ആശുപത്രി നേരെയുള്ള ഇസ്രായേൽ ബോംബാക്രമണത്തിൽ 'ലോകം ലജ്ജിക്കണം'; പ്രതികരിച്ച് യു.എൻ

ഗസ്സ: ദക്ഷിണ ഗസ്സ നഗരമായ ഖാൻ യൂനിസിലെ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് യു.എൻ. അൽ-അമൽ ആശുപത്രിയിൽ നടത്തിയ ആക്രമണത്തിലാണ് യു.എൻ മനുഷ്യാവകാശ ഏജൻസിയുടെ ഗസ്സയിലെ ചുമതലക്കാരി ജെമ്മ കോണേൽ പ്രതികരിച്ചിരിക്കുന്നത്.

ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ലോകം തലതാഴ്ത്തണമെന്ന് കോണേൽ പറഞ്ഞു. അഞ്ച് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ അഞ്ച് വയസുള്ള കുട്ടിയും ഉൾപ്പെടും. ഫലസ്തീൻ റെഡ് ക്രസന്റിന്റെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആശുപത്രിയുടെ റൂഫിൽ റെഡ് ക്രെസന്റിന്റെ എംബ്ലവും ഉണ്ടായിരുന്നുവെന്ന് ജെമ്മ കോണൽ വ്യക്തമാക്കി.

ഒരു കുട്ടിയും യുദ്ധത്തിൽ കൊല്ലപ്പെടരുത്. മാനുഷിക സംഘടനക്ക് കീഴിൽ അഭയം തേടിയ കുട്ടിയാണ് കഴിഞ്ഞ ദിവസം കൊല്ല​പ്പെട്ടിരിക്കുന്നത്. ഇത് കുട്ടികൾ ജീവിക്കുന്ന ഇടമാണ്. പക്ഷേ കുട്ടികൾക്ക് ഇവിടത്തെ ഒരു സ്ഥലവും സുരക്ഷിതമല്ല. ഇതോർത്ത് ലോകം ലജ്ജിക്കണമെന്ന് ജെമ്മ കോണേൽ പറഞ്ഞു.

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ പൗരന്മാരുടെ എണ്ണം 22,185ലേക്ക് ഉയർന്നു. 57,000 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ 15 ആക്രമണങ്ങൾ ഗസ്സയിൽ നടത്തിയതായും 207 പേർ കൊല്ലപ്പെട്ടതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 338 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ മാത്രം 4,156 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 381 സ്കൂളുകൾ പൂർണമായോ ഭാഗികമായോ ഇസ്രായേൽ ബോംബിട്ട് തകർത്തു. അതേസമയം, ഇസ്രായേൽ കരസേനക്കെതിരെയുള്ള ഹമാസിന്‍റെ തിരിച്ചടിയിൽ 173 സൈനികർ ഇതുവരെ കൊല്ലപ്പെട്ടു.

Tags:    
News Summary - ‘World should be ashamed’: UN official at scene of hospital bombing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.