സൊഹ്റാൻ മംദാനി

‘ലോകത്തെ സ്വാധീനിച്ച നേതാവ്’, പിന്നാലെ ശതകോടീശ്വരന്മാർക്ക് പണി കൊടുത്ത് സൊഹ്റാൻ മംദാനി; ന്യൂയോർക്കിൽ ആഡംബര വീടുകൾക്ക് ഇനി വൻ നികുതി

ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ ടൈം മാഗസിൻ പട്ടികയിൽ ഇടംപിടിച്ചതിന് പിന്നാലെ, ന്യൂയോർക്കിൽ അതിസമ്പന്നർക്ക് കനത്ത നികുതി ചുമത്തി മേയർ സൊഹ്റാൻ മംദാനി. നഗരത്തിന്റെ ചരിത്രത്തിലാദ്യമായി ആഡംബര വീടുകൾക്ക് 'പൈഡ്-എ-ടെറെ' നികുതി ഏർപ്പെടുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അധികാരമേറ്റ് നൂറ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഈ നിർണ്ണായക തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നത്.

ബുധനാഴ്ച പുറത്തിറങ്ങിയ ടൈം മാഗസിൻ പട്ടികയിൽ ലോകത്തെ പ്രമുഖ നേതാക്കൾക്കൊപ്പമാണ് സൊഹ്റാൻ മംദാനി ഇടംപിടിച്ചത്. ന്യൂയോർക്ക് നഗരത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളെ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാക്കിയതിനും, വാടക കുറക്കൽ, സൗജന്യ ബസ് യാത്ര തുടങ്ങിയ പുരോഗമനപരമായ നിലപാടുകൾക്കുമാണ് മംദാനി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർക്കൊപ്പമാണ് 34കാരനായ ഈ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവിന്റെ സ്ഥാനം.

എന്താണ് 'പൈഡ്-എ-ടെറെ' നികുതി?

നഗരത്തിൽ 5 ദശലക്ഷം ഡോളറിൽ (ഏകദേശം 42 കോടി രൂപ) കൂടുതൽ വിലയുള്ള വീടുകൾ സ്വന്തമായുള്ളവർക്കാണ് ഈ നികുതി ബാധകമാകുക. എന്നാൽ ഈ വീട്ടിൽ ഉടമസ്ഥർ സ്ഥിരമായി താമസിക്കുന്നില്ലെങ്കിൽ മാത്രമേ നികുതി നൽകേണ്ടതുള്ളൂ. സമ്പാദ്യം നിക്ഷേപിക്കാൻ വേണ്ടി മാത്രം ആഡംബര വീടുകൾ വാങ്ങിയിടുകയും അത് ഭൂരിഭാഗം സമയവും ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്ന രീതിക്ക് തടയിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘അതിസമ്പന്നരിൽ ഏറ്റവും സമ്പന്നരായവരെയാണ് ഞങ്ങൾ നികുതി ചുമത്തുന്നത്. ന്യൂയോർക്കിലെ റിയൽ എസ്റ്റേറ്റിൽ പണം പൂഴ്ത്തിവെക്കുന്നവർ ഇനി നഗരത്തിന്റെ വികസനത്തിനായി വിഹിതം നൽകണം’ എന്ന് മംദാനി വ്യക്തമാക്കി. ഏകദേശം 13,000 ആഡംബര യൂണിറ്റുകളെ ഈ നികുതി ബാധിക്കും.

പുതിയ നികുതി വഴി നഗരത്തിന് പ്രതിവർഷം കുറഞ്ഞത് 500 ദശലക്ഷം ഡോളർ (ഏകദേശം 4,200 കോടി രൂപ) വരുമാനം ലഭിക്കും. ഈ തുക സൗജന്യ ശിശുസംരക്ഷണം, സൗജന്യ ബസ് യാത്ര, നഗരശുചീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നീ ആവശ്യങ്ങൾക്കായി ഉപയോഗിക്കും. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പ്രതിനിധിയായ മംദാനിയുടെ ഈ നീക്കം വൻകിട നിക്ഷേപകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായേക്കാമെങ്കിലും സാധാരണക്കാരായ ന്യൂയോർക്കുകാർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നേരത്തെ ഈ നീക്കത്തെ എതിർത്തിരുന്ന ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ ഇപ്പോൾ മംദാനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ‘5 ദശലക്ഷം ഡോളറിന്റെ രണ്ടാമതൊരു വീട് വാങ്ങാൻ ശേഷിയുള്ളവർക്ക് നഗരത്തിനായി നികുതി നൽകാനും ശേഷിയുണ്ട്5 എന്ന് അവർ വ്യക്തമാക്കി.

Tags:    
News Summary - Zohran Mamdani introduces pied-a-terre tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.