വീടും പരിസരവും മനോഹരമാക്കാൻ പൂന്തോട്ടം നിർമിക്കാനും പരിചരിക്കാനും വീട്ടമ്മമാർക്ക് എക്കാലത്തും ഒരു ക്രേസാണ്. പൂക്കൾ നിറഞ്ഞ, ചിത്രശലഭങ്ങൾ പറക്കുന്ന നല്ല ഒരു ഗാർഡൻ പരിപാലിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ, വൻവില കൊടുത്ത് വാങ്ങി നട്ടുപിടിപ്പിക്കുന്ന പല ചെടികളും പക്ഷേ കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ പൂവിടുന്നത് നിർത്തുന്നത് മിക്ക ആളുകളെയും നിരാശപ്പെടുത്താറുണ്ട്. എത്രയൊക്കെ ചെയ്തിട്ടും ചെടികൾ വളരുന്നില്ല, പൂക്കൾ വിരിയുന്നില്ല എന്ന പരാതികളാണ് പലപ്പോഴും. ചെടി തഴച്ചുവളരുമെങ്കിലും ഒരൊറ്റ പൂവ് പോലും ഉണ്ടാകാത്ത അവസ്ഥ. കേരളത്തിലെ കാലാവസ്ഥയിൽ ചെടികൾ നല്ല രീതിയിൽ പുഷ്പിക്കാൻ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ പറയാം.
പൂക്കൾ കുറയാനുള്ള കാരണങ്ങൾ
- സൂര്യപ്രകാശത്തിന്റെ കുറവ് : പൂവിടുന്ന ചെടികൾക്ക് ദിവസവും കുറഞ്ഞത് 5 മുതൽ 6 മണിക്കൂർ എങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. തണലുള്ള സ്ഥലങ്ങളിലാണ് ചെടികൾ നിൽക്കുന്നതെങ്കിൽ ഇലകൾ മാത്രം വളരുകയും പൂക്കൾ ഇല്ലാതാവുകയും ചെയ്യും.
- അശാസ്ത്രീയമായ വളപ്രയോഗം: നൈട്രജൻ അടങ്ങിയ വളങ്ങൾ (ചാണകപ്പൊടി, യൂറിയ പോലുള്ളവ) അമിതമായാൽ ചെടികൾ കാടുകയറി വളരുമെന്നല്ലാതെ പൂക്കൾ ഉണ്ടാകില്ല. പൂവിടാൻ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയടങ്ങിയ വളങ്ങളാണ് ആവശ്യം.
- അമിതമായ നനയ്ക്കലും പ്രൂണിങ് ചെയ്യാതിരിക്കലും: വേരുകളിൽ എപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നത് പൂവിടാനുള്ള ശേഷിയെ ബാധിക്കും. അതുപോലെ തന്നെയാണ് പ്രൂണിങ് ചെയ്യാതിരിക്കലും. പഴയതും ഉണങ്ങിയതുമായ കമ്പുകൾ മുറിച്ചുമാറ്റാതിരുന്നാൽ പുതിയ മുളകളും പൂമൊട്ടുകളും ഉണ്ടാകുന്നത് കുറയും.
പരിഹാര മാർഗ്ഗങ്ങൾ ഇവയാണ്
- ചെടികൾ പൂവിടാൻ ഏറ്റവും പ്രധാനം ഫോസ്ഫറസ് ആണ്. ഇതിനായി എല്ലുപൊടി, രാജ്ഫോസ് എന്നിവ മണ്ണിൽ ചേർത്തുകൊടുക്കാം. രാസവളമാണ് താൽപര്യമെങ്കിൽ എൻ.പി.കെ (N.P.K) മിശ്രിതം 19:19:19 എന്ന അനുപാതത്തിൽ ഉപയോഗിക്കുകയോ അല്ലെങ്കിൽ പൊട്ടാഷ് നേർപ്പിച്ച് ഒഴിച്ചുകൊടുക്കുന്നതോ പൂക്കൾ നിറയെ ഉണ്ടാകാൻ സഹായിക്കും. നൈട്രജനും, ഫോസ്ഫറസും, പൊട്ടാസ്യവും 19% മിശ്രിതം എന്ന രീതിയിൽ വളമായി ഉപയോഗിക്കുന്നതാണ് എൻ.പി.കെ മിശ്രിതം.
- ചെടിച്ചട്ടികളിലാണ് വളർത്തുന്നതെങ്കിൽ, നല്ലതുപോലെ വെയിൽ ലഭിക്കുന്ന വീടിന്റെ മുൻഭാഗത്തോ ടെറസ്സിലോ മറ്റോ ഇവ മാറ്റിവെക്കുക.
- പൂക്കൾ വിരിഞ്ഞുണങ്ങിയ ശേഷം ആ കമ്പിന്റെ തലപ്പ് അൽപം താഴെവെച്ച് മുറിച്ചുകളയുക. ഇത് കൂടുതൽ പുതിയ ശാഖകളും മൊട്ടുകളും ഉണ്ടാകാൻ സഹായിക്കും.
- പുളിപ്പിച്ച കഞ്ഞിവെള്ളം മൂന്നിരട്ടി വെള്ളം ചേർത്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് പൂക്കൾ ഉണ്ടാകാൻ വളരെ നല്ലതാണ്. കുറച്ചു ചാരവും മണ്ണിൽ വിതറുന്നത് പൊട്ടാസ്യത്തിന്റെ അളവ് കൂട്ടും.
ശരിയായ പരിചരണവും ആവശ്യത്തിന് സൂര്യപ്രകാശവും നൽകിയാൽ ഏത് പൂച്ചെടിയും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ നിറയെ മൊട്ടുകളാൽ നിറയുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഈ ചെറിയ മാറ്റങ്ങൾ നിങ്ങളുടെ പൂന്തോട്ടത്തിൽ വരുത്തി നോക്കൂ, ഗാർഡൻ വീണ്ടും കളറാകും!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.