പോളിയോ രോഗം ബാധിച്ച ആട്
നല്ല ആരോഗ്യമുള്ള ആടുകൾ പെട്ടെന്ന് കൈകാലുകളുടെ ബലം കുറഞ്ഞ് വേച്ചുവേച്ചു നടക്കുക, നടക്കുന്നതിനിടെ നിലതെറ്റി വീണ് തറയില്‍ കൈകാലുകളിട്ടടിച്ച് പിടയുക, കുഴഞ്ഞുവീണ് ഒരുവശം തളർന്ന് കിടപ്പിലാവുക ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ മിക്ക ആടുകർഷകരും ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാവാം. ആടുകളെ ബാധിക്കുന്ന അപര്യാപ്തതാരോഗങ്ങളില്‍ ഏറ്റവും പ്രധാനമായ പെം (പി.ഇ.എം) എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന പോളിയോ എന്‍സഫലോ മലേഷ്യ എന്ന രോഗത്തിന്റെ ലക്ഷണങ്ങൾ ആണിതെല്ലാം.
ആടുകളിലെ പോളിയോ, ആടുവാതം എന്നീ പേരുകളിൽ കർഷകർക്കിടയിൽ ഈ രോഗം പരിചിതം. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ തയാമിൻ എന്ന ബി.1 വൈറ്റമിന്റെ പെട്ടെന്നുണ്ടാവുന്ന അപര്യാപ്തതയാണ് രോഗത്തിന് വഴിയൊരുക്കുന്നത്. ഏത് കാലാവസ്ഥയിലും ആടുകളിൽ വാതരോഗം ഉണ്ടാവാമെങ്കിലും മഴക്കാലത്ത് സാധ്യത കൂടുതലാണ്.
നാല് മാസം മുതൽ മൂന്ന് വര്‍ഷം വരെ പ്രായമുള്ള ആടുകളിലാണ് കൂടുതല്‍ രോഗസാധ്യത. തീറ്റയില്‍ പെട്ടെന്ന് വരുത്തുന്ന മാറ്റങ്ങള്‍ മൂലമുണ്ടാവുന്ന ദഹനക്കേടും അന്നജം കൂടുതൽ അടങ്ങിയ തീറ്റകള്‍ നല്‍കുമ്പോള്‍ ഉണ്ടാവാന്‍ ഇടയുള്ള ആമാശയത്തിലെ ഉയർന്ന അമ്ലത്വവും ആമാശയ അറയായ റൂമനിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കള്‍ നശിക്കുന്നതുമാണ് രോഗത്തിന് പ്രധാനമായും വഴിയൊരുക്കുന്നത്. ആടിനാവശ്യമായ തയാമിൻ ജീവകം ഉൽപാദിപ്പിക്കപ്പെടുന്നത് ഈ മിത്രാണുക്കളുടെ പ്രവര്‍ത്തനഫലമായാണ്. ഈ മിത്രാണുക്കൾ നശിക്കുന്നതോടെ തയാമിൻ ഉൽപാദനം നിലക്കുകയും തയാമിനെ ആശ്രയിക്കുന്ന ഉപാപചയ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യും.
സ്ഥിരമായി അമിതമായ അളവിൽ പച്ച പ്ലാവില തീറ്റയായി നല്‍കുന്നതും കാച്ചിൽ ഇല നൽകുന്നതും വയല്‍ക്കരയിലും മറ്റും വളരുന്ന പന്നല്‍ച്ചെടികള്‍ ആടിന് നല്‍കുന്നതും രോഗത്തിന് ഇടയാക്കും. തീറ്റയിലെ പൂപ്പല്‍ വിഷബാധയും മിത്രാണുക്കളെ നശിപ്പിക്കും. നാരളവ് കൂടിയ തീറ്റ കഴിച്ചിരുന്ന ആടുകൾ മഴക്കാലത്തിന്റെ തുടക്കത്തിൽ ജലാംശം കൂടിയതും നാരളവ് കുറഞ്ഞതുമായ ഇളം പുല്ലുകൾ കൂടുതലായി കഴിക്കുന്നതും തയാമിൻ ഉൽപാദനം കുറക്കും.
നല്ല ആരോഗ്യമുള്ള ആടുകളിൽ ഞൊടിയിടയിലാണ് പോളിയോ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. പൂർണമായോ ഭാഗികമായോ കാഴ്ചമങ്ങൽ, ഉറക്കെയുള്ള കരച്ചിൽ, കണ്ണിലെ കൃഷ്ണമണിയുടെ തുടര്‍ച്ചയായ പിടയൽ, പല്ലുകള്‍ തുടര്‍ച്ചയായി ഞെരിക്കൽ, തല നേരേ പിടിക്കാന്‍ കഴിയാതെ ഇരുവശങ്ങളിലേക്കും വെട്ടിക്കൊണ്ടിരിക്കൽ, വേച്ച് വേച്ചുള്ള നടത്തം, നടക്കുന്നതിനിടെ നിലതെറ്റി വീഴൽ, പേശീവിറയൽ, തറയില്‍ വീണ് കൈകാലുകളിട്ടടിച്ച് പിടയല്‍, കഴുത്തു വളച്ച് തോളിനോട് ചേർത്തുവെച്ച് കിടക്കൽ എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങള്‍. രോഗതീവ്രത കൂടുന്നതിനനുസരിച്ച് ലക്ഷണങ്ങളിലും പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടാവും.
തറയിൽ പിടഞ്ഞുവീണ് കിടപ്പിലാവുന്ന ആടുകൾ ശരീരത്തിന്റെ ഒരുവശം ചേര്‍ന്ന് മാത്രമേ കിടക്കുകയുള്ളു. മറുവശത്തേക്ക് മാറ്റിക്കിടത്തിയാല്‍ പെട്ടെന്ന് തന്നെ പിടഞ്ഞ് ആദ്യം കിടന്ന രൂപത്തിലാവുകയും ചെയ്യും. രോഗലക്ഷണങ്ങള്‍ ശ്രദ്ധയിൽപെട്ടാൽ ഉടനടി ഡോക്ടറുടെ സേവനം തേടണം. കൃത്യമായ ചികിത്സകൾ നല്‍കിയാല്‍ 2-3 മണിക്കൂറിനുള്ളില്‍ ആടുകള്‍ പൂർണാരോഗ്യം വീണ്ടെടുക്കും. തയാമിൻ എന്ന ജീവകം സിരകളിലും പേശികളിലും കുത്തിവെച്ച് ജീവക അപര്യാപ്‌തത പരിഹരിക്കുന്നതാണ് പ്രധാന ചികിത്സ. ഒപ്പം തലച്ചോറിലെ നീർക്കെട്ട് ഒഴിവാക്കുന്നതിനുള്ള ചികിത്സയും വേണ്ടതുണ്ട്.
ശാസ്ത്രീയമായ തീറ്റക്രമം പാലിക്കുക എന്നതാണ് പ്രധാനം. ഉയർന്ന ശതമാനം നാരടങ്ങിയ തീറ്റപ്പുല്ലും വൃക്ഷയിലകളും ഉൾപ്പെടെയുള്ള തീറ്റകളാണ് ആടിന് പ്രധാനമായും നൽകേണ്ടത്. ധാന്യസമൃദ്ധമായ സാന്ദ്രീകൃതാഹാരങ്ങൾ അധിക അളവിൽ നിത്യവും നൽകുന്നത് ഒഴിവാക്കണം. സ്ഥിരമായി നല്‍കുന്ന തീറ്റയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുത്തുന്നത് ഒഴിവാക്കണം. അന്നജ പ്രധാനമായതും പെട്ടെന്ന് ദഹിക്കുന്നതുമായ കഞ്ഞി, ചോറ് പോലുള്ള തീറ്റകൾ ആടിന് നല്‍കരുത്.
മൂന്നുമാസം വരെ പ്രായമുള്ള ആട്ടിൻ കുട്ടികൾക്ക് തയാമിൻ അടങ്ങിയ ഗ്രോവിപ്ലക്‌സ്, പോളിബയോൺ, സിങ്കോവിറ്റ് തുടങ്ങിയ ജീവക മിശ്രിതങ്ങൾ നൽകുന്നത് ഫലപ്രദമാണ്. പ്ലാവില അധികമായി നിത്യവും ആടുകൾക്ക് നൽകുന്നതും പലപ്പോഴും ഈ രോഗത്തിന് കാരണമാവാറുണ്ട്. പ്ലാവിലക്കൊപ്പം പരുഷാഹാരമായി മറ്റ് വൃക്ഷയിലകളും തീറ്റപ്പുല്ലും ഉൾപ്പെടുത്താൻ കർഷകർ ശ്രദ്ധിക്കണം. വിപണിയിൽ ലഭ്യമായ ഫീഡ് അപ് യീസ്റ്റ്, പി ബയോട്ടിക്സ്, എക്കോട്ടാസ് പോലുള്ള മിത്രാണുമിശ്രിതങ്ങൾ ആടുകളുടെ തീറ്റയിൽ ഉൾപ്പെടുത്തുന്നത് ഏറെ ഫലപ്രദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.