കാൻബെറ: ആസ്ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്ലൻഡിന്റെ വടക്കൻ മേഖലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് സ്ത്രീ മരിക്കുകയും ആയിരക്കണക്കിന് പേരെ കുടിയൊഴിപ്പിക്കുകയും ചെയ്തു. നിരവധി വീടുകൾ മുങ്ങുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ക്വീൻസ്ലൻഡിലെ ഇംഗാം പട്ടണത്തിൽ രക്ഷാപ്രവർത്തന ബോട്ട് മരത്തിലിടിച്ച് മറിഞ്ഞാണ് സ്ത്രീ മരിച്ചത്. വെള്ളിയാഴ്ച മുതൽ മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്.
മൂന്നു ദിവസത്തിനിടെ 1000ത്തിലേറെ എം.എം മഴ പെയ്തത് റെക്കോഡാണെന്ന് ക്വീൻസ്ലൻഡ് സ്റ്റേറ്റ് പ്രീമിയർ ഡേവിഡ് ക്രിസഫുള്ളി പറഞ്ഞു. ശക്തമായ മഴ തിങ്കളാഴ്ച വരെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. മഴയുടെ ശക്തി മാത്രമല്ല, കൂടുതൽ സമയം നീണ്ടുനിൽക്കുന്നതാണ് ആശങ്കപ്പെടുത്തുന്നതെന്നും ക്രിസഫുള്ളി എ.ബി.സി ചാനലിനോട് പറഞ്ഞു.
മഴ തുടരുന്നതിനാൽ വെള്ളപ്പൊക്കം രൂക്ഷമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 60 വർഷത്തിനിടെ മേഖല നേരിടുന്ന ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറഞ്ഞു.
1700 വീടുകൾ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്ന് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ച ടൗൺസ്വില്ലെയിലെ പ്രാദേശിക ദുരന്തര നിവാരണ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.