മരുന്ന് ക്ഷാമം; ഗസ്സയിൽ അവയവങ്ങൾ മുറിച്ചുമാറ്റൽ ശസ്ത്രക്രിയ പോലും നടത്തുന്നത് അനസ്തേഷ്യ നൽകാതെ

ഗസ്സ സിറ്റി: ഗസ്സയിലെ പല ആശുപത്രികളിലും ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നത് അനസ്തേഷ്യയില്ലാതെയെന്ന് ലോകാരോഗ്യ സംഘടന. മാരകമായി പരിക്കേറ്റ അവയവങ്ങൾ മുറിച്ചുമാറ്റൽ ഉൾപ്പെടെ ഇങ്ങനെ രോഗികളെ മയക്കാതെ ചെയ്യേണ്ടിവരികയാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഗസ്സയിലേക്ക് മെഡിക്കൽ സഹായം തടയുന്ന നടപടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

ഗസ്സയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാർ ഉൾപ്പെടെ 160 ആരോഗ്യപ്രവർത്തകരാണ് സേവനത്തിനിടെ കൊല്ലപ്പെട്ടതെന്നും ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്മെയർ പറഞ്ഞു.

ഗസ്സയിലെ 35 ആശുപത്രികളിൽ 16 എണ്ണം ഇന്ധനം നിലച്ചതിനെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചതായി ഫലസ്തീനിയൻ റെഡ് ക്രസന്‍റ് സൊസൈറ്റി അറിയിച്ചു. ബാക്കിയുള്ളവയും കടുത്ത ഇന്ധനക്ഷാമം നേരിടുകയാണ്. ഗസ്സയിലേക്ക് ഇന്ധനമുൾപ്പെടെ തടസ്സമില്ലാത്ത സഹായം എത്തുന്നുവെന്ന് അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തിയില്ലെങ്കിൽ ഭയാനകമായ മാനുഷിക ദുരന്തം സംഭവിക്കും -പി.ആർ.സി.എസ് പറഞ്ഞു.

 

പി.ആർ.സി.എസിന് കീഴിലെ ഗസ്സയിലെ അൽ-കുദ്സ് ആശുപത്രിയിൽ കനത്ത ഇന്ധന-മരുന്ന് ക്ഷാമമാണ് അനുഭവപ്പെടുന്നത്. വടക്കൻ ഗസ്സയിലേക്ക് ഒരു സഹായവും എത്താൻ ഇസ്രായേൽ അനുവദിക്കുന്നില്ല. തെക്കൻ ഗസ്സയിലേക്കാവട്ടെ വളരെ പരിമിതമായ അളവിൽ മാത്രമാണ് സഹായം കടത്തിവിടുന്നത്.

ഒരു മാസമായി തുടരുന്ന ഇസ്രായേൽ മനുഷ്യക്കുരുതിയിൽ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 10,022 ആയി. 25,000ലേറെ പേർക്കാണ് പരിക്കേറ്റത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ 163 പേർ കൊല്ലപ്പെടുകയും 2000ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    
News Summary - WHO says Gaza doctors performing surgeries, amputations without anaesthesia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.