യു.എ.ഇയിലെ തന്നെ ഏറ്റവും പഴക്കമുള്ള തേനീച്ച കൃഷി നടക്കുന്ന കേന്ദ്രമാണ് ഹത്ത. പരമ്പരാഗത തൊഴിൽ എന്ന നിലയിൽ ഇപ്പോഴും ഇതിനെ വലിയ പരിഗണനയോടെയാണ് ഇവിടുത്തുകാർ കാണുന്നത്. ദുബൈ മുനിസിപാലിറ്റി ഏഴ് വർഷം മുമ്പ് ആരംഭിച്ച ‘ഹത്ത ഹണി ഫെസ്റ്റിവൽ’ ഈ മേഖലയുടെ വികസനവും പ്രോൽസാഹനവും ലക്ഷ്യംവെച്ചുള്ളതാണ്.
തേൻ ഉൽപാദകരെ പ്രോൽസാഹിപ്പിക്കുന്നതും രാജ്യത്തെ സംസ്കാരിക പാരമ്പര്യത്തെ പരിചയപ്പെടുത്തുന്നതും ലക്ഷ്യംവെച്ചാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള 50ലേറെ കർഷകരാണ് വിവിധയിനം തേനും തേനുൽപന്നങ്ങളും ഇത്തവണ പ്രദർശിപ്പിച്ചത്. ദുബൈയുടെ മലയോര പ്രദേശമായ ഹത്തയിലെത്തുന്നവർക്ക് ഫെസ്റ്റിവൽ അല്ലാത്ത സീസണുകളിലും തേനീച്ചകളെയും തേനീച്ചയെയും അറിയുന്നതിനും വ്യത്യസ്തമായ അനുഭവം പകരുന്നതിനും ഒരുക്കിയ സ്ഥലമാണ് ‘ഹത്ത ഹണീ ബീ ഗാർഡൻ’.
ഹത്തയിലെ ഈ തേനിച്ചത്തോട്ടം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആനന്ദവും വിജ്ഞാനവും പകരുന്ന ഒരിടമാണ്. തേൻ കൃഷിയെയും തേനീച്ചകളെയും കുറിച്ച് മികവുറ്റ രീതിയിൽ മനസിലാക്കാൻ ഇവിടെ സൗകര്യമുണ്ട്. തീർത്തും പ്രകൃതിക്ക് ഇണങ്ങിയ രീതിയിലാണ് ഗാർഡൻ ഒരുക്കിയിട്ടുള്ളത്. തേനീച്ച കർഷകർ ധരിക്കുന്ന ശരീരം മൂടുന്ന വസ്ത്രം ധരിപ്പിച്ചാണ് ഇവിടേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നത്. ഗാർഡനകത്ത് വിവിധയിനം തേനീച്ചകൾ തേൻ നുകരാൻ എത്തിച്ചേരുന്ന മരങ്ങൾ കാണാനാകും. 20,000ഇനങ്ങളിലുള്ള തേനീച്ചകൾ ലോകത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇവയിൽ ചില ഇനങ്ങൾ മാത്രമാണ് ഇവിടെ കാണാനാവുന്നത്. പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ വിവിധയിനം തേനീച്ചക്കൂടുകൾ ഇവിടെ ഫാമിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കാണിക്കാനും പ്രത്യേകതകൾ വിവരിച്ചു തരാനും പ്രത്യേകം ഗൈഡുമാർ ഇവിടെയുണ്ട്. സുരക്ഷിതമായ വസ്ത്രം ധരിച്ചതിനാൽ തേനീച്ചകളുടെ കുത്തേൽക്കാതെ ഇവയെ കയ്യിലെടുക്കാനും സാധിക്കും.
അഞ്ചു വ്യത്യസ്ത ഇനം തേനുകൾ രുചിക്കാനും ഇവയിൽ ഇഷ്ടപ്പെട്ടത് വാങ്ങാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ദുബൈ സെൻട്രൽ ലബോറട്ടറി(ഡി.സി.എൽ)യിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ തേനാണ് ലഭിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയും രാസപരിശോധനാ ഉപകരണങ്ങളും ഉപയോഗിച്ചാണ് തേൻ സാമ്പിളുകൾ മൂല്യനിർണയം നടത്തുന്നത്. ഗാർഡനിലേക്ക് പ്രവേശനത്തിന് മുതിർന്നവക്ക് 50 ദിർഹമും കുട്ടികൾക്ക് 30ദിർഹവുമാണ് ടിക്കറ്റുകളാണുള്ളത്.
hattahoney.ae എന്ന വെബ്സൈറ്റ് വഴി ടികറ്റുകൾ ലഭ്യമാണ്. ഹത്തയിലേക്ക് ദുബൈയിൽ നിന്ന് എക്സ്പ്രസ് ബസ് സർവീസുകൾ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ഏർപ്പെടുത്തിയിട്ടുണ്ട്. റൂട്ട് എച്ച് 02 എന്ന ഹത്തയിലേക്കുള്ള എക്സ്പ്രസ് ബസുകൾ ദുബൈ മാൾ ബസ് സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിക്കുക. രണ്ടു മണിക്കൂർ ഇടവിട്ടുള്ള ബസുകൾ ഹത്ത ബസ് സ്റ്റേഷൻ വരെയെത്തും. ഡീലക്സ് കോച്ചിലെ യാത്രക്ക് ഒരാൾക്ക് 25ദിർഹമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.