223 കോടി നൽകി ടിക്കറ്റെടുത്തയാൾ പോകില്ല; ബെസോസിനൊപ്പം ബഹിരാകാശത്തേക്ക്​ ഭാഗ്യംലഭിച്ച്​ 18കാരൻ

വാഷിങ്​ടൺ: വിനോദസഞ്ചാരം ഭൂമിക്കുമപ്പുറത്ത്​ ബഹിരാകാശത്തേക്ക്​ പറന്നുകയറിയ പുതിയ കാലത്ത്​ അതിസമ്പന്നർക്കൊപ്പം യാത്രക്ക്​ ടിക്കറ്റെടുക്കാൻ ലേലത്തിൽ പ​ങ്കെടുക്കുന്നവരുടെ ബഹളമാണ്​ എങ്ങും. റിച്ചാർഡ്​ ബ്രാൻസണ്​ പിറകെ ബഹിരാകാശത്തേക്ക്​ കുതിക്കുന്ന ശതകോടീശ്വരൻ ജെഫ്​ ബിസോസിനൊപ്പം യാത്ര ചെയ്യാൻ മൂ​ന്നു കോടി ഡോളർ നൽകിയാണ്​ ഇനിയും പേരുവെളിപ്പെടുത്താത്ത ഒരാൾ ടിക്കറ്റെടുത്തിരുന്നത്​. എന്നാൽ, അദ്ദേഹം പോകുന്നില്ലെന്നും പകരം 18 കാരനായ ഒലിവർ ഡെയ്​മാൻ എന്ന 18 കാരനാണ്​ പുറപ്പെടുന്നതെന്നുമാണ്​ പുതിയ റിപ്പോർട്ട്​. സമയ പ്രശ്​നമാണത്രെ പിൻമാറ്റത്തിന്​ കാരണം. സ്വകാര്യവിമാനം പറത്താനുള്ള ലൈസൻസ്​ ഇതിനകം സ്വന്തമാക്കിയ ഡെയ്​മാൻ യൂറോപിലെ മുൻനിര കമ്പനിയായ സോമർസെറ്റ്​ കാപിറ്റൽ പാ​ർട്​ണേഴ്​സ്​ സി.ഇ.ഒ ആയ ജോയസ്​ ഡെയ്​മെന്‍റെ മകനാണ്​. ഒലിവറിന്‍റെ യാത്രക്ക്​ ടിക്കറ്റിനത്തിൽ എത്ര നൽകിയെന്ന്​ പക്ഷേ, റിപ്പോർട്ട്​ പറയുന്നില്ല.

ട്വിറ്ററിൽ ഒലിവർ തന്നെയാണ്​ തന്‍റെ യാത്രയെ കുറിച്ച്​ പോസ്റ്റിട്ട്​ ലോകത്തെ അറിയിച്ചത്​. ബിസോസിന്‍റെ ബ്ലൂ ഒറിജിനിനു കീഴിൽ ന്യൂ ഷെപ്പേഡ്​ പേടകത്തിലേറിയാകും ജൂലൈ 20ന്​ ബഹിരാകാശ യാത്ര. ജെഫ്​ ബിസോസ്​, സഹോദരൻ മാർക്​ ബിസോസ്​, 82കാരിയായ ​അമേരിക്കൻ വൈമാനിക വാലി ഫങ്ക്​, 18കാരൻ ഒലിവർ എന്നിവരാണ്​ യാത്രയിലുണ്ടാകുക. ഏറ്റവും പ്രായം കൂടിയ, കുറഞ്ഞ യാത്രക്കാർ ഒന്നിച്ച്​ പുറപ്പെടുന്ന ബഹിരാകാശ യാത്ര കൂടിയാകും ഇത്​.

ഭൂമിയിൽനിന്ന്​ 100 കിലോമീറ്റർ മുകളിൽ വരെയാകും ഇവ സഞ്ചരിക്കുക. 10 മിനിറ്റ്​ യാത്രയിൽ മൂന്നോ ​നാലോ മിനിറ്റ്​ ബഹിരാകാശത്ത്​ ചെലവഴിക്കും. 1969ൽ മനുഷ്യരെയുമായി അപ്പോളോ ചന്ദ്രനിൽ ഇറങ്ങിയതിന്‍റെ വാർഷികദിനത്തിലാകും യാത്ര.

ബിസോസിനൊപ്പം പുറപ്പെടാൻ​ 159 രാജ്യങ്ങളിൽനിന്ന്​ 7,600 പേരാണ്​ ലേലത്തിൽ പ​ങ്കെടുത്തിരുന്നത്​. ഇതിലെ യഥാർഥ വിജയി പിന്നീട്​ മറ്റൊരു യാത്രയുടെ ഭാഗമാകും. 

Tags:    
News Summary - Winner who paid $30m for space flight with Bezos won’t go due to ‘scheduling conflicts’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.