യു.എൻ വേദിയിൽ നയതന്ത്ര നീക്കങ്ങളുമായി പാകിസ്താൻ; ബംഗ്ലാദേശ്, ഇറാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ശഹ്ബാസ് ഷെരീഫ്
ന്യൂയോർക്ക്: ബംഗ്ലാദേശുമായും ഇറാനുമായും ഉള്ള ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതൽ ദൃഢമാക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫ്. 81-ാമത് ഐക്യരാഷ്ട്രസഭ പൊതുസഭയുടെ ഭാഗമായി ന്യൂയോർക്കിൽ വെച്ചാണ് പാക് പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും നിർണായക ചർച്ചകൾ പൂർത്തിയാക്കുകയും ചെയ്തത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനുമായി വളരെ സൗഹൃദപരവും ഊഷ്മളവുമായ ചർച്ചയാണ് നടത്തിയതെന്ന് ശഹ്ബാസ് ഷെരീഫ് എക്സിലൂടെ വ്യക്തമാക്കി. വ്യാപാരം, നിക്ഷേപം, ഗതാഗത-ബന്ധ സൗകര്യങ്ങൾ, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ഷരീഫ് വ്യക്തമാക്കി. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും വിവിധ ബഹുരാഷ്ട്ര വേദികളിലും പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള ഏകോപനം തുടരാനും തീരുമാനിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ നയപരമായ ബന്ധങ്ങൾ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്താനുമായി കൂടുതൽ അടുക്കാനുള്ള ധാക്കയുടെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.
ഇതിനിടെ 81-ാമത് യുഎൻ പൊതുസഭാ സമ്മേളനത്തിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാനെ ശഹ്ബാസ് ഷെരീഫ് അഭിനന്ദിച്ചു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ധാക്ക ശ്രമിക്കുന്നതിനിടെയാണ് പാകിസ്താനുമായുള്ള ബന്ധത്തിലും പുതിയ ശ്രദ്ധ നൽകുന്നത്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ പാരമ്പര്യവും സൗഹൃദ ബന്ധവും ശഹ്ബാസ് ഷെരീഫ് ആവർത്തിച്ചുറപ്പിച്ചു. നിലവിലെ പ്രാദേശിക സംഘർഷങ്ങളിലും സുരക്ഷാ വിഷയങ്ങളിലും ചർച്ച നടത്തിയതായി അദ്ദേഹം അറിയിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനായി ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ പാകിസ്താൻ ക്രിയാത്മകമായ പങ്ക് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകൾ വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.