ആർ.ആർ.ഐ.ഐയെ രാജ്യത്തെ റബര്‍ ക്ലോണുകളുടെ അംഗീകൃത മാതൃകാ പരിശോധനാ കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരി നാടമുറിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു

പുതുപ്പള്ളി റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ നോഡല്‍ പരിശോധന കേന്ദ്രമായി പ്രഖ്യാപിച്ചു

കോട്ടയം: പുതുപ്പള്ളി റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ (ആർ.ആർ.ഐ.ഐ) രാജ്യത്തെ റബര്‍ ക്ലോണുകളുടെ നോഡല്‍ ഡി.യു.എസ് പരിശോധന കേന്ദ്രമായി തെരഞ്ഞെടുത്തത് റബര്‍ മേഖലയിലെ വികസന നാഴികക്കല്ലാണെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരി പറഞ്ഞു.

റബര്‍ കര്‍ഷകര്‍ക്കും പുതിയ ക്ലോണ്‍ ഇനങ്ങളുടെ സംരക്ഷണത്തിനും ദേശീയ തലത്തിലുള്ള സംവിധാനം ഇനി റബറിന്‍റെ നാട്ടില്‍ തന്നെ ലഭ്യമാകും. റബറിന്‍റെ വൈവിധ്യവും തനിമയും സംരക്ഷിക്കുന്നതിനും തോട്ടങ്ങളില്‍ വികസിപ്പിക്കുന്ന പുതിയ റബര്‍ ഇനങ്ങള്‍ക്ക് നിയമപരമായ അംഗീകാരവും സംരക്ഷണവും ഉറപ്പാക്കുന്നതിനും ഇതിലൂടെ അവസരമൊരുങ്ങും.

കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കിയ ഓണസമ്മാനമാണിതെന്നും ചെയർമാൻ കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലോണ്‍ റഫറന്‍സ് ചെടിത്തൈകള്‍ നട്ടുകൊണ്ടാണ് ആർ.ആർ.ഐ.ഐയെ രാജ്യത്തെ റബര്‍ ക്ലോണുകളുടെ അംഗീകൃത മാതൃകാ പരിശോധനാ കേന്ദ്രമായി പ്രഖ്യാപിച്ചത്. റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍, റബര്‍ പ്രൊഡക്ഷന്‍ കമീഷണര്‍ ഡോ. ടി. സിജു, റബര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. ദേബപ്രദ റോയ്, ഡയറക്ടര്‍ (ട്രെയിനിങ്) പ്രിയ വര്‍മ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സസ്യയിനങ്ങളുടെയും കര്‍ഷകരുടെയും അവകാശസംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ആർ.ആർ.ഐ.ഐയെ രാജ്യത്തെ റബര്‍ ക്ലോണുകളുടെ അംഗീകൃത ഡി.യു.എസ് പരിശോധനാ കേന്ദ്രമായി തെരഞ്ഞെടുത്തത്. ആർ.ആർ.ഐ.ഐയുടെ പരിശോധനാ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഡല്‍ഹിയിലെ പ്ലാന്‍റ് അതോറിറ്റി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക.

Tags:    
News Summary - Rubber Research Institute of India Declared as Nodal DUS Test Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.