പ്രി​ൻ​സി​യും കു​ടും​ബ​വും കൃ​ഷി ഓ​ഫി​സ​ർ പി. ​സാ​ജി​ദ​ലി​ക്കൊ​പ്പം

തേനീച്ച കൃഷിയുടെ വിജയവഴിയിൽ പ്രിൻസി

കല്ലടിക്കോട്: തേനീച്ച കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് പ്രിൻസി. പാലക്കാട് ജില്ലയിലെ ഏറ്റവും മികച്ച തേനീച്ച കർഷകക്കുള്ള പുരസ്കാരം നേടിയ പ്രിൻസി കഴിഞ്ഞദിവസം കേരള വിദ്യുച്ഛക്തി മന്ത്രി കെ. കൃഷ്ണൻകുട്ടിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. ചെറിയതോതിലാണ് കരിമ്പ അയ്യപ്പൻകോട്ട ജെ.വി.എം ഭവനിലെ പ്രിൻസി തേനീച്ച കൃഷി ആരംഭിച്ചത്. ഭർത്താവിന്റെയും അച്ഛന്റെയും പിന്തുണയോടെയായിരുന്നു കൃഷി. നിലവിൽ 1700 തേനീച്ച കോളനികളും 60 ചെറുതേനീച്ച പെട്ടികളുമാണ് പ്രിൻസിക്ക് ഉള്ളത്. തേനീച്ചകളെ ഭയക്കേണ്ടതില്ല, അൽപം അധ്വാനവും ക്ഷമയുമുണ്ടെങ്കിൽ ആർക്കും തേനീച്ച വളർത്തൽ മികച്ച വിജയത്തിലെത്തിക്കാൻ സാധിക്കുമെന്ന് സ്വന്തം അനുഭവത്തിലൂടെ പറഞ്ഞുതരുകയാണ് പ്രിൻസി. 15 വർഷത്തോളമായി മികച്ച രീതിയിൽ തേനീച്ച കൃഷി തുടങ്ങിയിട്ട്. ഏറ്റവും ഗുണമേന്മയുള്ള തേനും മൂല്യ വർധിത ഉൽപന്നങ്ങളും ഉണ്ടാക്കി വിൽക്കുകയും ചെയ്യുന്നുണ്ട്. കരിമ്പ ഇക്കോ ഷോപ്പിലും കുടുംബശ്രീ സ്റ്റാളുകളിലും ഓൺലൈനായും ഈ കുടുംബിനി വിപണനം നടത്തുന്നുണ്ട്.

ചെറുതേൻ വളർത്താൻ പ്രത്യേക പരിചരണത്തിന്റെ ആവശ്യമില്ലെന്ന് പ്രിൻസി പറയുന്നു. ആദ്യകാലഘട്ടങ്ങളിൽ ഒരു മുൻകരുതലുകളും ഉപയോഗിക്കാതെയാണ് കർഷകർ തേനീച്ചകളെ കൈകാര്യം ചെയ്തിരുന്നത്. ഇന്ന് എല്ലാവിധ സുരക്ഷ ഉപകരണങ്ങളും ലഭ്യമായ സ്ഥിതിക്ക് ആർക്ക് വേണമെങ്കിലും തേനീച്ച വളർത്തലിലേക്ക് എളുപ്പത്തിൽ കടന്നുവരാമെന്നും പ്രിൻസി പറയുന്നു. കൃഷി വകുപ്പിന് കീഴിലെ ജൈവഗൃഹം പദ്ധതിയുടെ ഗുണഭോക്താവായ പ്രിൻസി തേനീച്ച കൃഷിക്ക് പുറമെ കോഴി വളർത്തലും വിവിധ ഇനം പച്ചക്കറി കൃഷിയും ചെയ്തുവരുന്നു. കാർഷിക മേഖലയിലുള്ളവർക്ക്, പ്രത്യേകിച്ചും വനിതകൾക്ക് പ്രിൻസി മാതൃകയാണെന്നും അർഹതക്കുള്ള അംഗീകാരമാണ് കിട്ടിയിരിക്കുന്നതെന്നും കൃഷി ഓഫിസർ പി. സാജിദലി പറഞ്ഞു.

Tags:    
News Summary - Princy on the successful path of beekeeping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.