ഓണക്കാലമാണ് വരാൻ പോകുന്നത്. പൂക്കളമില്ലാതെ മലയാളിക്ക് ഓണാഘോഷമില്ല. ഓണപ്പൂക്കളത്തിലെ പ്രധാനിയാണ് ചെണ്ടുമല്ലിപ്പൂവ്. ഇപ്പോൾ അത്യാവശ്യം കരുതലോടെ കൃഷി ചെയ്താൽ പൈസ മുടക്കാതെ സ്വന്തം ആവശ്യത്തിനുള്ള പൂക്കൾ വീട്ടുമുറ്റത്ത് വിരിയിക്കാം. കൂടാതെ, അത്യാവശ്യം ഓണക്കോടിക്കുള്ള പൂക്കൾ വിൽക്കാനുമാകും. മഞ്ഞ, ഓറഞ്ച് നിറമുള്ള ചെണ്ടുമല്ലിക്കാണ് ആവശ്യക്കാർ കൂടുതൽ. ഇപ്പോൾ തൈ നട്ടാൽ ആഗസ്റ്റിൽ വിളവെടുക്കാം.
സൂര്യപ്രകാശം നന്നായി ലഭിക്കുന്ന നീർവാർച്ചയുള്ള സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാൻ. വെള്ളം കെട്ടിക്കിടക്കരുത്. പത്ത് സെന്‍റിൽ 1,000 തൈകൾ നടാം. 20 കിലോഗ്രാം കുമ്മായവും ധാരാളം ജൈവവളവും ചേർത്ത് ഒരടി ഉയരവും 1.2/1.7 മീറ്റർ വീതിയും ഒരു മീറ്റർ ഇടയകലവുമുള്ള തടങ്ങൾ എടുക്കണം. തൈകൾ ആറില പ്രായമാകുമ്പോൾ 15 കിലോഗ്രാം വീതം യൂറിയയും 19:9:18 ഉം ചെടിച്ചുവട്ടിൽ വീഴാതെ ചേർക്കാം.
ഭംഗിയേറിയതും അത്യുൽപാദന ശേഷിയുള്ളതുമായ സങ്കരയിനം ചെണ്ടുമല്ലിത്തൈകൾ വിപണിയിൽ ലഭ്യമാണ്. ജൈവകുമിൾ നാശിനിയായ സ്യൂഡോമൊണാസ് 50 ഗ്രാം 750 മില്ലി ലിറ്റർ വെള്ളവും ചേർന്ന ലായനിയിൽ 20 മിനിറ്റുനേരം തൈകൾ മുക്കിവെക്കുക. ചെടികൾ നട്ട് 20-30 ദിവസങ്ങൾക്കുശേഷം തലഭാഗം ഒരിഞ്ച് നുള്ളിക്കളയണം. തൈകളുടെ വളർച്ചക്കും വളം പാഴാകാതിരിക്കാനും കളകൾ നീക്കണം. വേണ്ടത്ര മഴയില്ലെങ്കിൽ ചെടികൾക്ക് ആവശ്യമായ നന ഉറപ്പാക്കണം.
ഓണക്കാലമാകുമ്പോഴേക്കും പൂക്കൾ വിരിയും. നല്ല പോലെ വിരിഞ്ഞ പൂക്കൾ അതിരാവിലെയോ വൈകുന്നേരമോ പറിച്ചെടുക്കാം. വിളവെടുപ്പ് തുടങ്ങി ഒരാഴ്ച ഇടവേളയിൽ ലിറ്ററിന് 10 ഗ്രാം എന്ന തോതിൽ 19:19:19 തളിച്ച് കൊടുക്കാം.
അർക്ക ബംഗാര: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച് (ഐ.ഐ.എച്ച്.ആർ) വികസിപ്പിച്ചെടുത്തത്. കടും മഞ്ഞ നിറത്തിലുള്ള പൂക്കൾക്കും ഉയർന്ന വിളവ് സാധ്യതക്കും പേരുകേട്ടതാണ് അർക്ക ബംഗാര.
അർക്ക അഗ്നി: ഐ.സി.എ.ആർ- ഐ.ഐ.എച്ച്.ആർ വികസിപ്പിച്ചെടുത്ത ഓറഞ്ച് നിറമുള്ള ചെണ്ടുമല്ലിയാണ് അർക്ക അഗ്നി. നേരത്തെ പൂവിടും. വലുപ്പമുള്ള പൂക്കൾ.
ഭഗവതി: ഉയർന്ന പ്രതിരോധ ശക്തിയും മികച്ച വിളവ് തരുന്നതുമായ സങ്കരയിനം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഉത്തമം.
ഇവക്കുപുറമേ പ്രമുഖ കമ്പനികളുടെ ഗുണനിലവാരമുള്ള ചെണ്ടുമല്ലി വിത്തുകൾ വിപണിയിൽ ലഭ്യമാണ്.
‘ഓണത്തിന് ഒരുകൊട്ടപ്പൂവ്’ എന്ന പേരിൽ നിലവിൽ കണ്ണൂർ ജില്ല പഞ്ചായത്ത് ജില്ലയിലെ കൃഷി ഭവനുകളിലൂടെ സൗജന്യമായി ചെണ്ടുമല്ലിത്തൈകൾ വിതരണം ചെയ്യുന്നുണ്ട്. ഓണത്തിന് പൂക്കളമൊരുക്കാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ വൻ വില കൊടുത്ത് വാങ്ങുന്ന നിലവിലെ സ്ഥിതി മറികടക്കാനും വരുമാനമാർഗമായും ഇത്തരം പദ്ധതികൾ മാതൃകയാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.