മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. തെങ്ങ് ഉൾപ്പെടെയുള്ള വിളകളെയും അത് ബാധിക്കും. മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന കുമിൾ രോഗമാണ് കൂമ്പുചീയൽ. എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും കൂമ്പുചീയൽ ബാധിക്കുമെങ്കിലും പ്രായം കുറഞ്ഞ തെങ്ങുകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. തൈകളുടെ കൂമ്പോല മഞ്ഞ നിറമായി കട ഭാഗത്തുവെച്ചുതന്നെ ഒടിഞ്ഞുതൂങ്ങുന്നതാണ് ആദ്യ ലക്ഷണം.
കൂടാതെ ഓലയുടെ കടഭാഗവും മണ്ടയിലെ മൃദുകോശങ്ങളും അഴുകി ദുർഗന്ധവും ഉണ്ടാകും. അഴുകൽ കൂടുതൽ ബാധിക്കുകയും തടിയിലേക്ക് പടരുകയും ചെയ്യുന്നതോടെ മറ്റ് ഓലകളും ഒടിഞ്ഞുതൂങ്ങുകയും തെങ്ങ് തന്നെ നശിച്ചുപോവുകയും ചെയ്യും. അതിനാൽ പ്രാരംഭ ഘട്ടത്തിൽതന്നെ ഈ രോഗം കണ്ടെത്തുകയും പ്രതിവിധി ചെയ്യുകയും വേണം.
രോഗം ആരംഭിക്കുമ്പോൾ തന്നെ മണ്ടയിലെ അഴുകിയ ഭാഗങ്ങൾ ചെത്തിമാറ്റി ബോർഡോ കുഴമ്പ് തേച്ച് പുതിയ കൂമ്പ് വരുന്നതുവരെ മഴയിൽനിന്ന് സംരക്ഷണം നൽകണം. രോഗം ബാധിച്ച തെങ്ങിനും ചുറ്റുമുള്ളവക്കും ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചുനൽകണം. മഴയുടെ തുടക്കത്തിലും ശേഷവും മരുന്നുതളിക്കുന്നത് രോഗസാധ്യതയും വ്യാപനവും തടയും. കൂടാതെ രോഗം ബാധിച്ച തെങ്ങിൽനിന്ന് നീക്കം ചെയ്ത ഭാഗങ്ങൾ കത്തിച്ചു കളയാൻ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.