ജാതി: നേട്ടം കൂട്ടാൻ ഇതാണ് വഴി

വരുമാനം തരുന്ന ജാതികൃഷിക്ക് യോജിച്ച ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് കേരളത്തിലേത്. വിവിധ സംസ്ഥാനങ്ങളിൽ 16,400 ഹെക്ടര്‍ സ്ഥലത്ത് ജാതി കൃഷിയുണ്ട്. ഇതില്‍ മുന്‍നിരയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, അന്തമാൻ ദ്വീപുകള്‍ എന്നിവയാണ്. കേരളത്തിൽ പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം വരെ ജാതികൃഷി വ്യാപിച്ചുകിടക്കുന്നു. തീരപ്രദേശങ്ങളില്‍ കൂടുതല്‍ കൃഷിയുണ്ട്. സ്ഥലവിസ്തൃതിയിലും ഉല്‍പാദനത്തിലും കേരളമാണ് മുന്നില്‍.

ബഡ് തൈകൾ

ജാതി വാണിജ്യമായി കൃഷി ചെയ്യുകയാണെങ്കിൽ ബഡ് തൈകളാണ് അനുയോജ്യം. നല്ല വിളവുള്ള മാതൃവൃക്ഷങ്ങളില്‍നിന്ന് ബഡ് തൈകള്‍ തയാറാക്കാം. ഒരുവര്‍ഷത്തോളം പ്രായമായ ബഡ് ജാതി തൈകള്‍ കൃഷിക്ക് ഉപയോഗിക്കാം. തനിവിളയായി കൃഷി ചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ 30 അടി അകലം വേണം. നാലു തെങ്ങിന് നടുവില്‍ ഒന്ന് എന്ന രീതിയില്‍ തെങ്ങിന് ഇടവിളയായും നടാം. ചെടി നടാന്‍ കാലവര്‍ഷാരംഭമാണ് അനുയോജ്യം. മഴ കഴിയുന്നതോടെ തണല്‍ നല്‍കി നേരിട്ടുള്ള സൂര്യപ്രകാശത്തില്‍നിന്ന് തൈകളെ സംരക്ഷിക്കണം. ജലാംശം നിലനിര്‍ത്താൻ നന്നായി പുതയിടണം. ചകിരിത്തൊണ്ട് ചുവട്ടില്‍ അടുക്കിയും ജലാംശം നിലനിര്‍ത്താം. അധികം മണ്ണിളക്കാതെ വളങ്ങള്‍ ചുവട്ടിലിട്ട് നല്ല കനത്തില്‍ പുതയിടണം. ജാതി വളരുന്നതിന് അനുസരിച്ച് ചുവട്ടിലെ ഒരുനിര ചില്ല വെട്ടിനീക്കണം.

തണൽ വേണം

എക്കല്‍ കലര്‍ന്ന മണ്ണാണ് കൃഷിക്ക് കൂടുതല്‍ അനുയോജ്യം. കൃഷി ചെയ്യുന്ന മണ്ണില്‍ ധാരാളം ജൈവാംശവും ജലാംശവും ആവശ്യമാണ്. മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കരുത്. കുറച്ചു തണലുള്ള താഴ്‌വര, പുഴയോരങ്ങളിലെ എക്കല്‍മണ്ണ് തുടങ്ങിയവയില്‍ ജാതി നന്നായി വളരും. നന്നായി നനക്കണം. അതിനാൽ ജലസേചന സൗകര്യമുള്ള തെങ്ങിന്‍തോപ്പിലും കവുങ്ങിന്‍തോപ്പിലും മികവോടെ വളരുന്നു. നേരിട്ടടിക്കുന്ന വെയിലിനേക്കാള്‍ അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ് അനുയോജ്യം. അതിനാലാണ് ഇടവിളയായി ചെയ്യുന്ന ജാതിയില്‍നിന്ന് കൂടുതല്‍ വിളവ് ലഭിക്കുന്നത്. തണല്‍ ആവശ്യമായതിനാൽ തനിവിളയായാണ് കൃഷിയെങ്കില്‍ ശീമക്കൊന്ന, മുരുക്ക്, സുബാബുള്‍, വാക തുടങ്ങിയവ നടാം.

വിളവിന്

ഒന്നാംവര്‍ഷം ഓരോ ചെടിക്കും 10 കിലോ കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ക്കണം. ഇതു വർഷംതോറും കൂട്ടണം. നനക്കാന്‍ സൗകര്യമുണ്ടെങ്കിൽ കൂടുതല്‍ തവണകളായി വളം നല്‍കുന്നത് വിളവ് കൂട്ടും. നന്നായി ശുശ്രൂഷിച്ചാല്‍ ഏഴാംവര്‍ഷം മുതല്‍ വിളവെടുക്കാം. ഏതു സമയത്തും കുറേ കായ്കള്‍ ഉണ്ടാവുമെങ്കിലും ഡിസംബര്‍, മേയ്, ജൂണ്‍, ജൂലൈ സമയത്താണ് കായ്കള്‍ കൂടുതലുണ്ടാവുക. ഒന്നിച്ച് പൂവുണ്ടാവാത്തതിനാല്‍ വിളവെടുപ്പും പല തവണയാക്കണം.

കായ്കള്‍ പറിച്ച് വിത്തുകള്‍ ശേഖരിക്കുന്നതിന്റെ കൂടെ ജാതിപത്രിയും ശേഖരിച്ച് ഉണക്കിയെടുക്കണം. ഒരാഴ്ചകൊണ്ട് ജാതിക്ക ഉണങ്ങിക്കിട്ടും. ഇടക്ക് വീണ്ടും ഉണക്കണം. പുകയേക്കാള്‍ വെയിലില്‍ ഉണക്കുന്നതാണ് നല്ലത്. ജാതിപത്രി ഉണങ്ങുമ്പോള്‍ നല്ല ചുവപ്പ് നിറം കിട്ടും. നല്ല നിറമുള്ള ജാതിപത്രിക്ക് നല്ല വിലയും കിട്ടും. ഉണങ്ങിയ 150ഓളം കായ്കള്‍ക്ക് ഒരു കിലോ ഭാരമുണ്ടാവും. നല്ല ജാതിപത്രിക്ക് കിലോക്ക് 800 രൂപയോളം ലഭിക്കും. ജാതിക്കക്ക് 250-300 രൂപയാണ് സാധാരണ ലഭിക്കാറുള്ളത്.

പെൺമരങ്ങളാക്കാം

ജാതിയില്‍ ആണ്‍-പെണ്‍ വൃക്ഷങ്ങളുണ്ട്. പെണ്‍മരം മാത്രമേ ഫലം തരുകയുള്ളൂ. വിത്ത് മുളച്ച് തൈകളായി വര്‍ഷങ്ങള്‍ക്കു ശേഷം പൂവിടുമ്പോഴാണ് ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാവുക. നാടന്‍ ജാതിയാണെങ്കിൽ ആണാണെങ്കിൽ വെട്ടിക്കളയുകയാണ് സാധാരണ ചെയ്യുക. എന്നാല്‍, ടോപ് വര്‍ക്കിങ്, ബഡിങ് എന്നിവ നടത്തി ലിംഗമാറ്റത്തിലൂടെ ഇവ മാറ്റിയെടുക്കാം. കൂടുതലുള്ള ആണ്‍മരങ്ങള്‍ വെട്ടിക്കളയാതെ അവയെ പെണ്‍മരങ്ങളാക്കി മാറ്റാം.

ടോപ് വര്‍ക്കിങ് നടത്തി ലിംഗഭേദം വരുത്താൻ ആദ്യം മരത്തിന്റെ ഒന്നോ രണ്ടോ ശാഖകള്‍ ഒഴിച്ച് ബാക്കി മുറിച്ചുമാറ്റണം. ശേഷം വരുന്ന പുത്തന്‍ശാഖയില്‍ നല്ല വിളവ് തരുന്ന പെണ്‍ജാതിയില്‍നിന്നെടുത്ത നാമ്പുപയോഗിച്ച് പാച്ച്ബഡിങ്ങോ വശംചേര്‍ത്തൊട്ടിക്കലോ ചെയ്ത് ലിംഗമാറ്റം നടത്താം. വിളവ് കുറഞ്ഞ മരങ്ങളിലും ഇത്തരത്തില്‍ ടോപ് വര്‍ക്ക് ചെയ്ത് വിളവ് കൂട്ടാം.

രോഗം

മൂപ്പെത്തുംമുമ്പ് കായ്കള്‍ വിണ്ടുപൊട്ടി പൊഴിഞ്ഞുവീഴുന്നതാണ് പ്രധാന രോഗം. അശാസ്ത്രീയ വളപ്രയോഗം വഴി മണ്ണിലെ പൊട്ടാസ്യം കുറയുന്നതും കായ് പൊഴിച്ചിലിനു കാരണമാവുന്നു. ചൂടു കൂടുമ്പോഴും നനകുറയുമ്പോഴും കുമിള്‍ബാധ വരുമ്പോഴും കായ് പൊഴിയാം.

മണ്ണു പരിശോധിച്ച് ബോറോണിന്റെ അഭാവം സ്ഥിരീകരിച്ച് മരമൊന്നിന് 50 ഗ്രാം, 100 ഗ്രാം ബോറാക്‌സ് മണ്ണില്‍ ചേർക്കുകയോ ബോറിക്ക് ആസിഡ് അല്ലെങ്കില്‍ ബോറാക്‌സ് രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കുകയോ ആണ് പ്രതിവിധി.

Tags:    
News Summary - Nutmeg: This is the way to increase gain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.