മാജിദ് അൽ അൻസാരി, ബിന്യമിൻ നെതന്യാഹു

‘ഖത്തറിനെ കുറ്റപ്പെടുത്തുന്നത് ശ്രദ്ധതിരിക്കാൻ’; നെതന്യാഹുവിന്റെ ആരോപണത്തിന് ശക്തമായ മറുപടി

​ന്യൂയോർക്ക്: ഇസ്രയേലിനെതിരെ ആഗോളതലത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുന്നതിനായി ഖത്തർ പ്രചാരണം നടത്തുകയാണെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ആരോപണം നിഷേധിച്ച് ഖത്തർ. ഇസ്രയേൽ അധീനതയിലുള്ള ഫലസ്തീൻ പ്രദേശങ്ങളിലെ നടപടികളിൽനിന്നും അവയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ആരോപണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പ്രതികരിച്ചു.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് നെതന്യാഹു ഖത്തറിനെതിരെ ആരോപണം ഉന്നയിച്ചത്. ഖത്തർ വർഷങ്ങളായി സർവകലാശാലകൾക്കും അൽ ജസീറ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കും ധനസഹായം നൽകുന്നതായും, ഇസ്രയേലിനും അമേരിക്കക്കും പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെ യുവാക്കളിൽ വിരോധം വളർത്തുകയാണ് ലക്ഷ്യമെന്നും നെതന്യാഹു ആരോപിച്ചിരുന്നു.

ഈ ആരോപണങ്ങൾ ‘തികച്ചും അടിസ്ഥാനരഹിത’മാണെന്ന് ഖത്തർ വിശേഷിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ, ഇസ്രയേലിനെക്കുറിച്ചുള്ള നിലപാടുകളിൽ ഉണ്ടാകുന്ന മാറ്റത്തെ സംഘടിത പ്രചാരണങ്ങളുടെ ഫലമായി മാത്രം ചിത്രീകരിക്കുന്നത് ഒരു തലമുറയുടെ കഴിവിനെ അപമാനിക്കുന്നതാണെന്ന് അൽ അൻസാരി പറഞ്ഞു.

ഫലസ്തീൻ പ്രദേശങ്ങളിൽ നടക്കുന്നതായി ആളുകൾ നേരിട്ട് കാണുന്ന സംഭവങ്ങളാണ് മിക്കവരുടെയും നിലപാടുകളെ സ്വാധീനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ ഇസ്രയേലിനെക്കുറിച്ച പൊതുധാരണയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഖത്തറിനെയോ മറ്റ് രാജ്യങ്ങളെയോ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം സർക്കാർ നയങ്ങളിലാണ് ഇസ്രയേൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അൽ അൻസാരി പറഞ്ഞു. ഇസ്രയേൽ നയങ്ങളിൽ മാറ്റം വരുത്തുകയും അന്താരാഷ്ട്ര നിയമത്തെ മാനിക്കുകയും സ്വന്തം നടപടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

ഇസ്രയേലിനെതിരെ പ്രചാരണങ്ങൾക്ക് മേഖലയിൽ നിരവധി രാജ്യങ്ങൾ ധനസഹായം നൽകുന്നുണ്ടെന്ന് നെതന്യാഹു ആരോപിച്ചിട്ടുണ്ട്. ഖത്തറാണ് ഇത്തരം നയങ്ങൾ ആദ്യം സ്വീകരിച്ചതെന്നും തുർക്കിയാണ് ഏറ്റവും ഒടുവിലത്തേതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒക്ടോബർ 7 ആക്രമണവുമായി ബന്ധപ്പെട്ട ഹമാസ് അംഗങ്ങൾക്ക് ഖത്തർ അഭയം നൽകുന്നുവെന്നും നെതന്യാഹു ആരോപിച്ചു.

Tags:    
News Summary - ‘Distraction from Crimes’: Qatar Strongly Rebuts Netanyahu’s UNGA Allegations on Anti-Israel Campaigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.