ഏതൊരു ആട് വളര്‍ത്തല്‍ സംരംഭത്തിന്‍റെയും വിജയത്തിന്‍റെ അടിസ്ഥാനം ആ ഫാമില്‍ പ്രസവിച്ചുണ്ടാകുന്ന ആട്ടിന്‍കുട്ടികളാണ്. അവയ്ക്കുണ്ടാകുന്ന രോഗബാധകളും മരണനിരക്കും ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ ആട് വളര്‍ത്തല്‍ സംരംഭത്തില്‍ മികച്ച നേട്ടമുറപ്പാണ്. നല്ലയിനം ആട്ടിൻകുഞ്ഞുങ്ങളെ ലഭ്യമാക്കുന്ന പ്രജനനയൂനിറ്റുകൾക്ക് സംരംഭകസാധ്യതകൾ ഏറെയുണ്ട്.

ആടുകൃഷിയുടെ ഈ സാധ്യത മികച്ചരീതിയിൽ പ്രയോജനപ്പെടുത്തി വരുമാനം നേടുന്ന സംരംഭകർ ഏറെയുണ്ട്. മാംസാവശ്യങ്ങള്‍ക്കായി ശരീരതൂക്കമനുസരിച്ചാണ് മുതിർന്ന ആടുകളെ വിറ്റഴിക്കുന്നതെങ്കില്‍ കുഞ്ഞുങ്ങളെ വിറ്റഴിക്കുന്നത് പലപ്പോഴും മോഹവിലക്കാണ്. ജനുസ്സിന്റെ ഗുണങ്ങളെല്ലാം തികഞ്ഞ ആടുകളുടെ വിപണിവില നിശ്ചയിക്കുന്നത് ശരീരതൂക്കത്തേക്കാൾ ബ്രീഡ് മേന്മ അടിസ്ഥാനപ്പെടുത്തിയാണ്.

ആട്ടിൻകുഞ്ഞുങ്ങളെ ആരോഗ്യവും ആദായവുമുള്ളതാക്കാനുള്ള വഴികൾ

  • വളർത്താനായുള്ള വർഗഗുണമുള്ള കുഞ്ഞുങ്ങളുടെ വിപണനമാണ് ലക്ഷ്യമെങ്കിൽ രക്തബന്ധമുള്ള ആടുകള്‍ തമ്മിലുള്ള പ്രജനനം അഥവാ അന്തര്‍പ്രജനനം ഒഴിവാക്കി ഒരേ ജനുസ്സിലെ മികച്ചയിനം ആടുകള്‍ തമ്മിലുള്ള ശുദ്ധപ്രജനനമാണ് വേണ്ടത്. മാംസാവശ്യത്തിനായി കൂടുതൽ വളർച്ചനിരക്കുള്ള കുട്ടികളെയാണ് വേണ്ടതെങ്കിൽ രണ്ട് വ്യത്യസ്ത ജനുസ്സുകൾ തമ്മിലുള്ള ശാസ്ത്രീയ സങ്കരപ്രജനനരീതി സ്വീകരിക്കാവുന്നതാണ്. മലബാരി പെണ്ണാടുകളുമായുള്ള ബീറ്റൽ, ജമുനാപാരി,പസിരോഹി തുടങ്ങിയ ഉത്തരേന്ത്യൻ ജനുസ്സുകളുമായുള്ള പ്രജനനം കേരളത്തിൽ ഏറെ വിജയിച്ച സങ്കരപ്രജനനരീതിയാണ്.
  • ആടുവളര്‍ത്തല്‍ സംരംഭങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് രക്തബന്ധമുള്ള ആടുകള്‍ തമ്മില്‍ ഇണചേര്‍ക്കല്‍/ അന്തര്‍പ്രജനനം. പെണ്ണാടുകളുമായി ഒരു രക്തബന്ധവും മുട്ടനാടുകള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. ഫാമില്‍ ജനിക്കുന്ന ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കിടയിലെ കൂടിയ മരണനിരക്കും കുറഞ്ഞ ജനനതൂക്കവും വളർച്ച മുരടിപ്പും അന്തര്‍പ്രജനനം സംഭവിച്ചതിന്റെ സൂചനകളാണ്. ഇത്തരം കുട്ടികള്‍ക്ക് വളര്‍ച്ചനിരക്കും രോഗപ്രതിരോധശേഷിയും ശരീരഭാരവുമെല്ലാം കുറവായിരിക്കും. ഫാമിൽ അന്തര്‍പ്രജനനം നടക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി ഓരോ ഒന്നേകാൽ - ഒന്നരവര്‍ഷം കൂടുമ്പോഴും മുട്ടനാടുകളെ മാറ്റി പുതിയ മുട്ടന്‍മാരെ പ്രജനനാവശ്യത്തിനായി കൊണ്ടുവരണം.
  • ജനിച്ചയുടന്‍ ആട്ടിന്‍കുഞ്ഞിന്‍റെ മുഖത്തെ സ്രവങ്ങളെല്ലാം തുടച്ച് ശ്വസനം സുഗമമാക്കണം. പൊക്കിൾക്കൊടി വഴിയാണ് രോഗകാരിയായ ബാക്ടീരിയകൾ കുഞ്ഞുങ്ങളുടെ ശരീരത്തിൽ എത്തുന്നത്. ജനിച്ചയുടന്‍ ആട്ടിൻകുട്ടികളുടെ പൊക്കിള്‍ക്കൊടിയുടെ ഭാഗം നേർപ്പിച്ച പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനിയിട്ട് കഴുകി ടിഞ്ചര്‍ അയഡിന്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കണം. ശരീരത്തില്‍ നിന്ന് പൊക്കിള്‍ക്കൊടി പൂര്‍ണമായി വേർപെട്ടിട്ടില്ലെങ്കില്‍ പൊക്കിളിന് ഒരിഞ്ച് താഴെ വൃത്തിയുള്ള ഒരു നൂല് ഉപയോഗിച്ച് കെട്ടിയതിനുശേഷം ബാക്കിഭാഗം കെട്ടിന് ചുവടെ അരയിഞ്ച് മാറി അണുമുക്തമാക്കിയ കത്രികയോ ബ്ലേഡോ ഉപയോഗിച്ച് മുറിച്ചുമാറ്റണം. പൊക്കിള്‍ക്കൊടിയിലെ മുറിവ് ഉണങ്ങുന്നതുവരെ ദിവസവും മൂന്നോ നാലോ തവണ ടിഞ്ചർ അയഡിന്‍ ലായനിയില്‍ മുക്കി അണുമുക്തമാക്കണം.
  • ജനിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ശരീര തൂക്കത്തിന്‍റെ 10 ശതമാനം എന്ന അളവിൽ കന്നിപ്പാല്‍ (കൊളസ്ട്രം) ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് ഉറപ്പാക്കണം. ഉദാഹരണത്തിന് 2.5 കിലോ ഗ്രാം തൂക്കത്തോടെ ജനിച്ച കുട്ടിക്ക് 250-300 മില്ലി ലിറ്റര്‍ കന്നിപ്പാല്‍ ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ ഉറപ്പാക്കണം. നേരിട്ട് കുടിക്കുന്നില്ലെങ്കിൽ ആവശ്യമായ കന്നിപ്പാൽ കറന്നെടുത്ത് ഒരു കുപ്പിയിലോ നിപ്പിളിലോ നിറച്ച് കുഞ്ഞുങ്ങൾക്ക് നൽകാം. ആട്ടിൻകുട്ടി കന്നിപ്പാൽ നുണയുന്നതിന് മുമ്പായി അമ്മയാടിന്റെ അകിടുകൾ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും കാമ്പിൽ കെട്ടിനിൽക്കുന്ന പാലിൽ നിന്ന് അൽപം കറന്ന് ഒഴിവാക്കുകയും ചെയ്യണം. കുട്ടികൾ കുടിച്ചതിനുശേഷം കന്നിപ്പാൽ അധികമുണ്ടെങ്കിൽ കറന്നെടുത്ത് റെഫ്രിജറേറ്ററിൽ സൂക്ഷിച്ച് അടുത്ത ദിവസങ്ങളിൽ ശരീരതാപനിലയിൽ കുഞ്ഞുങ്ങൾക്ക് തന്നെ നൽകാം.
  • ആട്ടിൻകുഞ്ഞുങ്ങളെ ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും മാരകമാണ്‌ ടെറ്റനസ് രോഗം. ഗർഭിണികളായ ആടുകൾക്ക് അവയുടെ അഞ്ചുമാസം നീളുന്ന ഗർഭകാലത്തിന്റെ മൂന്ന്, നാല് മാസങ്ങളില്‍ ഓരോ ഡോസ് വീതം ടെറ്റനസ് പ്രതിരോധകുത്തിവെപ്പ് നല്‍കണം. കൃത്യമായി വാക്സിൻ നൽകിയ തള്ളയാടിൽ നിന്ന് കന്നിപ്പാൽ വഴി കുഞ്ഞുങ്ങളിലേക്ക് ടെറ്റനസ് പ്രതിരോധശേഷി കൈമാറ്റം ചെയ്യപ്പെടും. പ്രതിരോധ കുത്തിവെപ്പ് നൽകിയ തള്ളയാടുകളിൽനിന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മൂന്നുമാസം പ്രായമെത്തുമ്പോൾ മാത്രം അടുത്ത ടെറ്റനസ് പ്രതിരോധകുത്തിവെപ്പ് നൽകിയാൽ മതി. ആദ്യ കുത്തിവെപ്പെടുത്തതിന് നാലാഴ്ച കഴിഞ്ഞ് ബൂസ്റ്റർ വാക്സിൻ നൽകണം.
  • ആട്ടിന്‍ കുഞ്ഞുങ്ങളെ ബാധിക്കുന്ന പരാദ രോഗങ്ങളില്‍ പ്രധാനമാണ് രക്താതിസാരം അഥവാ കോക്സീഡിയ രോഗം. കുടലിന്‍റെ ഭിത്തികള്‍ കാര്‍ന്ന് നശിപ്പിക്കുന്ന പ്രോട്ടോസോവല്‍ പരാദങ്ങളാണ് രോഗഹേതു. അപൂര്‍വമായി വലിയ ആടുകളിലും രോഗം കാണാറുണ്ട്. രക്തവും കഫവും കലര്‍ന്ന വയറിളക്കം, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നതിനാല്‍ പലപ്പോഴും ആട്ടിന്‍കുട്ടികളുടെ കൂട്ടമരണത്തിന് കോക്സീഡിയ വഴിയൊരുക്കും. രോഗം തടയുന്നതിനായി കൂടുകൾ നനവില്ലാതെ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. കൂടിന്റെ തറയിൽ വൈക്കോൽ വിരിപ്പ് ഒരുക്കാം. ഒരു കൂട്ടിൽ കൂടുതൽ കുഞ്ഞുങ്ങളെ തിങ്ങിപ്പാർപ്പിക്കുന്നത് ഒഴിവാക്കണം .
  • ഒരാഴ്ച പ്രായമായത് മുതൽ ആട്ടിൻകുഞ്ഞുങ്ങൾക്ക് കുടിക്കാനായി ശുദ്ധജലം കൂട്ടിൽ ഉറപ്പാക്കണം. മൂന്ന് മാസം പ്രായംവരെ പാൽ തന്നെയാണ് ആട്ടിൻ കുട്ടിയുടെ പ്രധാന തീറ്റ. രണ്ടാഴ്ച പ്രായമാകുന്നത് മുതല്‍ ചെറിയ അളവില്‍ കിഡ്സ്റ്റാര്‍ട്ടര്‍ തീറ്റയും ധാതുലവണ മിശ്രിതവും കുഞ്ഞുങ്ങള്‍ക്ക് നല്‍കിത്തുടങ്ങണം. വിവിധ തരം പിണ്ണാക്കുകൾ ചേർത്തുണ്ടാക്കിയ മാംസ്യത്തിന്‍റെ അളവുയര്‍ന്ന പോഷകതീറ്റയാണ് കിഡ് സ്റ്റാർട്ടർ. നാലാഴ്ച പ്രായം പിന്നിടുമ്പോള്‍ നല്ല ഗുണമേന്മയുള്ളതും മൃദുവായതുമായ പുല്ല് ചെറുതായി അരിഞ്ഞ് കുഞ്ഞുങ്ങളുടെ തീറ്റയില്‍ ഉള്‍പ്പെടുത്താം.
  • ആട്ടിന്‍കുട്ടികള്‍ക്ക് മൂന്നാഴ്ച പ്രായമെത്തുമ്പോള്‍ ആദ്യ ഡോസ് വിര മരുന്ന് നല്‍കണം. ഇതിനായി ആല്‍ബന്‍ഡസോള്‍, ഫെന്‍ബന്‍ഡസോള്‍, പൈറാന്റൽ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ ആല്‍ബോമര്‍, പനാകുര്‍, നിമോസിഡ് തുടങ്ങിയ തുള്ളിമരുന്നുകള്‍ ഉപയോഗിക്കാം. തുടര്‍ന്ന് ആറുമാസം പ്രായമെത്തുന്നതുവരെ മാസത്തില്‍ ഒരിക്കലും ശേഷം ഒരു വയസ്സ് തികയുന്നതുവരെ രണ്ടു മാസത്തിൽ ഒരിക്കലും വിര മരുന്ന് നല്‍കണം.

  • മാതൃശേഖരത്തിലുള്ള പെണ്ണാടുകളുടെ ഇരട്ടിയെണ്ണം ആട്ടിന്‍കുട്ടികള്‍ ഒരു വര്‍ഷം ഫാമില്‍നിന്ന് ജനിച്ചിറങ്ങേണ്ടത് സംരംഭവിജയത്തില്‍ പ്രധാനമാണ്. ഇതിനായി പരിപാലനം ചിട്ടപ്പെടുത്തണം. ഗർഭിണികളായ ആടുകളിൽ ഗർഭം അലസലും ഒരു ദിവസം മുതൽ മൂന്ന് മാസം വരെ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ മരണനിരക്കുമുയർന്നാൽ ഫാം നഷ്ടത്തിലാകും. പെണ്ണാടുകളിൽ മദിലക്ഷണങ്ങള്‍ പ്രകടമാകാന്‍ വൈകല്‍, തുടര്‍ച്ചയായ ഗര്‍ഭമലസല്‍, കുഞ്ഞുങ്ങളുടെ ഉയര്‍ന്ന മരണനിരക്ക്, ജനിക്കുമ്പോൾ കുറഞ്ഞ ശരീരഭാരം തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടാല്‍ മടിക്കാതെ വിദഗ്‌ധ സഹായം തേടണം.
Tags:    
News Summary - Lambs are an entrepreneur's asset

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.