പരിപാലനം ഇങ്ങനെയെങ്കിൽ മുടക്കമില്ലാതെ മുട്ട ഗ്യാരണ്ടി

പോഷകങ്ങളുടെ പവർ ഹൗസ് എന്നാണ് കോഴിമുട്ട അറിയപ്പെടുന്നത്. ആരോഗ്യമുള്ള ഒരാൾ ചുരുങ്ങിയത് ഒരു മുട്ടയെങ്കിലും രണ്ടുദിവസത്തിലൊരിക്കൽ കഴിക്കണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് നിർദ്ദേശം. നാടൻ മുട്ടയ്ക്ക് വേണ്ടി വീട്ടുവളപ്പിൽ ജൈവരീതിയിൽ കോഴിവളർത്തൽ സംരംഭങ്ങൾ നടത്തുന്നവരും കൂടുകളിൽ ഉല്പാദനക്ഷമതയേറിയ മുട്ടക്കോഴികളെ വളർത്തുന്നവരുമെല്ലാം കേരളത്തിൽ ഇന്ന് ഒരുപാടുണ്ട്. വളർത്തുരീതികൾ ഏതായാലും മുട്ടക്കോഴികൾ മുടക്കമില്ലാതെ മുട്ടയിടാൻ അറിയേണ്ട ചിലതുണ്ട്.

കോഴികളെ തിരഞ്ഞെടുക്കുമ്പോൾ

രണ്ട് മാസത്തിന് മുകളിൽ പ്രായമെത്തിയ, ആവശ്യമായ രോഗപ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കിയ മുട്ടക്കോഴി കുഞ്ഞുങ്ങളെ മാത്രം വളര്‍ത്താനായി വാങ്ങുന്നതാണ് അഭികാമ്യം. സർക്കാര്‍ അംഗീകൃത നഴ്സറികളില്‍ നിന്നോ, സര്‍ക്കാര്‍, സര്‍വ്വകലാശാല ഫാമുകളില്‍ നിന്നോ വാങ്ങാം. അധിക തുക്കമുള്ള കോഴികളെ വാങ്ങരുത്. ഉദാഹരണത്തിന് നാല് മാസം പ്രായമെത്തിയ ബി.വി. 380 ഇനം കോഴിക്ക് ശരാശരി 1.6 മുതൽ 2 കിലോ വരെ ശരീരതൂക്കമുണ്ടാവും. തൂക്കം ഇതിലും കൂടുതലാണെങ്കിൽ ശരീരത്തിൽ കൊഴുപ്പടിഞ്ഞ് മുട്ടയിടൽ വൈകാൻ സാധ്യതയുണ്ട്. മുട്ടക്കോഴികൾക്ക് രണ്ടുമാസം പൂർത്തിയാവുന്നത് വരെ നൽകുന്നത് ലെയർ സ്റ്റാർട്ടർ തീറ്റയും തുടർന്ന് മൂന്ന് മാസം നൽകുന്നത് ഗ്രോവർ കോഴിത്തീറ്റയുമാണ്.

പാത്രമറിഞ്ഞ് മാത്രം തീറ്റ

അഞ്ചുമാസം പ്രായമായതിന് ശേഷം മുട്ടക്കോഴികൾക്ക് പ്രത്യേകമായുള്ള സമീകൃതാഹരമായ ലെയർ തീറ്റകൾ കൊടുത്തുതുടങ്ങാം. മുട്ടയിടാൻ ആരംഭിച്ച ഒരു കോഴിക്ക് ദിവസം വേണ്ടത് 100 -120 ഗ്രാം വരെ തീറ്റയാണ്. കൂടുകളില്‍ പൂർണസമയം അടച്ചിട്ട് വളര്‍ത്തുന്ന ബി. വി. 380 പോലുള്ള കോഴികൾക്ക് ദിവസം 100-120 ഗ്രാം ലെയര്‍ തീറ്റ തന്നെ നല്‍കേണ്ടിവരും. ഗ്രാമശ്രീ, ഗ്രാമലക്ഷ്മി പോലുള്ള അടുക്കളമുറ്റത്ത് അഴിച്ചുവിട്ട് വളർത്താവുന്ന സങ്കരയിനം കോഴികള്‍ക്ക് മുട്ടയുല്‍പ്പാദനം മെച്ചപ്പെടുത്താന്‍ ലെയര്‍ തീറ്റ 30-40 ഗ്രാം വരെ ദിവസവും നല്‍കാവുന്നതാണ്. ക്രമേണ അസോള, വാഴത്തട, അഗത്തിച്ചീര, ചീര,ചെമ്പരത്തിയില,പപ്പായയില തുടങ്ങിയ പച്ചിലകളും ഗുണമേന്മയുള്ള തീറ്റപ്പുല്ലും വീട്ടിലെ ആഹാരാവശിഷ്ടങ്ങളും തീറ്റയിൽ ഉൾപ്പെടുത്തി ചെലവ് കുറയ്ക്കാം. ശരീരത്തിൽ കൊഴുപ്പ് അടിയാനും മുട്ടയുൽപ്പാദനം തടസ്സപ്പെടാനും ഇടയാക്കുമെന്നതിനാൽ പച്ചയും വേവിച്ചതുമായ ധാന്യങ്ങൾ അധിക അളവിൽ കോഴികൾക്ക് നൽകരുത്.

മുട്ടയുൽപ്പാദനത്തിന് കാത്സ്യം പ്രധാനമായതിനാൽ ഒരു കോഴിക്ക് ദിവസേന അഞ്ച് ഗ്രാം എന്ന കണക്കിൽ കക്കത്തോട് പൊടിച്ച് തീറ്റയിൽ ഉൾപ്പെടുത്താം. കഴിക്കുന്ന തീറ്റയുടെ രണ്ടരമടങ്ങ് കുടിവെള്ളം കോഴികൾക്ക് ദിവസവും ആവശ്യമുണ്ട്. ഇടതടവില്ലാതെ കോഴികൾക്ക് ശുദ്ധജലം ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ കൂട്ടിൽ വേണം.

പാകത്തിന് വെളിച്ചവും

12 മണിക്കൂർ പകല്‍വെളിച്ചവും നാല് മണിക്കൂർ കൃത്രിമവെളിച്ചവും ഉള്‍പ്പെടെ ദിനേനെ 16 മണിക്കൂര്‍ പ്രകാശം ഉറപ്പുവരുത്താൻ ശ്രദ്ധവേണം. എങ്കിൽ മാത്രമേ ഹോർമോൺ പ്രവർത്തനങ്ങൾ കൃത്യമായി നടന്ന് മുട്ടയുല്പാദനം കാര്യക്ഷമമായി നടക്കുകയുള്ളൂ. മുട്ടയുത്പാദനം ആറ് മാസത്തിന് മുകളിലാണെങ്കില്‍ ദിവസം 17 മണിക്കൂര്‍ വെളിച്ചം ലഭിക്കണം. എന്നാൽ മുട്ടയിട്ട് തുടങ്ങിയിട്ടില്ലാത്ത കോഴികള്‍ക്ക് അധികവെളിച്ചം നല്‍കാന്‍ പാടില്ല.

വേണം കുത്തിവെയ്പുകൾ

വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് 5 - 7 ദിവസം പ്രായമെത്തുമ്പോള്‍ കോഴിവസന്ത തടയാനുള്ള ആദ്യ പ്രതിരോധ വാക്സിൻ നല്‍കണം. തുടര്‍ന്ന് 21 ദിവസം പ്രായമെത്തുമ്പോള്‍ ബൂസ്റ്റര്‍ വാക്സിൻ നൽകണം. കോഴിവസന്ത തടയാനുള്ള അടുത്ത വാക്സിൻ മുട്ടക്കോഴികള്‍ക്ക് 8 ആഴ്ചയും, 16 ആഴ്ചയും 40 ആഴ്ചയും പ്രായമെത്തുമ്പോൾ ത്വക്കിനടിയിൽ കുത്തിവെക്കണം. കോഴിവസന്ത, കോഴിവസൂരി വാക്സിനുകൾ സർക്കാർ മൃഗാശുപത്രികൾ വഴി ലഭ്യമാക്കുന്നുണ്ട്.

Tags:    
News Summary - Maintenance-Egg-Guarantee-Hen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.