85 വയസായവർക്ക് മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവില്ല; ആരാണ് നാൻസി പെലോസിക്കെതിരെ മത്സരിക്കുന്ന സൈകത് ചക്രവർത്തി?

വളരെ പെട്ടെന്നാണ് സൈകത് ചക്രവർത്തി എന്ന ഇന്ത്യൻ വംശജനായ സോഫ്റ്റ് വെയർ എൻജിനീയർ യുവരാഷ്ട്രീയ നേതാവായി മാറിയത്. സാൻഫ്രാൻസിസ്കോയിൽ നിന്ന് യു.എസ് കോൺഗ്രസിലേക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സൈകത്. മുതിർന്ന ഡെമോക്രാറ്റ് നേതാവ് നാൻസി പെലോസിയാണ് സൈകതിന്റെ എതിരാളി. ഹക്കീം ജെഫ്രീസിനും മറ്റ് മുതിർന്ന ഡെമോക്രാറ്റ് നേതാക്കൾക്കു​മെതിരെ വലിയ വിമർശനമാണ് സൈകത് ഉയർത്തിയിരിക്കുന്നത്.

യു.എസ് കോൺ​ഗ്രസിലേക്ക് ഏഴു തവണ തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് നേതാവാണ് ഹക്കീം ജെഫ്രീസ്. ജനപ്രതിനിധി സഭയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള ഡെമോ​ക്രാറ്റ് കോൺഗ്രസ് അംഗവുമാണ് ഇദ്ദേഹം. എന്നാൽ ഹക്കീം ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാ​വെന്ന നിലയിൽ പരാജയപ്പെട്ടുവെന്നും കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ഹക്കീമിനെ പിന്തുണക്കില്ലെന്നുമാണ് സൈകത് വാർത്താ ഔട്ട്​ലെറ്റായ സെറ്റിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പാർടിയെ സമ്പൂർണമായി പരാജയപ്പെടുത്തിയ എല്ലാ ഡെമോക്രാറ്റുകളെയും ​പ്രാഥമികമായി വിലയിരുത്താൻ താൻ ജനങ്ങളോട് ആഹ്വാനം ​ചെയ്യുമെന്നും സൈകത് പറഞ്ഞു. അഭിമുഖത്തിന്റെ ഭാഗങ്ങൾ എക്സിൽ പങ്കുവെച്ച സൈകത് താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കി.

ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ സമ്പൂർണ പരിഷ്കാരം കൊണ്ടുവരണമെന്നാണ് സൈകതിന്റെ ആവശ്യം. താൻ മാത്രമല്ല, കോൺഗ്രസിലേക്ക് മത്സരിക്കുന്ന 80 പേരും നേതാ​വെന്ന നിലയിൽ ജെഫ്രീസിനെ പിന്തുണക്കുന്നില്ലെന്നും സൈകത് അവകാശപ്പെട്ടു. പാർട്ടിയിൽ അടിമുടി മാറ്റം കൊണ്ടുവരണമെങ്കിൽ പുതിയ ആളുകൾ മത്സരിച്ചേ മതിയാകൂ. എങ്കിൽ മാത്രമേ സ്വേച്ഛാധിപത്യ അട്ടിമറി തടയാനും അധ്വാനിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനും കഴിയുന്ന ഒന്നായി ഡെമോക്രാറ്റിക് പാർട്ടിയെ മാറ്റിയെടുക്കാൻ കഴിയുകയുള്ളൂവെന്നും സൈകത് കൂട്ടിച്ചേർത്തു.

ഹാർവഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിലാണ് സൈകത് ബിരുദം നേടിയത്. തന്റെ ടെക് കരിയർ വിട്ട് രാഷ്ട്രീയത്തിലേക്ക് ചേക്കേറുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പറയുന്നത്.

2009ലാണ് സൈകത് സാൻ ഫ്രാൻസിസ്കോയിൽ താമസമാക്കിയത്. പുരോഗമന നയങ്ങളുടെ ഭാഗമാകാൻ താൻ ഇഷ്ടപ്പെടുന്നതായും അദ്ദേഹം സൂചിപ്പിച്ചു. 2016ൽ ബേണീ സാൻഡേഴ്സിന്റെ പ്രസിഡൻഷ്യൽ കാംപയിന്റെ ഭാഗമായി. ജസ്റ്റിസ് ഡെമോക്രാറ്റ്സ് എന്ന ഗ്രൂപ്പും തുടങ്ങി. രാജ്യത്തുടനീളമുള്ള പുരോഗമന സ്ഥാനാർഥികളെ കോൺഗ്രസിലേക്ക് മത്സരിക്കാൻ റിക്രൂട്ട് ചെയ്യുന്ന സംഘടനയായി അത് മാറി. 2018ൽ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടസിന്റെ വിജയത്തിനു പിന്നിലും സൈകത് പ്രവർത്തിച്ചു. 2019ൽ അവരുടെ ചീഫ് ഓഫ് സ്റ്റാഫായും ​സേവനമനുഷ്ഠിച്ചു.

കോൺഗ്രസിലേക്ക് 21ാം തവണയും മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ് നാൻസി പെലോസി. പെലോസിക്കെതിരെ മത്സരിക്കാനുള്ള പ്രചാരണം സൈകത് ഈ വർഷം ഫെബ്രുവരിയിൽ തുടങ്ങി. മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യവുമായി പെലോസിക്ക് പൊരുത്തപ്പെടാനാകുന്നില്ലെന്ന് സൈകത് ആരോപിക്കുന്നത്. 1987​ൽ കോൺഗ്രസ് അംഗമായ നാൻസി വലിയ പോരാളിയായിരുന്നു. എന്നാൽ 2025ൽ നാം നേരിടുന്ന ജനാധിപത്യ വിരുദ്ധ, ഭരണഘടന വിരുദ്ധ, അമേരിക്കൻ വിരുദ്ധ ശക്തികളെ മനസിലാക്കുന്നതിൽ അവർ പരാജയപ്പെട്ടു. മാത്രമല്ല, 85 വയസുള്ള അവർക്ക് ഒരു പോരാട്ടത്തിനുള്ള ശക്തിയും നിലവിലില്ലെന്നും സൈകത് ആരോപണമുയർത്തുന്നു.

Tags:    
News Summary - Who is Saikat Chakrabarti? Indian origin man running against Nancy Pelosi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.