'ഏഴ് ദിവസത്തിനകം നിബന്ധനകൾ അംഗീകരിക്കണം'; ഹുർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയ്ക്ക് പുതിയ നിർദേശവുമായി ഇറാൻ
ന്യൂയോർക്ക്: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി ഏഴ് ദിവസത്തെ പ്രത്യേക കർമ്മപദ്ധതിയുമായി ഇറാൻ. യു.എൻ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ വെച്ച് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് യു.എസ് മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ജൂണിൽ വാഷിങ്ടണും തെഹ്റാനും തമ്മിൽ ധാരണയായ മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങിലെ വ്യവസ്ഥകൾ നടപ്പിലാക്കുകയാണ് ഈ പുതിയ പദ്ധതിയുടെ ലക്ഷ്യം. ശത്രുതാപരമായ നീക്കങ്ങൾ അവസാനിപ്പിക്കുക, സമുദ്രഗതാഗതത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ ആഴ്ചയുടെ തുടക്കത്തിൽ മധ്യസ്ഥർ മുഖാന്തരമാണ് ഇറാൻ ഈ പ്രൊപ്പോസൽ വാഷിങ്ടണിന് കൈമാറിയത്.
ആഗോളതലത്തിൽ എണ്ണ-വാതക കയറ്റുമതിയെയും സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിച്ച ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങൾ നിലവിലെ സംഘർഷത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. യു.എസും ഇസ്രായേലും ചേർന്ന് ആരംഭിച്ച സൈനിക നടപടികൾ ഏഴ് മാസത്തോളം പിന്നിടുന്ന പശ്ചാത്തലത്തിലാണ് ഇറാൻ ഈ പുതിയ സമാധാന നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. നിർദ്ദിഷ്ട ഏഴ് ദിവസത്തിനകം അമേരിക്ക തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇറാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.