സ്ഥലമില്ലെന്ന പരാതി വേണ്ട; ഗ്രോ ബാഗ് ഉണ്ടെങ്കിൽ ‘ഇഞ്ചി’ നൂറുമേനി വിളയിക്കാം
വീട്ടിലെ ഏത് വിഭവങ്ങളിലും നല്ലൊരു പങ്കുവഹിക്കുന്ന പച്ചക്കറിയാണല്ലോ ഇഞ്ചി. വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾ സ്വന്തം വീട്ടിൽതന്നെ ഉത്പാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച വിളയാണിത്. ഫ്ലാറ്റുകളിലോ നഗരങ്ങളിലോ താമസിക്കുന്നവർക്ക് പോലും സ്ഥലപരിമിതി വില്ലനാകുമ്പോൾ ഗ്രോ ബാഗ് കൃഷി വഴി നൂറുമേനി വിളയിക്കാൻ എളുപ്പമാണിത്. നടീൽ മുതൽ വിളവെടുപ്പ് വരെ ലളിതമായ പരിചരണം കൊണ്ട് വീട്ടിലേക്ക് ആവശ്യത്തിനുള്ള ഇഞ്ചി എങ്ങനെ വളർത്തിയെടുക്കാം എന്ന് നോക്കാം.
നടീൽ മിശ്രിതം
കുറഞ്ഞത് 12 മുതൽ 15 ഇഞ്ച് വരെയെങ്കിലും ആഴവുമുള്ള ഗ്രോ ബാഗോ ചട്ടിയോ വേണം ഉപയോഗിക്കാൻ. അടിയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ഡ്രെയ്നേജ് സുഷിരങ്ങൾ ഉണ്ടായിരിക്കൽ നിർബന്ധമാണ്. നടീൽ മിശ്രിതം തയാറാക്കുമ്പോൾ നല്ല വളക്കൂറുള്ളതും നീർവാർച്ചയുള്ളതുമായ മണ്ണ് തെരഞ്ഞെടുക്കണം. മണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ്, ചകിരിച്ചോറ് എന്നിവ തുല്യ അളവിൽ ചേർത്തുകൊണ്ടാണ് മിശ്രിതം തയാറാക്കേണ്ടത്.
എങ്ങനെ നടണം?
ആദ്യം ചെയ്യേണ്ടത് വിത്ത് മുളപ്പിക്കലാണ്. ഇഞ്ചിയുടെ കാര്യത്തിൽ കായി തന്നെയാണ് വിത്ത്. നടുന്നതിന് മുമ്പ് ഇഞ്ചി കഷണങ്ങൾ കുറച്ചുസമയം വെള്ളത്തിൽ വെച്ച് നടാവുന്നതാണ്. എന്നാൽ, ഏറ്റവും നല്ല രീതി ഏതെന്നാൽ ഇഞ്ചി ഈർപ്പമുള്ള ചകിരിച്ചോറിലിട്ട് മുളപ്പിച്ചെടുത്തതിന് ശേഷം നടുന്നതാണ്.
ഓരോ കഷണത്തിലും കുറഞ്ഞത് ഒരു മുളക്കണ്ണെങ്കിലും ഉണ്ടായിരിക്കണം. ഗ്രോ ബാഗിൽ നേരത്തെ തയാറാക്കിയ മൺമിശ്രിതം നിറച്ച ശേഷം, മുളക്കണ്ണുകൾ മുകളിലേക്ക് വരുന്ന രീതിയിൽ 3 മുതൽ 5 സെന്റിമീറ്റർ ആഴത്തിൽ ഇഞ്ചി കഷണങ്ങൾ നടുക. ശേഷം മുകളിൽ കരിയിലയോ ചകിരിച്ചോറോ വെച്ച് പുതയിടുകയും വേണം.
വളരുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഗ്രോ ബാഗ് മിതമായ വെയിലും നിഴലുമുള്ള സ്ഥലത്ത് വേണം വെക്കാൻ. മണ്ണ് എപ്പോഴും ചെറുതായി നനഞ്ഞിരിക്കണം. എന്നാൽ വെള്ളം കെട്ടിനിൽക്കുകയും ചെയ്യരുത്. അതിനിടവന്നാൽ ഇഞ്ചി ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. ചെടി വളരുന്നതനുസരിച്ച് ജൈവവളങ്ങളായ കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ഇടയ്ക്കിടെ നൽകണം. അതാണ് ഏറ്റവും ഉത്തമമായ വളപ്രയോഗം. നട്ട് ഏകദേശം 8 മുതൽ 10 മാസമാകുമ്പോൾ ഇഞ്ചിയുടെ ഇലകളും തണ്ടുകളും മഞ്ഞനിറമായി ഉണങ്ങാൻ തുടങ്ങും. അങ്ങനെ ഇലകൾ പൂർണമായും ഉണങ്ങിക്കഴിഞ്ഞാൽ ഗ്രോ ബാഗിലെ മണ്ണ് ഇളക്കി ഇഞ്ചി കിളച്ചെടുക്കാം. ഇനി മുതൽ നല്ല ഫ്രഷ് ഇഞ്ചിതന്നെ വീട്ടിലെ തോട്ടത്തിൽനിന്ന് പറിച്ചെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.