പത്തനംതിട്ട: നെല്ല് സംഭരിച്ച വകയിൽ സിവിൽ സപ്ലൈസ് കോർപറേഷൻ ജില്ലയിലെ കർഷകർക്ക് ഇനി നൽകാനുള്ളത് 18.91 കോടി. പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ 5.98 കോടിമാത്രമാണ് വിതരണം ചെയ്തത്. ബാക്കി പണത്തിനായി ജില്ലയിലെ 2,098 നെല്ല് കർഷകരാണ് ആഴ്ചകളായി കാത്തിരിക്കുന്നത്.
അപ്പർ കുട്ടനാടൻ മേഖലയായ തിരുവല്ല താലൂക്കിലെ കർഷകർക്കാണ് ഏറ്റവും കൂടുതൽ തുക ലഭിക്കാനുള്ളത്; 13.88 കോടി. അടൂർ-2.22 കോടി, കോന്നി- 8.2 ലക്ഷം,കോഴഞ്ചേരി- രണ്ട് കോടി, മല്ലപ്പള്ളി- 71.41 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ കർഷകർക്ക് ലഭിക്കാനുള്ളത്. റാന്നിയിൽ ആർക്കും പണം നൽകാനില്ല.
ജില്ലയിൽനിന്ന് 8791 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പുഞ്ചകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചത്. മേയ് അവസാനത്തോടെ ഏറെക്കുറെ പൂർത്തിയായി. മുഴുവൻ നെല്ലും സപ്ലൈകോയാണ് സംഭരിച്ചത്. എന്നാൽ, തുക വിതരണം ഇഴയുകയാണ്. കൃഷിയിലുണ്ടായ നഷ്ടത്തിന് പുറമേ നെല്ലിന്റെ വില കൂടി വൈകിയതോടെ കർഷകർക്ക് കടുത്ത ദുരിതത്തിലുമാണ്.
പി.ആർ.എസ് വായ്പയായി കർഷകർക്ക് പണം നൽകാനായി സർക്കാർ രൂപവത്ക്കരിച്ച കൺസോർട്ടിയത്തിലുൾപ്പെട്ട എസ്.ബി.ഐ, കാനറ ബാങ്കുകൾ കരാർ അവസാനിച്ചതോടെ പിന്മാറിയതാണ് തിരിച്ചടിയായത്. കർഷകരിൽനിന്ന് നെല്ലുകൈപ്പറ്റ് രസീത് (പി.ആർ.എസ്) സ്വീകരിക്കുന്നത് ഇവർ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
പിന്നാലെ കരാർ പുതുക്കുന്നതിന് ബാങ്കുകൾ പലിശ കൂട്ടിച്ചോദിച്ചു. ഇതിൽ തീരുമാനം വൈകിയതോടെ പണവിതരണം നിലക്കുകയായിരുന്നു. എസ്.ബി.ഐ 9.25 ശതമാനം പലിശ വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇതിനിടെ വിഷയത്തിൽ ഇടപെട്ട സർക്കാർ കഴിഞ്ഞദിവസം എസ്.ബി.ഐയുമായി ചർച്ച നടത്തി. ഇതിൽ പലിശ ഒമ്പത് ശതമാനമായി കുറക്കാൻ ബാങ്ക് സമ്മതിക്കുകയും സപ്ലൈകോയുമായി കരാർ ഒപ്പിടുകയും ചെയ്യു.
സമാനനിലയിൽ കാനറ ബാങ്കും സപ്ലൈകോയുമായി സഹകരിക്കാൻ തയാറായിട്ടുണ്ട്. ഇതിനൊപ്പം സർക്കാർ സപ്ലൈകോക്ക് നൽകിയ 184 കോടി ബാങ്കുകൾക്ക് കൈമാറാനും ധാരണയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത ദിവസം മുതൽ കർഷകർക്ക് പണം ലഭിച്ചുതുടങ്ങുമെന്നാണ് സപ്ലൈകോ ഉദ്യോഗസ്ഥർ പറയുന്നത്. നെല്ല് സംഭരിച്ച വകയിൽ കേന്ദ്രസർക്കാർ നൽകാനുള്ള 1,108 കോടി തുക ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.