കോവിഡ്​ പൊട്ടിപ്പുറപ്പെട്ട വുഹാനിൽ ജനങ്ങൾ ആഘോഷത്തിമർപ്പിൽ; മാസ്​ക്​ പോലുമില്ലാതെ തടിച്ചുകൂടി ആയിരങ്ങൾ

ബീജിങ്​: ലോകം കോവിഡ്​ വൈറസ്​ ഭീതിയിൽ വിറങ്ങലിച്ച്​ നിൽക്കു​േമ്പാൾ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത നഗരമായ ചൈനയിലെ വുഹാനിൽ ജനങ്ങൾ ആഘോഷത്തിമർപ്പിലാണ്​. കോവിഡിനെ പ്രതിരോധിക്കാൻ ലോകം മുഖാവരണം അണിഞ്ഞും സാമൂഹിക അകലം പാലിച്ചും മുൻകരുതലെടുക്കു​േമ്പാൾ യാതൊരു കൂസലുമില്ലാതെ കോവിഡി​െൻറ പ്രഭവ കേന്ദ്രത്തില്‍ ഉല്ലാസരാവുകളാണ്​.

കഴിഞ്ഞ ഞായറാഴ്​ച ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവലിന്‍റെ ഭാഗമായി ആയിരക്കണക്കിന് ആളുകളാണ് കോവിഡ് ഭീതിയില്ലാതെ വുഹാനിലെ പ്രശസ്തമായ ബീച്ച് വാട്ടർ തീം പാർക്കിൽ ഒത്തുചേർന്നത്. മുഖാവരണങ്ങൾ ഇല്ലാതെ സാമൂഹിക അകലം പാലിക്കാതെ സ്വിമ്മിങ്​ പൂളിലെ റബ്ബർ ട്യൂബുകളിൽ ആളുകള്‍ ഉല്ലസിക്കുകയായിരുന്നു.

വാട്ടർ തീം പാർക്കിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വുഹാൻ നിവാസികൾക്കും പ്രാദേശിക ഭരണകൂടത്തിനുമെതിരേ ശക്തമായ വിമർശനങ്ങളാണ്​ എല്ലാ ഭാഗത്തുനിന്നും ഉയരുന്നത്​. 76 ദിവസം നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കു ശേഷം ഘട്ടംഘട്ടമായി ഇളവുകൾ‌ നൽകിയ വുഹാനിൽ ജൂണിലാണ് വാട്ടർ തീം പാർക്കുകൾ തുറക്കാൻ അനുമതി നൽകിയത്.

എന്നാൽ, സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെ നിബന്ധനകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പാർക്കിൽ ഉൾക്കൊള്ളാവുന്നതിൽ പകുതിയോളം ആളുകൾ ആഘോഷങ്ങൾക്കായി ഒത്തു ചേർന്നു. പാർക്കിലെ പ്രവേശനത്തിനായി സ്ത്രികൾക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ടും നൽകിയെന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.