തെൽ അവീവ്: ഹമാസ് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തില്ലെങ്കിൽ ഗസ്സയെ മുഴുവനായും തകർക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ മുന്നറിയിപ്പ്. ഇസ്രായേൽ സൈന്യം ഒരു വലിയ ആക്രമണം നടത്തുമെന്നും അതിന്റെ ‘നിർണ്ണായക ഘട്ടം’ പുരോഗമിക്കുകയാണെന്നും കാറ്റ്സ് പറഞ്ഞു.
ശനിയാഴ്ചയാണ് ‘എക്‌സ്’ പോസ്റ്റിലൂടെ ഇസ്രായേല്‍ മന്ത്രി ഗസ്സയിലെ ആക്രമണങ്ങള്‍ ഐ.ഡി.എഫ് തീവ്രമാക്കിയതായും നിര്‍ണായകമായ ഘട്ടത്തിലേക്ക് കടന്നതായും അറിയിച്ചത്. ഗസ്സനഗരത്തില്‍ നിന്നും ഏഴര ലക്ഷം ജനങ്ങള്‍ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്‌തെന്നും ഹമാസ് തങ്ങള്‍ക്ക് ഭീഷണിയാണെന്നും ഇസ്രായേൽ കാറ്റ്‌സ് ‘എക്‌സി’ല്‍ കുറിച്ചു. ഹമാസിന്റെ ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിന് സൈന്യത്തിന് മുന്നില്‍ സ്വയം നിയന്ത്രിത റോബോട്ടിക് വാഹനങ്ങൾ വിന്യസിക്കുകയും ചെയ്‌തെന്നും കാറ്റ്‌സ് പറഞ്ഞു.
ഗസ്സയിലെ വ്യോമ, കര മേഖലകളില്‍ നിന്നുള്ള പ്രതിരോധ ശക്തികളെ തകര്‍ക്കാനായി ശക്തമായ വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ കാറ്റ്‌സ്, ഐ.ഡി.എഫ് സൈനികരെ ധീരമായി പോരാടുന്നവരെന്നും വിശേഷിപ്പിച്ചു. ഗസ്സയില്‍ മാത്രമല്ല, സമീപപ്രദേശങ്ങൾക്കു നേരെയും കനത്ത ആക്രമണമാണ് നടത്തുന്നതെന്നും അവിടങ്ങളിലെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഹമാസിനെ വെല്ലുവിളിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.