വാത്തിക്കുടിയിൽ ഇഞ്ചിക്ക് രോഗം ബാധിച്ച് നശിച്ചനിലയിൽ
ചെറുതോണി: ഹൈറേഞ്ചിലെ ഇഞ്ചി കൃഷിക്ക് വ്യാപകമായി കേടുബാധിക്കുന്നത് കർഷകരെ ഒന്നാകെ ദുരിതത്തിലാക്കി. ഫംഗസ് പോലുള്ള രോഗം ബാധിച്ച് തണ്ടുണങ്ങി കൃഷി നശിക്കുമ്പോൾ നിരവധി കർഷകരാണ് ഹൈറേഞ്ചിൽ കടക്കെണിയിലാകുന്നത്. ജില്ലയിലെ പ്രധാന പരമ്പരാഗത കൃഷികളിൽ ഒന്നാണ് ഇഞ്ചി. പതിറ്റാണ്ടുകളായി ഇഞ്ചി കൃഷി ചെയ്തുവരുന്ന നിരവധി കർഷകർ മലയോരമേഖലയിലുണ്ട്. എന്നാൽ, ഇത്തവണ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ഫംഗസ് ബാധിച്ച് തണ്ടുകൊഴിഞ്ഞ് പലയിടത്തും കൃഷി പൂർണമായി നശിച്ചു.
കാലാവസ്ഥയും വിലയും ഒത്തുവന്നാൽ മെച്ചപ്പെട്ട വരുമാന സാധ്യതയാണ് ഇഞ്ചി കൃഷിക്കുള്ളത്. ഇലകളിൽ മഞ്ഞനിറം ബാധിക്കുന്നതോടൊപ്പം വെളുത്ത അടയാളങ്ങളും പ്രത്യക്ഷപ്പെടും. ഒരാഴ്ചക്കുശേഷം ഇലയും തണ്ടുകളും ഉണങ്ങി മണ്ണിനോട് ചേരും. രോഗലക്ഷണങ്ങൾ കണ്ടതോടെ കൃഷി വകുപ്പ് അധികൃതരെ അറിയിച്ചതായി വാത്തിക്കുടിയിലെ കർഷകൻ മൂത്താരിയിൽ അവറാച്ചൻ പറഞ്ഞു. എന്നാൽ, സ്ഥലം സന്ദർശിച്ച കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും രോഗം എന്തെന്ന് കണ്ടെത്താനായില്ല.
വളവും കീടനാശിനിയും ഉൾപ്പെടെ വലിയ ചെലവുവഹിച്ച് ഇഞ്ചി കൃഷി ചെയ്ത കർഷകരെല്ലാം രോഗബാധയെത്തുടർന്ന് പ്രതിസന്ധിയിലായി. അതിവേഗം പടരുന്ന രോഗത്തിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹാരമാർഗങ്ങൾ നിർദേശിക്കണമെന്നും കൃഷി നശിച്ച കർഷകർക്ക് സർക്കാർ സഹായം നൽകണമെന്നുമാണ് ഹൈറേഞ്ചിലെ ഇഞ്ചി കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.