ഇത് ‘മുറ’; ലാഭം ഗാരന്റി

കേരളത്തിന്റെ കാർഷികഭൂപടത്തിൽ കറുത്ത സ്വർണം എന്നറിയപ്പെടുന്നത് കുരുമുളകാണെങ്കിൽ ഹരിയാനയിലെ കർഷകർക്കിടയിൽ കറുത്ത സ്വർണം എണ്ണക്കറുപ്പഴകും ആകാരവും തലയെടുപ്പുമുള്ള മുറ ജനുസ്സ് പോത്തുകളും എരുമകളുമാണ്. മികച്ച തീറ്റപരിവര്‍ത്തന ശേഷിയും നല്ല വളര്‍ച്ചനിരക്കും ഏത് പരിസ്ഥിതിയോടും എളുപ്പം ഇണങ്ങുകയും ചെയ്യുന്നതിനാൽ മാംസോൽപാദനത്തിന് വേണ്ടി വളർത്താവുന്ന ഏറ്റവും മികച്ച പോത്തിനമാണ് മുറ. മാംസാഹാരപ്രിയർ കൂടുതലുള്ള കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള മുറ പോത്ത് വളര്‍ത്തല്‍ സംരംഭങ്ങള്‍ക്ക് മികച്ച സാധ്യതകളാണുള്ളത്. പരിമിത സൗകര്യങ്ങളില്‍ വളര്‍ത്താം എന്നതും പരിപാലന ചെലവ് കുറവാണെന്നുള്ളതും കാര്യമായ രോഗങ്ങളൊന്നും ഉരുക്കൾക്ക് പിടിപെടില്ലെന്നതും വലിയ അധ്വാനഭാരമില്ലെന്നതുമൊക്കെ പോത്ത് വളര്‍ത്തലിന്‍റെ അനുകൂലതകളാണ്. മുടക്കുമുതൽ രണ്ടും മൂന്നും ഇരട്ടി ആദായമാക്കി മടക്കിനല്‍കുന്നതും ലാഭം ഗാരന്റിയുള്ളതുമായ സംരംഭമാണ് മുറ പോത്ത് വളര്‍ത്തല്‍ എന്ന് ചുരുക്കം.

ആരംഭമുറ

നാലോ അഞ്ചോ പോത്തിന്‍കിടാക്കളെ വാങ്ങി സംരംഭം ആരംഭിക്കുന്നതാവും അഭികാമ്യം. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കൂടുതൽ അറിവും അനുഭവങ്ങളും സ്വായത്തമാക്കുകയും മികച്ച വിപണി കണ്ടെത്താന്‍ സാധിക്കുകയും ചെയ്താല്‍ ഘട്ടംഘട്ടമായി കൂടുതല്‍ ‍കിടാങ്ങളെ വാങ്ങി ഫാം വിപുലപ്പെടുത്താം.

അഞ്ച്-ആറ് മാസമെങ്കിലും പ്രായമെത്തിയ മുറ പോത്തിന്‍കിടാക്കളെ വാങ്ങുന്നതാണ് ഉത്തമം. ഈ പ്രായത്തില്‍ ശരാശരി 80-100 കിലോ ശരീരതൂക്കം കിടാക്കള്‍ക്കുണ്ടാകും. ഒരുവര്‍ഷം പ്രായമെത്തിയ മുറ കിടാക്കള്‍ക്ക് 150 കിലോ തൂക്കമുണ്ടാവും.

നാടന്‍ പോത്തുകളും, നാടൻ എരുമകളെ മുറ പോത്തുകളുമായി വർഗസങ്കരണം ചെയ്തുണ്ടായ സങ്കരയിനം പോത്തുകളും ധാരാളമായി നമ്മുടെ കാലിച്ചന്തകളില്‍ എത്തുന്നുണ്ട്. മുറ പോത്തിന്‍കിടാക്കളുടെ ശരീരതൂക്കം നാടന്‍ പോത്തുകള്‍ക്കുണ്ടാവില്ല. വളര്‍ച്ചനിരക്കും രോഗപ്രതിരോധ ശേഷിയുമെല്ലാം നാടന്‍ പോത്തുകള്‍ക്ക് കുറവായതിനാല്‍ സംരംഭകന് പ്രതീക്ഷിച്ച ആദായം കിട്ടില്ല. മുറ ഇനത്തില്‍പ്പെട്ട പോത്തിന്‍കുട്ടികളെ ലഭ്യമാക്കുന്ന നിരവധി ഏജന്‍സികള്‍ ഇന്ന് കേരളത്തിലുണ്ട്. തുടക്കക്കാർക്ക് വിശ്വാസയോഗ്യമായ ഇത്തരം ഏജന്‍സികളെ ആശ്രയിക്കാം.

പരിപാലനമുറ

പോത്തുകൾക്ക് യഥേഷ്ടം മേയാൻ സ്ഥലമുള്ള പ്രദേശം വേണം തിരഞ്ഞെടുക്കേണ്ടത്. വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കണം. മുഴുവന്‍ സമയവും തൊഴുത്തില്‍തന്നെ കെട്ടിയിട്ട് വളര്‍ത്തുന്ന രീതി പോത്തുകൃഷിക്ക് അഭികാമ്യമല്ല. ഭൂനിരപ്പിൽനിന്നും ഉയർന്ന, വെള്ളക്കെട്ടുണ്ടാവാത്ത സ്ഥലത്ത് വേണം തൊഴുത്ത്. തറനിരപ്പില്‍നിന്ന് നാലു മീറ്റര്‍ ഉയരത്തില്‍ വേണം മേല്‍ക്കൂര നിർമിക്കേണ്ടത്. ഓലമേഞ്ഞ് മുകളില്‍ സില്‍പോളിന്‍ വിരിച്ചോ അലൂമിനിയം ഷീറ്റുകൊണ്ടോ മേല്‍ക്കൂരയൊരുക്കാം.

ഫാമിനോട് ചേര്‍ന്ന് തരിശ് കിടക്കുന്ന നെൽപാടങ്ങൾ, തെങ്ങ്, കവുങ്ങ്, റബര്‍, തോട്ടങ്ങള്‍ എന്നിവയുണ്ടെങ്കില്‍ പകല്‍ മുഴുവന്‍ പോത്തുകളെ ഇവിടെ മേയാന്‍ വിടാം. മേച്ചില്‍പുറങ്ങളില്‍ പച്ചപ്പുല്ലിന് ക്ഷാമമുള്ള സാഹചര്യത്തിൽ തീറ്റപ്പുല്‍കൃഷിയെ ആശ്രയിക്കേണ്ടിവരും. തീറ്റപ്പുല്ലടക്കമുള്ള പരുഷാഹാരങ്ങള്‍ക്ക് പുറമെ പിണ്ണാക്കും തവിടും ധാന്യങ്ങളും സമാസമം ചേര്‍ത്ത് തീറ്റമിശ്രിതം തയാറാക്കി ഒരു പോത്തിന് ശരീരതൂക്കത്തിന്റെ അടിസ്ഥാനത്തിൽ 1-2 കിലോ വരെ സാന്ദ്രീകൃതാഹാരമായി ദിവസവും നല്‍കണം. പുളിങ്കുരുപ്പൊടി, ചോളപ്പൊടി, മരച്ചീനിപ്പൊടി തുടങ്ങിയവ ഒറ്റക്കോ മിശ്രിതമായോ ഒന്ന് മുതൽ ഒന്നര കിലോഗ്രാം വരെ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ വളര്‍ച്ച വേഗത്തിലാവും. അതോടൊപ്പം തീറ്റയിൽ ദിനംപ്രതി 25-30 ഗ്രാം ധാതു ജീവക മിശ്രിതം ഉൾപ്പെടുത്തണം.

ആരോഗ്യമുറ

നാടവിരകള്‍, പത്രവിരകള്‍, ഉരുളന്‍ വിരകള്‍ എന്നിങ്ങനെ പോത്തുകളുടെ ശരീരത്തില്‍ കയറിക്കൂടുന്ന പരാദങ്ങള്‍ ഏറെയുണ്ട്. പോത്തിൻകുട്ടികളുടെ സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന പാരാകൂപ്പേറിയ എന്ന ഉരുണ്ട വിരകളും ഫാഷിയോള എന്ന കരൾ കൃമികളും മറുനാട്ടിൽനിന്നെത്തുന്ന പോത്തുകളിൽ വ്യാപകമാണ്. വിളർച്ചയാണ് ഇതിന്റെ പ്രധാന ലക്ഷണം. പോത്തിനെ ഫാമിലെത്തിച്ച് മൂന്നോ നാലോ ദിവസത്തിനകം ആന്തര പരാദങ്ങളെയും ബാഹ്യപരാദങ്ങളെയും നശിപ്പിക്കാനുള്ള വിരമരുന്നുകൾ നൽകണം.

മൂന്നാഴ്ച കഴിഞ്ഞ് ഒരിക്കൽകൂടി വിരമരുന്ന് നൽകണം. പിന്നീട് എല്ലാമാസവും കൃത്യമായി വിരമരുന്ന് നല്‍കണം. കുളമ്പുരോഗം തടയാനുള്ള പ്രതിരോധ കുത്തിവെപ്പ് പോത്തിൻകിടാക്കൾക്ക് നൽകണം. ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമെങ്കിൽ കുരലടപ്പൻ രോഗം തടയാനുള്ള പ്രതിരോധ കുത്തിവെപ്പും നൽകാം. പോത്തുകൾക്ക് മേനി തണുപ്പിക്കാൻ ഫാമുകളോട് ചേർന്ന് ജലാശയങ്ങളോ വെള്ളക്കെട്ടുകളോ ഉണ്ടെങ്കിൽ ഏറെ അഭികാമ്യമാണ്‌. അതല്ലെങ്കിൽ ഫാമിനോട് ചേർന്ന് പോത്തിന് മുങ്ങിക്കിടക്കാൻ പാകത്തിന് കൃത്രിമ ജലാശയങ്ങളോ കോൺക്രീറ്റ് ടാങ്കുകളോ പണികഴിപ്പിക്കണം. ഇനി ഇതിനൊന്നും സാഹചര്യമില്ലെങ്കിൽ ദിവസം മൂന്നോ നാലോ തവണ പോത്തുകളുടെ ശരീരത്തിൽ നന്നായി വെള്ളം നനച്ച് നൽകണം. കൃത്രിമ ടാങ്കുകൾ ഒരുക്കുമ്പോൾ വെള്ളം നിത്യവും മാറ്റാനും ശുചിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

ലാഭമുറ

പോത്തുകള്‍ 14 മാസം പ്രായമെത്തുന്നത് വരെ ദിനംപ്രതി 700 ഗ്രാം മുതല്‍ 1200 ഗ്രാം വരെ വളരും എന്നാണ് കണക്ക്. മികച്ച പരിപാലനം നല്‍കിയാല്‍ ഒന്നര വയസ്സ് പ്രായമെത്തുമ്പോള്‍ 250 കിലോയും രണ്ട് വയസ്സ് പ്രായമെത്തുമ്പോള്‍ 450-500 കിലോയുമുണ്ടാകും. പോത്തിന് മോഹവില ലഭിക്കുന്ന അവസരങ്ങള്‍ മുന്‍കൂട്ടി കണ്ട് ഇടനിലക്കാരെ ഒഴിവാക്കി പോത്തിനെ വിപണിയിലെത്തിക്കുന്നതിലാണ് സംരംഭകന്‍റെ ലാഭവും നേട്ടവും എന്നത് മറക്കരുത്.

Tags:    
News Summary - There is great potential for commercial mura buffalo rearing ventures in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.