മഴയാണ്, വാഴകൾക്കും വേണം അൽപം ശ്രദ്ധ

മഴക്കാലം വാഴകൾക്കും വാഴകൃഷിക്കാർക്കും കഷ്ടകാലമാണ്. കാറ്റും പേമാരിയും വെള്ളക്കെട്ടുമെല്ലാം വില്ലനായി എത്തും. എന്നാൽ, അൽപം ശ്രദ്ധിച്ചാൽ നല്ല വിളവെടുക്കുകയുമാകാം. പ്രധാനമായും ശ്രദ്ധിക്കേണ്ടത് താഴ്ന്ന പ്രദേശങ്ങളിലോ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ളതോ പുഴയുമായി ചേർന്ന പ്രദേശങ്ങളിലോ വാഴകൾ നടാതിരിക്കലാണ്.

വെള്ളം ഒഴുകി​പ്പോവാൻ സൗകര്യമുണ്ടാകണം. ഇല്ലെങ്കിൽ വിരകളുടെ ആക്രമണമുണ്ടാകാനും സാധ്യതയുണ്ട്. ശക്തമായ കാറ്റുകളെ അതിജീവിക്കാൻ കരുത്തുള്ള ഊന്ന് കൊടുക്കലാണ് പ്രധാന പോംവഴി.

വാഴ നടാൻ അനുയോജ്യമായ കാലം ഏപ്രിൽ-മേയ്‌ അല്ലെങ്കിൽ ആഗസ്റ്റ്- സെപ്റ്റംബർ ആണ്. സാധാരണയായി ആഗസ്റ്റിൽ വിളവെടുക്കുന്ന രീതിയിലാണ് വാഴകൃഷി ചെയ്യാറുള്ളത്. അതായത്, ഓണം മുന്നിൽ കണ്ടുള്ള കൃഷി രീതി. അല്ലാതെയും ചെയ്തുവരുന്നുണ്ട്.

മഴക്കാലത്ത് ഫംഗസ് രോഗബാധ കൂടാൻ സാധ്യത ഉണ്ട്. ഇതിനെ പ്രതിരോധിക്കാൻ വെള്ളക്കെട്ട് പരമാവധി ഒഴിവാക്കുകയും, രോഗബാധ കാണുന്ന ഇലകൾ വെട്ടി തോട്ടത്തിൽനിന്ന് മാറ്റുകയും ചെയ്യണം. കുലകൾ വിരിഞ്ഞുകഴിഞ്ഞാൽ വാഴക്കൂമ്പ് നീക്കം ചെയ്യുന്നതും കുലകൾ പൊതിഞ്ഞു സംരക്ഷിക്കുന്നതും കായ്കളെ സംരക്ഷിക്കുന്നതിന് ഗുണം ചെയ്യും.

ഇൻഷുർ ചെയ്യാം

വാഴകൾ ഇൻഷുർ ചെയ്തിരിക്കണം. കന്ന് നട്ടിട്ട് ഒന്നര മുതൽ അഞ്ച് മാസത്തിനുള്ളിൽ സംസ്ഥാന സർക്കാറിന്റെ പുനരാവിഷ്കൃത വിള ഇൻഷുറൻസ് പദ്ധതിയിൽ​ ചേരാം. എയിംസ് പോർട്ടൽ (https://aims.kerala.gov.in/) വഴിയാണ് ഇൻഷുറൻസിന് അപേക്ഷിക്കേണ്ടത്. ഒരു വാഴക്ക് മൂന്ന് രൂപയാണ് അംശാദായം വരുന്നത്. വിളനാശം ഉണ്ടായാൽ കൃഷിഭവനിൽ വിവരം അറിയിക്കുകയും എയിംസ് പോർട്ടൽവഴി അപേക്ഷ നൽകുകയും വേണം.

കേന്ദ്രത്തിന്‍റെ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പോളിസിയാണെങ്കിൽ മൂന്നര രൂപയാണ് ഒരു വാഴക്ക് നൽകേണ്ടത്. pmfby.gov.in എന്ന പോർട്ടൽ വഴി കർഷകർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി അർഹമായ സാമ്പത്തിക സഹായം അനുവദിക്കുന്നതാണ്. സ്ഥിരമായി വെള്ളക്കെട്ടുകളുണ്ടാകുന്ന സ്ഥലത്തെ വാഴ കൃഷി ഇൻഷൂർ ചെയ്യാൻ സാധ്യത കുറവാണ്.

പരിപാലനം

മഴക്കാലത്ത് ചെയ്യേണ്ട പ്രധാന പരിപാലനം കരിഞ്ഞതും ഒടിഞ്ഞു തൂങ്ങിയതുമായ വാഴയിലകൾ മുറിച്ചുമാറ്റിക്കൊടുക്കുക എന്നതാണ്. രോഗം ബാധിച്ച ഇലകളുണ്ടെങ്കിൽ വെട്ടിമാറ്റി കത്തിച്ചുകളയുക. വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. മൂന്നു മുതൽ അഞ്ചു വരെ ദിവസം വെള്ളം കെട്ടിക്കിടക്കുന്നത് വേരുകൾ നശിക്കാനോ അണുബാധയുണ്ടാകാനോ ഇടയാക്കും. ഇത്തരം വാഴകൾ പിന്നെ ആരോഗ്യത്തോടെ നിലനിൽക്കാനുള്ള സാധ്യത കുറവാണ്.

മഴക്കാലത്ത് തൈകളുടെ വരമ്പുകളിലേക്ക് ബ്ലീച്ചിങ് പൗഡർ കിഴി കെട്ടി ഇടുന്നത് എർവീനിയ റോട്ട് പോലുള്ള ബാക്ടീരിയ മൂലമുള്ള രോഗങ്ങൾ ചെറുക്കാൻ സഹായിക്കും.

വെള്ളം കെട്ടിനിന്ന സ്ഥലങ്ങളിൽ, വെള്ളം ഇറങ്ങുമ്പോൾ ഓരോ വാഴയുടെയും ചുവട്ടിൽ ലിറ്ററിന് നാല് ഗ്രാം എന്ന രീതിയിൽ ബ്ലീച്ചിങ് പൗഡർ കലക്കി ഒഴിച്ചുകൊടുക്കാം. ഇതിനോടനുബന്ധിച്ചുണ്ടാകുന്ന രോഗങ്ങളാണ് പോള ചീയൽ, മാണം അഴുകൽ, പട്ട ഇടിച്ചിൽ തുടങ്ങിയവ. ഇതിനായി വാഴയുടെ ചുവട്ടിൽ മണ്ണ് നീക്കി മാണം അഴുകിയിട്ടുണ്ടോ എന്ന് നോക്കാം.

ദുർഗന്ധം വരുന്നുണ്ടെങ്കിൽ അവയുടെ ചുവട്ടിൽ സ്ട്രെപ്റ്റോസൈക്ലിൻ മൂന്ന് ഗ്രാമും കോപ്പർ ഓക്സിക്ലോറൈഡ് 30 ഗ്രാമും 10 ലിറ്റർ വെള്ളത്തിൽ കലക്കിയിട്ട് ഓരോ വാഴയുടെ ചുവട്ടിലും ഒഴിച്ചുകൊടുക്കാവുന്നതാണ്. കീടാക്രമണം കൂടുതലും ചൂടുകാലത്താണ് കണ്ടുവരുന്നത്. മഴക്കാലത്ത് കുറവായിരിക്കും. കീടനിയന്ത്രണത്തിനായി ജൈവ കീടനാശിനികൾ കൂടുതലായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

(വിവരങ്ങൾക്ക് കടപ്പാട്: 1. ഡോ. ദർശന ദിലീപ്,കൃഷി ഓഫിസർ 2. ജിതിൻ കെ.ആർ, കൃഷി ഓഫിസർ,കീഴൂർ-ചാവശ്ശേരി കൃഷിഭവൻ)

Tags:    
News Summary - Banana Farming,Planting,Care in Rainy season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.