ന്യൂയോർക്ക്: ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളെ കണ്ടെത്തുന്ന 'വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2026' പുറത്തുവന്നു. ആഗോളതലത്തിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും 79 രാജ്യങ്ങൾ തങ്ങളുടെ സന്തോഷ സൂചികയിൽ വലിയ പുരോഗതി കൈവരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. തുടർച്ചയായ ഒമ്പതാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ് തിരഞ്ഞെടുക്കപ്പെട്ടു. 10ൽ 7.764 പോയിന്റാണ് ഫിൻലൻഡ് നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.375 പോയിന്റിന്റെ വർധനവാണ് ഇത്തവണ ഉണ്ടായത്.
സന്തോഷത്തിന്റെ കാര്യത്തിൽ നോർഡിക് രാജ്യങ്ങൾ തന്നെയാണ് ഇത്തവണയും മുന്നിൽ. ഫിൻലൻഡ്, ഐസ്‌ലൻഡ്, ഡെന്മാർക്ക്, കോസ്റ്റാറിക്ക, സ്വീഡൻ, നോർവേ, നെതർലാൻഡ്‌സ്, ലക്സംബർഗ്, ഇസ്രായേൽ, സ്വിറ്റ്സർലൻഡ് എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ചിരിക്കുന്നത്. ഒരു രാജ്യത്തെ ജനങ്ങളുടെ സന്തോഷം പ്രധാനമായും ആറ് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. പ്രതിശീർഷ വരുമാനം, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, ജീവിത തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം, ഔദാര്യം/ദാനശീലം, അഴിമതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവയെ അടിസ്ഥാനമാക്കിയാണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളെ കണ്ടെത്തുന്നത്.
147 രാജ്യങ്ങളുടെ പട്ടികയിൽ 116-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷം (2025) ഇന്ത്യ 118-ാം സ്ഥാനത്തായിരുന്നു. ഇത്തവണ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയെങ്കിലും അയൽരാജ്യങ്ങളായ പാകിസ്താൻ (104), നേപ്പാൾ (99) എന്നിവയേക്കാൾ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ വർഷത്തെ റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം യുവാക്കൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗവും അവരുടെ മാനസികാരോഗ്യവും തമ്മിലുള്ള ബന്ധമാണ്. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവാക്കളുടെ സന്തോഷം കുറക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ദിവസം 5 മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പെൺകുട്ടികളിൽ വിഷാദം, ഉത്കണ്ഠ എന്നിവക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദിവസം ഒരു മണിക്കൂറിൽ താഴെ മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ ജീവിത സംതൃപ്തി (Life Satisfaction) ഉള്ളതായി കണ്ടെത്തിയത്. ഒട്ടും ഉപയോഗിക്കാത്തവരേക്കാൾ സന്തോഷം ഇത്തരക്കാർക്കാണെന്നത് ശ്രദ്ധേയമാണ്. ഇൻഫ്ലുവൻസർമാരുടെ ജീവിതവുമായി സ്വയം താരതമ്യം ചെയ്യുന്നതും അൽഗോരിതം നിയന്ത്രിക്കുന്ന വീഡിയോകൾ തുടർച്ചയായി കാണുന്നതും യുവാക്കളുടെ സന്തോഷം കുറക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.