കൊച്ചി: തരിശുഭൂമിയിൽ നെൽകൃഷിയിലൂടെ പൊന്നുവിളയിച്ച് ജില്ല. 113.034725 ഹെക്ടർ തരിശുഭൂമിയിലാണ് 2024-25 വർഷത്തിൽ മാത്രം നെൽകൃഷി നടന്നത്. 45.21 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചതെന്ന് കൃഷി വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്താകെ നെൽകൃഷി വികസന പദ്ധതി വഴി 605.992675 ഹെക്ടർസ്ഥലത്ത് തരിശ് കൃഷി നടപ്പാക്കി.
ഇതിനായി 242.39707 ലക്ഷം രൂപ ചെലവഴിച്ചു. തരിശുനിലങ്ങളിൽ ഉൾപ്പെടെ കൃഷി വ്യാപകമാക്കാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വിവിധ വിള അടിസ്ഥാനമാക്കിയുള്ള പദ്ധതികളിലൂടെയും ഫാം പ്ലാൻ അധിഷ്ഠിത പദ്ധതികളിലൂടെയും പ്രോത്സാഹനം നൽകിവരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
നെൽകൃഷി വികസന പദ്ധതിയിൽ തരിശുനിലങ്ങളിലെ നെൽകൃഷിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നെൽകൃഷി വിസ്തൃതി വ്യാപനം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വിശദീകരിക്കുന്നു. നിലവിൽ തരിശ് നെൽകൃഷിക്ക് 35,000 രൂപ കർഷകനും 5000 രൂപ ഭൂവുടമകൾക്കും ചേർത്ത് ആകെ സഹായധനമായി ഹെക്ടറൊന്നിന് 40,000 രൂപ നൽകുന്നുണ്ട്.
തരിശുഭൂമികളും തെങ്ങിൻ തോട്ടങ്ങളിലെ ഇടപ്രദേശവും ഉപയോഗപ്പെടുത്തി വിള പരിക്രമണം, ബഹുവിള കൃഷി, ഇടവിള കൃഷി എന്നിവ പ്രോത്സാഹിപ്പിക്കാൻ വിള വൈവിധ്യവത്കരണം, വിളതീവ്രത, അവതരണം എന്ന പദ്ധതിയിലൂടെ ചെറുധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയുടെ കൃഷിക്ക് പ്രോത്സാഹനം നൽകുന്നു.
2025-26 സാമ്പത്തിക വർഷത്തിൽ സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം പദ്ധതിയിൽ തരിശുഭൂമിയിൽ പച്ചക്കറി കൃഷി നടപ്പാക്കാനും ഹെക്ടർ ഒന്നിന് 40,000 രൂപ ധനസഹായം നൽകിവരുന്നുണ്ട്. 37,000 രൂപ കർഷകനും 3000 രൂപ ഭൂവുടമക്കുമാണ് നൽകുന്നത്. മൂന്ന് വർഷമെങ്കിലും തരിശായി കിടക്കുന്ന ഭൂമിയിൽ പച്ചക്കറി കൃഷി ചെയ്യാനാണ് ആനുകൂല്യം നൽകുക.
വ്യക്തിഗത കർഷകർ, ഭൂരഹിത കർഷക തൊഴിലാളികൾ, കർഷക ഗ്രൂപ്പുകൾ, യുവജന ക്ലബുകൾ, തരിശുഭൂമി കൃഷി ചെയ്യാൻ തയാറുള്ള മറ്റ് സംഘടനകൾ എന്നിവരിലൂടെ തരിശുഭൂമി കണ്ടെത്തി കൃഷി നടപ്പാക്കുന്നു. കൃഷിക്കാർക്കുള്ള സഹായം നിലമൊരുക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള പ്രവർത്തനങ്ങൾക്കാണ്.
സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉപയോഗിക്കാത്ത തരിശായി കിടക്കുന്ന സ്ഥലങ്ങളിലും പച്ചക്കറികൃഷി പോഷക തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ഘടകം നടപ്പാക്കി വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.