തിരുവമ്പാടി: നാളികേര വില കിലോക്ക് 65 രൂപയുടെ കുതിപ്പിലാണെങ്കിലും ഉൽപാദനക്കുറവ് കാരണം കർഷകർക്ക് നേട്ടമില്ല. നാളികേര ഉൽപാദനം മലയോര മേഖലയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഉൽപാദനക്കുറവ് കാരണം ഇപ്പോഴത്തെ മികച്ച വില പോലും കർഷകർക്ക് മികവായി മാറുന്നില്ല. മലയോര മേഖലയിലെ കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളിൽ മഞ്ഞളിപ്പ് ഉൾപ്പെടെയുള്ള രോഗബാധയിൽ തെങ്ങ് കൃഷി നശിച്ചുകൊണ്ടിരിക്കുകയാണ്.
രോഗബാധയെ പ്രതിരോധിക്കാൻ കർഷകർക്ക് കഴിയുന്നുമില്ല. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കടവിൽ വ്യാപകമായി മഞ്ഞളിപ്പ് റിപ്പോർട്ട് ചെയ്തത് മാസങ്ങൾക്ക് മുമ്പാണ്. കൂടരഞ്ഞിയിലെ കൂമ്പാറയിലും ഇപ്പോൾ മഞ്ഞളിപ്പ് പടരുകയാണ്. കൂമ്പാറ, ഉദയഗിരി, ആനകല്ലും പാറ, മണക്കടവ് എന്നിവിടങ്ങളിലാണ് രോഗം വ്യാപിക്കുന്നത്.
തെങ്ങിന് രോഗം ബാധിച്ച് കണ്ണീരിലായ കർഷകരെ സംരക്ഷിക്കാൻ സംസ്ഥാന കൃഷി വകുപ്പിന് ഫലപ്രദമായ പദ്ധതികളൊന്നുമില്ല. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ കൃഷിയിട സന്ദർശനത്തിലൊതുങ്ങുന്നതാണ് പ്രതിരോധ നടപടികൾ.
വ്യത്യസ്ത കാരണങ്ങളാൽ മഞ്ഞളിപ്പ് ബാധ ഉണ്ടാകാമെന്ന് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ ചൂണിക്കാണിക്കുന്നു.
മണ്ണിന്റെ പോഷകക്കുറവ്, ചെന്നീരോലിപ്പ്, കാറ്റുവീഴ്ച (ഫംഗസ് ബാധ), വെള്ളീച്ച ശല്യം എന്നിവ പ്രധാന കാരണമാണ്. രോഗം ബാധിച്ച തെങ്ങോല കണ്ടാൽ മഞ്ഞളിപ്പ് കാരണം അറിയാനാകും.
പോഷകക്കുറവുമൂലമാണെങ്കിൽ ജൈവ വളങ്ങളോടൊപ്പം മഗ്നീഷ്യം സൽഫെറ്റ് 500 ഗ്രാം ചേർത്ത് ഉപയോഗിക്കുന്നത് മികച്ച പ്രതിരോധമാർഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.