കയ്ച്ചിട്ടു കഴിക്കാൻ വയ്യെന്ന് പറഞ്ഞ് നാം ഒഴിവാക്കിക്കളയുന്ന പച്ചക്കറിയാണല്ലോ പാവയ്ക്ക. എന്നാൽ എത്ര പേർക്കറിയാം വളരെയധികം പോഷക-ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഈ പച്ചക്കറിയെന്ന്. ഇനി കയ്പുണ്ടെന്ന് പറഞ്ഞ് കഴിക്കാതിരിക്കേണ്ട. പാവയ്ക്ക ഇനത്തിൽ കയ്പില്ലാത്തവയുമുണ്ട്. പേര് കന്റോല. നമ്മുടെ മണ്ണിൽ കൃഷി ചെയ്യാത്തതുകൊണ്ടുതന്നെ അധികമാർക്കും അറിയില്ല. എന്നാൽ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് കന്റോലയുടെ കൃഷി വ്യാപകമായുളളതെങ്കിലും ഇപ്പോൾ കേരളത്തിലും പലരും കൃഷി ചെയ്തുവരുന്നുണ്ട്.
നല്ല സൂര്യപ്രകാശവും വിശാലവുമായ സ്ഥലം വേണം നടാനായി തെരഞ്ഞെക്കാൻ. പാവയ്ക്ക പന്തലുപോലെ പടര്‍ത്തുന്ന രീതിതന്നെയാണ് കന്റോലക്കും അനുയോജ്യം. ചാണകപ്പൊടിയും മണ്ണും ചകിരിച്ചോറും കമ്പോസ്റ്റും ഒരേ അനുപാതത്തില്‍ ചേർത്ത് നടീല്‍മിശ്രിതം ഉണ്ടാക്കണം. ചെടികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം നല്‍കി കുഴികളെടുക്കാം. നട്ടതിനുശേഷം നല്ല നനയും അത്യാവശ്യം സൂര്യപ്രകാശവും ഏറ്റിരിക്കണം. എന്നാല്‍ തടത്തിലൊരിക്കലും വെള്ളക്കെട്ട് ഉണ്ടാകാന്‍ പാടില്ല. വളർന്നുതുടങ്ങുമ്പോൾ തൈകള്‍ക്ക് പടരാനുളള സൗകര്യങ്ങളും ഒരുക്കണം.
നട്ടാല്‍ രണ്ടുമാസത്തിനുളളില്‍ ചെടികള്‍ പൂവിടുന്നതാണ്. നല്ല വിളവിന് കൃത്രിമപരാഗണം അത്യാവശ്യമാണ്. പരാഗണം നടന്ന് 10-12 ദിവസത്തിനകം വിളവെടുക്കാം. കായ്കള്‍ മൂക്കുമ്പോള്‍ മഞ്ഞ നിറമാകും. കൂടുതല്‍ പൂക്കളും കായ്കളും ഉണ്ടാകാനായി മൂന്നു ദിവസം കൂടുമ്പോള്‍ വിളവെടുക്കാം. വിളവെടുപ്പ് പൂര്‍ത്തിയായാല്‍ കിഴങ്ങുകള്‍ കിളച്ചെടുത്ത് ആണ്‍- പെണ്‍ കിഴങ്ങുകള്‍ വെവ്വേറെ സൂക്ഷിച്ച് അടുത്ത കൃഷിയ്ക്കായി ഉപയോഗിക്കാം. കന്റോലയുടെ കായകള്‍ മൂപ്പെത്തുന്നതിന് മുമ്പ് കറി വയ്ക്കാന്‍ ഉപയോഗിക്കാം. തോരന്‍, മെഴുക്കുപുരട്ടി, തീയല്‍ എന്നിവയുണ്ടാക്കാന്‍ ഇവ നല്ലതാണ്. കായ്കള്‍ ഉണക്കി കൊണ്ടാട്ടവുമാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.