറ്റ വെള്ളം നനച്ച് നൽകുന്നത് താറാക്കുഞ്ഞുങ്ങൾ തീറ്റയെടുക്കുന്നത് എളുപ്പമാക്കും. രണ്ടാഴ്ച പ്രായമെത്തിയതിന് ശേഷം 28 ദിവസം വരെ ബ്രോയിലർ സ്റ്റാർട്ടർ തീറ്റ നൽകാം. അതിനുശേഷം വിൽപന നടത്തുന്നതുവരെ ഊർജത്തിന്റെ അളവ് ഉയർന്ന ബ്രോയിലർ ഫിനിഷർ തീറ്റയാണ് നൽകേണ്ടത്.

അളവ് കണക്കാക്കി നൽകുന്നതിനുപകരം കഴിക്കുന്നത്ര തീറ്റ മുഴുവൻ സമയവും ഉറപ്പാക്കുക എന്നതാണ് വിഗോവകൾക്ക് തീറ്റ നൽകേണ്ട രീതി. പ്രായത്തിനനുസരിച്ച് തരാതരം പോലെ തീറ്റ തിരഞ്ഞെടുത്ത് നൽകുന്നതിനൊപ്പം ഗുണമേന്മയുള്ള തീറ്റപ്പുല്ല് അരിഞ്ഞിട്ടും, അസോള, അഗത്തിയില, മുരിങ്ങ, ചെമ്പരത്തി, നേപ്പിയർ തുടങ്ങിയ ഇലകളും പുല്ലുകളും വിഗോവയുടെ തീറ്റയിൽ ഉൾപ്പെടുത്താം. ഉണക്കക്കപ്പ, ഉപ്പു ചേര്‍ക്കാത്ത ഉണക്ക മത്സ്യം, തവിട്, ധാതുലവണ മിശ്രിതം എന്നിവയെല്ലാം ചേര്‍ത്ത് തീറ്റയുണ്ടാക്കി ദിവസം 150 ഗ്രാം വീതം നൽകിയും തീറ്റ ചെലവ് കുറക്കാം.

ഹോട്ടല്‍, അടുക്കള അവശിഷ്ടങ്ങള്‍ എന്നിവയും വിഗോവ തിന്നും. പൂടമാറ്റിയ കോഴി വേസ്റ്റ്, വലിയ മുള്ളുകൾ മാറ്റിയ മീൻ വേസ്റ്റ് എന്നിവയെല്ലാം വിഗോവ താറാവിന് നൽകാം. ഇതെല്ലാം മേന്മയേറിയ ഇറച്ചിയാക്കി പരുവപ്പെടുത്താനുള്ള ശേഷി വിഗോവക്കുണ്ട്. മറ്റു താറാവുകളെ പോലെ നീന്തിത്തുടിക്കാന്‍ വലിയ തടാകങ്ങളോ കുളങ്ങളോ വിഗോവക്ക് വേണ്ടതില്ല. ഒരു കാരണവശാലും മാലിന്യം നിറഞ്ഞ ജലാശയങ്ങളിലും മലിനജലം കെട്ടി ക്കിടക്കുന്ന ചളിക്കുണ്ടുകളിലും താറാവുകളെ മേയാൻ വിടരുത്.

വിരുന്നുമേശയിലെ വി.ഐ.പി വിഗോവയിലെ വരുമാന വഴി

മുട്ട വിരിഞ്ഞിറങ്ങുന്ന സമയത്തെ 50 ഗ്രാം തൂക്കത്തിൽ നിന്ന് ഏഴുമുതൽ എട്ടാഴ്ച കൊണ്ട് അഞ്ചര- ആറു കിലോഗ്രാം തീറ്റ മാത്രം അകത്താക്കി 2.5 -2 .85 കി.ഗ്രാം വരെ തൂക്കത്തിലെത്താൻ വിഗോവക്ക് കഴിയും. 2.5 കിലോഗ്രാമിന് മുകളിൽ തൂക്കമെത്തുന്നതോടെ വിഗോവയെ വിപണനത്തിനായി ഒരുക്കാം.

തൂക്കവിലയിൽ നേരിട്ട് വിൽക്കുമ്പോൾ കിലോക്ക് 170 -190 രൂപ വരെ വില കിട്ടും. ഇങ്ങനെ ഒരു താറാവിൽനിന്ന് 70-80 രൂപവരെ ആദായം പ്രതീക്ഷിക്കാം. കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വിൽപന നടത്തിയാൽ ലാഭം വീണ്ടും ഉയരും. ഒരു കിലോ ഇറച്ചിക്ക് 300 - 340 രൂപവരെ വിലയുണ്ട്. ഇറച്ചിക്ക് മാത്രമല്ല മുട്ടക്കും യോജിച്ച ഇനം കൂടിയാണ് വിഗോവ. നാലാം മാസം മുതല്‍ പിടകൾ മുട്ടയിടാന്‍ തുടങ്ങും. പ്രതിവർഷം 120 മുട്ടകൾ വരെ വിഗോവയിൽ നിന്ന് കിട്ടും. ഒരു മുട്ടക്ക് 20 രൂപ വരെ മാർക്കറ്റിൽ വിലയുണ്ട്.

Tags:    
News Summary - Vigova, the best meat duck, can be raised in the backyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.