പ്രിഗോഷിന്റെ മരണം: അപകട കാരണം വിമാനത്തിനകത്തെ സ്ഫോടനം?

ന്യൂയോർക്: പ്രിഗോഷിൻ സഞ്ചരിച്ച വിമാനം തകർന്നത് വിമാനത്തിനുള്ളിൽ തന്നെയുണ്ടായ സ്ഫോടനത്തെ തുടർന്നെന്ന് യു.എസിന്റെ പ്രാഥമിക അനുമാനം. പ്രിഗോഷിനെ ലക്ഷ്യമിട്ട് വിമാനത്തിനകത്തുതന്നെ സ്ഫോടനം നടത്തിയിരിക്കാനാണ് സാധ്യതയെന്ന് പേരുവെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, മിസൈൽ തൊടുത്തുവിട്ട് വിമാനം തകർക്കാനുള്ള സാധ്യതയെ കുറിച്ച് അനുമാനിക്കാവുന്ന ഒരു വിവരവുമില്ലെന്ന് പെന്റഗൺ വക്താവ് ജനറൽ പാറ്റ് റൈഡർ പറഞ്ഞു. വിമാനം ബോംബിട്ട് തകർത്തുവെന്നോ, ഇടിച്ച് തകർന്നുവെന്നോ ഉള്ള അനുമാനങ്ങളെ കുറിച്ച് പ്രതികരിക്കാനും അദ്ദേഹം തയാറായില്ല.

ബുധനാഴ്ച വിമാനം മോസ്കോയിൽനിന്ന് പറന്നുയർന്ന ഉടൻ തന്നെ തകർന്നുവീഴുകയായിരുന്നു. പ്രിഗോഷിന് പുറമെ വാഗ്നർ സംഘത്തിലെ ആറുപേരും വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ വാഗ്നർ സംഘത്തിലെ രണ്ടാമനായ സെക്കൻഡ് ഇൻ കമാൻഡ്, ലോജിസ്റ്റിക് തലവൻ, പ്രിഗോഷിന്റെ സുരക്ഷ ഭടൻ എന്നിവരും ഉൾപ്പെടുന്നതായാണ് വിവരം.

തങ്ങളുടെ സുരക്ഷയെ കുറിച്ച് അതിശ്രദ്ധാലുക്കളായ വാഗ്നർ സംഘത്തിലെ ഏറ്റവും ഉന്നതരായ ഉദ്യോഗസ്ഥർ എല്ലാവരും ഒരേ വിമാനത്തിൽ എങ്ങനെ സഞ്ചരിച്ചുവെന്നതും സെന്റ് പീറ്റേഴ്സ് ബർഗിലേക്കുള്ള യാത്രയുടെ ലക്ഷ്യവും അജ്ഞാതമാണ്.

മരണത്തിൽ പങ്കില്ലെന്ന് റഷ്യ

മോസ്കോ: വാഗ്നർ കൂലിപ്പട തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ പങ്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ്. വിമാനാപകടത്തിന് പിന്നിൽ തങ്ങളാണെന്ന ആരോപണത്തെ വെള്ളിയാഴ്ച പെസ്കോവ് നിഷേധിച്ചു. പ്രിഗോഷിൻ അടക്കമുള്ളവർ സഞ്ചരിച്ച വിമാനം അപകടത്തിൽപെട്ടതു സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

പടിഞ്ഞാറ് പ്രത്യേക ആംഗിളിലാണ് ഈ അഭ്യൂഹങ്ങൾ പരക്കുന്നത്. എന്നാൽ, ഇവയെല്ലാം പൂർണമായും കളവാണ് -പെസ്കോവ് പറഞ്ഞു. പ്രിഗോഷിന്റെ മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഫോറൻസിക്, ഡി.എൻ.എ പരിശോധനകളടക്കമുള്ളവ നടന്നുവരുകയാണെന്ന് പെസ്കോവ് പ്രതികരിച്ചു.

പ്രിഗോഷിന്റെ മരണം വാഗ്നർ പടയെ അസ്ഥിരമാക്കും -യു.കെ

ലണ്ടൻ: വാഗ്നർ ഗ്രൂപ് സ്ഥാപകൻ യെവ്ഗിനി പ്രിഗോഷിന്റെ മരണം വാഗ്നർ കൂലിപ്പടയെ അസ്ഥിരമാക്കുമെന്ന് യു.കെ. പ്രതിരോധ മന്ത്രാലയം. പ്രിഗോഷിൻ മരിച്ചുവെന്നു തന്നെയാണ് മനസ്സിലാക്കുന്നത്. അതേസമയം, പ്രത്യേക സുരക്ഷ നടപടികൾ എടുക്കുന്നയാളാണ് പ്രിഗോഷിൻ. ഈ സാഹചര്യത്തിൽ പ്രിഗോഷിന്റെ മരണം വാഗ്നർ സംഘത്തെ വലിയ തോതിൽ അസ്ഥിരമാക്കും.

ചുറുചുറുക്കും സാഹസികതയും കൈമുതലുള്ള, ലക്ഷ്യം കാണാൻ അങ്ങേയറ്റം ക്രൂരത ചെയ്യാൻ മടിയില്ലാത്തയാളുമായ പ്രിഗോഷിന് ഒത്ത പിൻഗാമിയെ ലഭിക്കാൻ സാധ്യത വിരളമാണ്. യുക്രെയ്നെതിരായ യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച വാഗ്നർ പട, ഏഷ്യയിലെയും ആഫ്രിക്കയിലെയും സംഘർഷ ഭൂമികളിൽ റഷ്യയുടെ സ്വാധീനം വ്യാപിപ്പിക്കുന്നതിൽ ആഗോളതലത്തിൽ നിർണായക പങ്കുവഹിച്ചവരാണ്. ഇതെല്ലാം പ്രിഗോഷിന്റെ നേതൃത്വത്തിന്റെകൂടി ഫലമാണ്.

Tags:    
News Summary - Yevgeny Prigozhin's death in plane crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.