തെഹ്റാൻ: രാജ്യത്തിനകത്ത് അമേരിക്കൻ കരസേനയെ വിന്യസിക്കാനുള്ള ഏത് നീക്കത്തിനെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ കരസേനാ കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി ജഹാൻശാഹി. അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ സൈനികരുടെ കാലുകൾ വെട്ടിനിരത്തുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഹുർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും, രാജ്യത്ത് യു.എസ് കരസേനയുടെ കടന്നുകയറ്റമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന നിലപാടിലാണ് ഇറാൻ. തങ്ങളുടെ അതിർത്തികളിൽ ഇറാൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും ശത്രുക്കളുടെ ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും ജനറൽ അലി ജഹാൻശാഹി വ്യക്തമാക്കി. ഇറാന് നേരെ കരയാക്രമണം ഉണ്ടായാൽ അതിവേഗവും നിർണായകവുമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ സൈനിക മുന്നറിയിപ്പുകൾക്കിടയിലും വാഷിങ്ടണും തെഹ്‌റാനും മധ്യസ്ഥർ വഴി ആശയവിനിമയങ്ങൾ തുടരുന്നുണ്ട്. അതേസമയം അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കയുമായി നിലവിൽ നേരിട്ട് ചർച്ചകൾ നടക്കുന്നില്ലെന്നും, മറിച്ച് ഇടനിലക്കാർ വഴിയാണ് സന്ദേശങ്ങൾ കൈമാറുന്നതെന്നും ഐ.ആർ.ഐ.ബി റിപ്പോർട്ട് ചെയ്തു.
പുതിയ ചർച്ചകൾക്കുള്ള സാഹചര്യമൊരുക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും, ഇസ്‍ലാമാബാദ് ധാരണാപത്രത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ട് വാഷിങ്ടണിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകാതെ നേരിട്ടുള്ള ചർച്ചകളിലേക്ക് മടങ്ങില്ലെന്ന് അരാഗ്ചി വ്യക്തമാക്കി. ധാരണാപത്രത്തിന്റെ ലംഘനം അവസാനിപ്പിക്കുകയും അതിന് അമേരിക്ക പരിഹാരം കാണുകയും ചെയ്യാതെ ചർച്ചകൾ പുനരാരംഭിക്കാൻ യാതൊരു സാധ്യതയുമില്ലെന്നാണ് ഇറാന്റെ നിലപാട്.
അതേസമയം ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്ക ഭാഗികമായി മാത്രമാണ് ഏർപ്പെട്ടിരിക്കുന്നതെന്നും രാജ്യത്ത് സാമ്പത്തിക സമ്മർദ്ദം വർധിക്കുന്നത് വരെ കാത്തിരിക്കാൻ ഭരണകൂടം തീരുമാനിച്ചതായും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.
നിലവിൽ ഒമാനുമായി പുതിയ കപ്പൽ പാതകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ കരാറിലേക്ക് നീങ്ങുകയാണ് ഇറാൻ. എന്നാൽ, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെങ്കിൽ അമേരിക്ക തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ഇറാൻ ആവർത്തിച്ചു. യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകുക, ഉപരോധങ്ങൾ പിൻവലിക്കുക, സൈനിക ഭീഷണികൾ അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകൾ പാലിച്ചാൽ മാത്രമേ കടലിടുക്ക് തുറക്കൂ എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.