450 കിലോഗ്രാം ഭാരമുള്ള മത്സ്യത്തെ ഒറ്റയ്ക്ക് പിടിച്ച് യുവതി; കുടുങ്ങിയത് കോടികൾ വിലവരുന്ന ബ്ലൂഫിൻ ട്യൂണ

കടലിൽ മീൻ പിടിക്കാൻ പോവുന്നവരുടെ പ്രധാന മൂലധനം സമയവും ആരോഗ്യവുമാണ്. മറ്റെല്ലാം കടലമ്മ തരും എന്നാണ് കടലിന്റെ മക്കളുടെ വിശ്വാസം. കടലിൽ പോയി മീൻ പിടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏറെ ശ്രമകരമായ ജോലിയാണത്. ചെറിയ കുഞ്ഞൻ മത്സ്യങ്ങളെ പിടിക്കുന്നത് പോലെയല്ല കടലിലെ വമ്പന്മാരുടെ കാര്യം. ചൂണ്ടയിലോ വലയിലോ മത്സ്യം കുടുങ്ങിയാൽ തന്നെ ആരുടെയെങ്കിലും സഹായമില്ലാതെ അവയെ വലിച്ച് കയറ്റാനും പ്രയാസമാണ്. എന്നാൽ 450 കിലോഗ്രാം ഭാരമുള്ള മത്സ്യത്തെ ഒറ്റയ്ക്ക് പിടിച്ച് താരമായിരിക്കുകയാണ് യുവതി.


മത്സ്യം പിടിക്കുന്ന ദൃ​ശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അമേരിക്കയിലെ ന്യൂ ഹാംഷെയറിൽ നിന്നുള്ള മിഷേൽ ബാൻസ്വിക്സ് എന്ന യുവതിയാണ് മീൻ പിടിച്ച് താരമായത്. അവരെക്കാൾ അഞ്ചുമടങ്ങ് വലിപ്പമുള്ള മത്സ്യത്തെയാണ് മിഷേൽ ഒറ്റയ്ക്ക് പിടിച്ചത്. മിഷേൽ തന്നെയാണ് ഈ അതിസാഹസിക നിമിഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

മിഷേലിന്റെ ചൂണ്ടയിൽ കുടുങ്ങിയതാകട്ടെ ബ്ലൂഫിൻ ട്യൂണ എന്ന വിലയേറിയ മത്സ്യമാണ്. ജാപ്പനീസ് മാർക്കറ്റിൽ ഗ്രേഡനുസരിച്ച് ലക്ഷങ്ങൾ മുതൽ കോടികൾവരെ ബ്ലൂഫിൻ ട്യൂണക്ക് ലഭിക്കും. ജാപ്പനീസ് ഭക്ഷ്യ വിഭവമായ സുഷിയിൽ ഉപയോഗിക്കുന്ന വിശിഷ്ട മാംസമാണ് ബ്ലൂഫിൻ ട്യൂണയുടേത്. 2020ൽ 276 കിലോഗ്രാം ഭാരം വരുന്ന ബ്ലൂഫിൻ ട്യൂണ ജാപ്പനീസ് മാർക്കറ്റിൽ ലേലത്തിൽപോയത് 1.8 മില്യൻ ഡോളർ അഥവാ 12.8 കോടി രൂപയ്ക്കാണ്.


2015 മിഷേൽ ആദ്യമായി കടലിൽ മത്സ്യം പിടിക്കാൻ പോകുന്നത്. 2019 മിഷേൽ സ്വന്തമായൊരു ബോട്ടും വാങ്ങി. അവരുടെ ചൂണ്ടയിൽ വമ്പൻ മീനുകൾ കുടുങ്ങുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ 643 കിലോഗ്രാം ഭാരമുള്ള മീനിനെ മിഷേൽ വലയിലാക്കിയിരുന്നു. പ്രദേശത്തെ മത്സ്യബന്ധന ബോട്ടുകളിലെ ഏക വനിതാ ക്യാപ്റ്റനും കൂടിയാണ് മിഷേൽ. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്ന് മിഷേൽ പ്രതികരിച്ചു. 

Full View

Tags:    
News Summary - Woman Managed To Pull In A Large 450 Kilogram Bluefin Tuna On Board Her Boat All By Herself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.