ആലുവ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ തയാറാക്കിയി മഞ്ഞൾപൊടി
ആലുവ: 2020ൽ ശതാബ്ദി പിന്നിട്ട ആലുവയിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽനിന്ന് ഇനി ശുദ്ധമായ മഞ്ഞൾപൊടിയും ലഭിക്കും. കൃഷിവകുപ്പിന് കീഴിലുള്ള ഫാമിൽ തികച്ചും ജൈവരീതിയിൽ കൃഷിചെയ്ത് ഉൽപാദിപ്പിച്ചതാണ് മഞ്ഞൾപൊടി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ബുധനാഴ്ച രാവിലെ ഒമ്പതിന് ആലുവ ഫാമിൽ ഉൽപന്നം വിപണിയിൽ ഇറക്കും. 1919ൽ കൃഷി പാഠശാലയായി പ്രവർത്തനമാരംഭിച്ച വിത്തുൽപാദന കേന്ദ്രം 2012 മുതൽ ജൈവ സർട്ടിഫിക്കേഷനോടുകൂടിയാണ് പ്രവർത്തിച്ചുവരുന്നത്.
നെൽകൃഷി, ഇടവിളകൾ, നാടൻ പശുക്കൾ, മലബാറി ആടുകൾ, കുട്ടനാടൻ താറാവ്, കോഴി, മത്സ്യകൃഷി, മണ്ണിര കമ്പോസ്റ്റിങ് തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള സംയോജിത ജൈവകൃഷി രീതികളാണ് ഇവിടെ അനുവർത്തിച്ചുവരുന്നത്.
13.5 ഏക്കർ മാത്രം വിസ്തൃതിയുള്ള ഫാമിലെ ഒരിടവും തരിശായിക്കിടക്കരുതെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. രക്തശാലി, ഞവര, ചേറ്റാടി തുടങ്ങിയ പരമ്പരാഗത ഇനങ്ങൾ അടക്കമുള്ള നെൽവിത്ത് ഉൽപാദനം പ്രധാന ലക്ഷ്യമായ ഫാമിൽ മഞ്ഞളിന് പുറമേ റാഗി, എള്ള്, ചിയ എന്നിവയും ഇടവിളയായി ഈ സീസണിൽ കൃഷി ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഉൽപാദിപ്പിച്ച ഇനങ്ങളിൽ ചേറ്റാടി, ജപ്പാൻ വയലറ്റ് എന്നിവയുടെ വിത്തുകൾ ഇപ്പോഴും വിതരണത്തിനുണ്ട്. നെൽവിത്തുകൾക്ക് പുറമേ ഫാമിൽ ഉൽപാദിപ്പിക്കുന്ന ജൈവവളർച്ച ത്വരകങ്ങൾ, ജൈവ കീടനാശിനികൾ, നെല്ലിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, മത്സ്യം, മുട്ട, വെളിച്ചെണ്ണ, അസോള, എന്നിവയെല്ലാം ഇവിടെനിന്ന് ലഭ്യതയനുസരിച്ച് വിപണനം ചെയ്യാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.