ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡി.ആർ.സി) ആദ്യ എബോള രോഗമുക്തി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നയാൾ മെയ് 27 ന് സുഖം പ്രാപിച്ചുവെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. രണ്ട് തവണ വൈറസ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനു ശേഷം രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്നും ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഓഫീസർ അനൈസ് ലെഗാൻഡ് പറഞ്ഞു. 50 ശതമാനം വരെയാണ് ഇബോളയുടെ മരണസാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ എബോള രോഗ വ്യാപനത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച ആദ്യത്തെ രോഗമുക്തി ഇതാണെന്ന് ലെഗാൻഡ് പറഞ്ഞു. അതേസമയം ലബോറട്ടറി സ്ഥിരീകരിക്കാത്ത സംശയിക്കപ്പെടുന്ന കേസുകളിൽ കൂടുതൽ രോഗമുക്തി നേടിയിട്ടുണ്ടാകാമെന്നും അവർ കൂട്ടിച്ചേർത്തു.
ലോകാരോഗ്യ സംഘടനയുടെ ഡാറ്റ പ്രകാരം, മെയ് 15 ന് രോഗം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇതുവരെ 17 സ്ഥിരീകരിച്ച മരണങ്ങളും 223 സംശയാസ്പദ മരണങ്ങളും ഉണ്ടായിട്ടുണ്ട്.
ആരോഗ്യ അധികൃതർ 125 സ്ഥിരീകരിച്ച എബോള കേസുകളും 900 ലധികം സംശയാസ്പദമായ അണുബാധകളും രേഖപ്പെടുത്തിയിട്ടുണ്ട്.ഇപ്പോഴത്തെ പകർച്ചവ്യാധിക്ക് കാരണം എബോളയുടെ ബുണ്ടിബുഗ്യോ സ്ട്രെയിനാണ്, ഇതിന് വാക്സിനോ പ്രത്യേക ചികിത്സയോ നിലവിൽ ലഭ്യമല്ല.
എബോള വൈറസ് വ്യാപനം
വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.
സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാൽ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.
രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.