പ്രതീകാത്മക ചിത്രം
കാർഷിക മേഖല ഉത്സവാഘോഷങ്ങളിൽ അമർന്നതിനാൽ മുഖ്യ വിപണികളിലേക്കുള്ള ഉൽപന്ന നീക്കത്തിൽ കുറവുണ്ടായി. വ്യവസായികളും കയറ്റുമതി മേഖലയും ഒഴിവുദിനങ്ങൾ ആസ്വദിക്കാൻ രംഗം വിട്ടതോടെ ഉൽപന്ന വിപണികൾ പലതും മ്ലാനതയിൽ. മൂപ്പ് കുറഞ്ഞ കുരുമുളക് വിളവെടുപ്പിന് ഒരുവിഭാഗം കർഷകർ കാണിച്ച ഉത്സാഹം ചെറുകിട വ്യവസായികൾക്ക് ആശ്വാസമായി. അച്ചാർ നിർമാണത്തിന് ആവശ്യമായ മൂപ്പ് കുറഞ്ഞ കുരുമുളകിന് മുൻ വർഷത്തെക്കാൾ കൂടുതൽ അന്വേഷണങ്ങൾ എത്തിയെന്നാണ് വിവരം. ഡിമാൻറ് ശക്തമെങ്കിലും വ്യവസായികളുടെ ആവശ്യത്തിന് അനുസൃതമായി പച്ചക്കുരുമുളക് ലഭിക്കുന്നില്ല.
നവംബറിൽ കിലോ 185 രൂപയിൽ വ്യാപാരം നടന്ന മൂപ്പ് കുറഞ്ഞ പച്ചക്കുരുമുളക് വില ഇതിനകം 225 ലേക്ക് കയറി. വിലക്കയറ്റത്തിന് വേഗതയേറുന്നത് കണ്ട് ഇടുക്കി, വയനാട് മേഖലയിലെ ചെറുകിട കർഷകർ ഉയർന്ന വിലക്കുവേണ്ടി മുളകിൽ പിടിമുറുക്കിയത് വാങ്ങലുകാരെ അസ്വസ്ഥരാക്കി. അധികം വൈകിയാൽ മുളകന്റെ മൂപ്പിൽ മാറ്റം സംഭവിക്കുമെന്നതിനാൽ അച്ചാർ നിർമിക്കാൻ പറ്റാത്ത അവസ്ഥയാവും.
അൺ ഗാർബിൾഡ് മുളക് വില കിലോ 699 രൂപയിലേക്ക് കയറിയത് പച്ചക്കുരുമുളക് വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. പല ഭാഗങ്ങളിലും ഉൽപാദനം ഈ വർഷം കുറവാണ്. കാലാവസ്ഥ വ്യതിയാനം തന്നെയാണ് വിളവ് ചുരുങ്ങാൻ ഇടയാക്കിയത്. ഇതിനിടയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് മികച്ചയിനം കുരുമുളകിന് ഡിമാൻറ് ഉയർന്നത് തുടർച്ചയായ രണ്ടാം വാരത്തിലും ഉൽപന്ന വില ഉയർത്തി. ഗാർബിൾഡ് മുളക് വില കിലോ 719 രൂപയായി കയറി. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 8250 ഡോളർ.
*** *** *** ***
തമിഴ്‌നാട്ടിൽ നാളികേരോൽപന്നങ്ങൾ കനത്ത വില തകർച്ചക്കുശേഷം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ക്രിസ്‌മസ് വേളയിൽ കേരളത്തിൽനിന്ന് വെളിച്ചെണ്ണക്ക് ആവശ്യം ചുരുങ്ങിയത് അയൽ സംസ്ഥാനത്ത വൻകിട മില്ലുകാരെ സമ്മർദത്തിലാക്കി. ഇനി എല്ലാ പ്രതീക്ഷകളും വർഷാരംഭ ഡിമാൻറ്റിലാണ്. പുതുവത്സരവേളയിൽ പ്രദേശിക വിപണികളിൽ എണ്ണക്ക് കൂടുതൽ ആവശ്യക്കാർ എത്തുമെന്ന നിഗമത്തിലാണ് കാങ്കയത്തെ മില്ലുകാർ.
തമിഴ്‌നാട്ടിൽ വെളിച്ചെണ്ണ 22,550 രൂപയിലും കൊപ്ര 16,450 രൂപയിലുമാണ്. അതേസമയം കൊച്ചിയിൽ എണ്ണവില 31,700 ലും കൊപ്ര 18,750 രൂപയിലും വാരാന്ത്യം ഇടപാടുകൾ നടന്നു. ഇറക്കുമതി പാചകയെണ്ണ വിലകൾ താഴ്‌ന്ന റേഞ്ചിൽ നീങ്ങുന്നതിനാൽ ഒരുവിഭാഗം ഉപഭോക്താക്കൾ പാം ഓയിൽ, സൂര്യകാന്തി എണ്ണകളിലേക്ക് ചുവടുമാറ്റിയത് ക്രിസ്‌തുമസ് വേളയിൽ വെളിച്ചെണ്ണക്ക് തിരിച്ചടിയായി.
*** *** *** ***
ഉൽപാദന മേഖലയിൽനിന്ന് ഉയർന്ന അളവിൽ ഏലക്ക പല അവസരങ്ങളിലും ലേല കേന്ദ്രങ്ങളിലേക്ക് പ്രവഹിച്ചു. ആഭ്യന്തര വിദേശ വാങ്ങലുകാർ മുൻ വാരങ്ങളിലെന്നപോലെ മത്സരിച്ച് ഏലക്ക ശേഖരിച്ചു. വിവിധ വിദേശരാജ്യങ്ങളിൽനിന്നുള്ള ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാർ വില ഉയർത്തി മികച്ചയിനങ്ങൾ വാങ്ങി. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2427 രൂപയിലും മികച്ചയിനങ്ങൾ കിലോ 3218 രൂപയിലുമാണ്. അനുകൂല കാലാവസ്ഥ കണക്കിലെടുത്താൽ ജനുവരി അവസാനം വരെ വിളവെടുപ്പുമായി മുന്നേറാനാവുമെന്ന പ്രതീക്ഷ ഉൽപാദകർ നിലനിർത്തി.
*** *** *** ***
കാർഷികമേഖല ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ശ്രദ്ധതിരിച്ചതോടെ ഉൽപാദന കേന്ദ്രങ്ങളിൽനിന്നും കൊച്ചി, കോട്ടയം വിപണികളിലേക്കുള്ള റബർ ഷീറ്റ് നീക്കം ചുരുങ്ങി. ഇനി ജനുവരിയോടെ മാത്രം കർഷകരുടെ ശ്രദ്ധ വിപണിയിലേക്കും വിൽപനയിലേക്കും തിരിഞ്ഞു. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോ 184 രൂപ. ഡോളറിന് മുന്നിൽ ജാപ്പാനീസ് യെന്നിന്റെ മൂല്യം ഉയർന്നതിനിടയിലും വിദേശ നിക്ഷേപകർ റബറിൽ താൽപര്യം കാണിച്ചു. ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബർ അവധി വില കിലോ 341 യെൻവരെ ഉയർന്ന് ഇടപാടുകൾ നടന്നു. കയറ്റുമതി വിപണിയായ ബാങ്കോക്കിൽ റബർ കിലോ 191 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.