നെടുങ്കണ്ടം: കാര്‍ഷിക മേഖലയുടെ നട്ടെല്ലായിരുന്ന വൃക്ഷ സുഗന്ധവിളയായ ജാതിക്കയും കര്‍ഷകരെ കൈവിടാനൊരുങ്ങുന്നു. കാലാവസ്ഥാ വ്യതിയാനത്താല്‍ ഉൽപാദനം കുറഞ്ഞ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ് ജാതി കൃഷി.

ആഭ്യന്തര, രാജ്യാന്തര വിപണികളില്‍ വന്‍ ഡിമാന്‍റുണ്ടായിരുന്ന സുഗന്ധവിളയാണ് ജാതിക്കയും ജാതിപത്രിയും. 2018ലെ പ്രളയ ശേഷം ഹൈറേഞ്ചിലെ ജാതിമരങ്ങള്‍ കായ്ഫലം തരുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. കാലാവസ്ഥാ വ്യതിയാനത്തില്‍ ഉൽപാദനം കുറഞ്ഞതോടെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് ജാതി കര്‍ഷകര്‍.




 ഒരു കാലത്ത് ഹൈറേഞ്ചിലെ മലമടക്കുകളില്‍ ഏലവും കാപ്പിയും കുരുമുളകും കഴിഞ്ഞാല്‍ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്നു ജാതി കൃഷി. അക്കാലത്ത് ഒരു വിളവെടുപ്പിന് 1000 മുതല്‍ 2000 കിലോ വരെ ജാതി ലഭിച്ചിരുന്നു. എന്നാൽ ആ തോട്ടങ്ങളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്നത് 50 കിലോയില്‍ താഴെ മാത്രമാണ്.

2018ലെ മഹാപ്രളയത്തിന് ശേഷമാണ് വിളവ് ക്രമാതീതമായി കുറഞ്ഞതെന്നാണ് കര്‍ഷകരുടെ അഭിപ്രായം. ഇപ്പോള്‍ ജാതിമരങ്ങള്‍ പൂക്കുന്നുണ്ടെങ്കിലും കായ പിടിക്കുന്നില്ല. ഇതോടെ കൃഷി വന്‍ നഷ്ടത്തിലാണ്. ജാതി മരങ്ങള്‍ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിയാനൊരുങ്ങുകയാണ് മിക്ക കര്‍ഷകരും.




 ഹൈറേഞ്ച് മേഖലകളിലെ ഹെക്ടര്‍ കണക്കിന് സ്ഥലത്തെ കൃഷിയാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ഹൈറേഞ്ചില്‍ കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, ഇരട്ടയാര്‍, രാജകുമാരി, രാജാക്കാട്, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലാണ് പ്രധാനമായും ജാതി കൃഷിയുള്ളത്. ജാതി ചെടികള്‍ക്ക് പരിചരണം കുറച്ചു മതിയെന്നതും വിളവെടുപ്പ് ആയാസരഹിതമായി നടത്താമെന്നതും കര്‍ഷകരെ ജാതി കൃഷിയിലേക്ക് കൂടുതല്‍ അടുപ്പിച്ചിരുന്നു.

ഹൈറേഞ്ചിലെ പ്രത്യേക കാലാവസ്ഥയില്‍ വിളയുന്ന ജാതിക്കക്കും ജാതിപത്രിക്കും അന്താരാഷ്ട്ര വിപണികളില്‍ വന്‍ ഡിമാന്‍റാണ്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ജാതിയുടെ ഭൂരിഭാഗവും ഗള്‍ഫ് നാടുകളിലേക്കായിരുന്നു കയറിപ്പോയിരുന്നത്.




 സുഗന്ധദ്രവ്യ വ്യവസായത്തിനും സൗന്ദര്യ വർധക തൈലങ്ങളിലും മാത്രമല്ല എരിവും കയ്പ്പും മധുരവും കലര്‍ന്ന സ്വാദുള്ള ജാതിക്കയും പത്രിയും കറിമസാല കൂട്ടുകളിലെയും ബേക്കറി ഉല്‍പ്പന്നങ്ങളിലെയും പ്രധാന ചേരുവയാണ്.

ഹൈറേഞ്ചിലെ കൃഷികള്‍ ഓരോന്നായി പടിയിറങ്ങുന്നതിനു പിന്നാലെ ജാതി കൃഷിയും കര്‍ഷകരെ കൈയ്യൊഴിയുമോ? 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.