F-35 വിമാനത്തിന്റെ സെൻസിറ്റീവ് ഭാഗങ്ങൾ ഹോങ്കോങിൽ: ചൈനയെക്കുറിച്ച് അമേരിക്കക്ക് ആശങ്ക; പെന്റഗൺ അന്വേഷണം

വാഷിങ്ടൺ: അമേരിക്കയുടെ  F-35 യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി അയച്ച ചില ഭാഗങ്ങൾ ഹോങ്കോങിലേക്ക് വഴിതിരിച്ചുവിട്ടതായി റിപ്പോർട്ട്. ഓസ്‌ട്രേലിയയിൽ നിന്ന് അമേരിക്കയിലേക്ക് അയച്ചിരുന്ന വിമാനഭാഗങ്ങളാണ് പസഫിക് സമുദ്രം കടക്കുന്നതിനിടെ ഹോങ്കോങിലെത്തിയത്. സംഭവത്തിൽ പെന്റഗൺ അന്വേഷണം ആരംഭിച്ചു.

F-35 നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു ഇടനിലക്കാരനാണ് കയറ്റുമതി കൈകാര്യം ചെയ്തിരുന്നതെന്നാണ് റിപ്പോർട്ട്. വിമാനത്തിന്റെ ചില സെൻസിറ്റീവ് ഘടകങ്ങൾ കാണാതായതായി പെന്റഗണിന്റെ F-35 ജോയിൻ്റ് പ്രോഗ്രാം ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കാണാതായ ഭാഗങ്ങളിൽ F-35ന്റെ കോക്ക്പിറ്റ് കാനോപ്പിയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. വിമാനത്തിന്റെ റഡാർ സിഗ്നേച്ചർ കുറക്കാൻ സഹായിക്കുന്ന സ്റ്റെൽത്ത് സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുന്നുണ്ട്. അതീവ രഹസ്യമായ വിമാനഭാഗങ്ങൾ ഹോങ്കോങ്ങിലെത്തിയതോടെ F-35ന്റെ സാങ്കേതികവിദ്യ ചൈനക്ക് ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് അമേരിക്കയിൽ ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ ഈ ഭാഗങ്ങൾ ഇപ്പോൾ ആരുടെ കൈവശമാണെന്നോ അവ ഹോങ്കോങ്ങിലേക്ക് വഴിതിരിച്ചുവിട്ടതിന്റെ കാരണം എന്താണെന്നോ വ്യക്തമായിട്ടില്ല.

F-35 സംബന്ധിച്ച വിവരങ്ങൾ സ്വന്തമാക്കാൻ ചൈന നേരത്തെ തന്നെ ശ്രമിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് റിസർച്ച് സർവീസിലെ സൈനിക വ്യോമയാന വിദഗ്ധനായ ജെ.ജെ. ഗെർട്ലർ പറഞ്ഞു. യഥാർഥ വിമാനഭാഗം ലഭിക്കുന്നത് നേരത്തെ ചാരപ്രവർത്തനങ്ങളിലൂടെ ലഭിച്ച വിവരങ്ങൾ പരിശോധിക്കാനും കൂടുതൽ കൃത്യമാക്കാനും സഹായിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് അമേരിക്കൻ കോൺഗ്രസിലും വിഷയം പരിശോധിക്കുന്നുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന കമ്മിറ്റികളിലെ ജീവനക്കാർക്ക് പെന്റഗൺ, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ വിശദീകരണം നൽകിയിട്ടുണ്ട്. ജൂണിലാണ് ആദ്യഘട്ട വിശദീകരണം നടന്നത്. വരും ആഴ്ചകളിൽ കൂടുതൽ വിശദീകരണങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

F-35 ഘടകങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രശ്നം അന്വേഷിക്കുകയാണെന്നും ഭാഗങ്ങൾ തിരിച്ചുപിടിക്കാൻ അമേരിക്കൻ അധികൃതരുമായും വ്യവസായ പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും F-35 ജോയിൻ്റ് പ്രോഗ്രാം ഓഫീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വ്യക്തിഗത കയറ്റുമതികളുടെ വിശദാംശങ്ങൾ സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്താനാകില്ലെന്ന് ലോക്ക്ഹീഡ് മാർട്ടിൻ വ്യക്തമാക്കി. ഇതിനെക്കുറിച്ച് പ്രതികരിക്കാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തയ്യാറായിട്ടില്ല. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് ചൈനീസ് എംബസിയും പ്രതികരിച്ചത്.

അഞ്ച് വർഷത്തിനിടെ കാണാതായത് ഒരു ദശലക്ഷത്തിലേറെ ഭാഗങ്ങൾ

F-35 പദ്ധതിയുടെ സങ്കീർണമായ ആഗോള വിതരണ ശൃംഖലയും സംഭവത്തോടെ വീണ്ടും ചർച്ചയാകുകയാണ്. അമേരിക്കക്കൊപ്പം ബ്രിട്ടൻ, ഓസ്‌ട്രേലിയ, ഡെൻമാർക്ക്, നോർവേ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളും പദ്ധതിയുടെ ഭാഗമാണ്. വിവിധ രാജ്യങ്ങളിലായി F-35 സ്പെയർ പാർട്സ് സൂക്ഷിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്.

2023ലെ യു.എസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് റിപ്പോർട്ട് പ്രകാരം അഞ്ച് വർഷത്തിനിടെ ഒരു ദശലക്ഷത്തിലേറെ F-35 സ്പെയർ പാർട്സ് കാണാതായിട്ടുണ്ട്. കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഭാഗങ്ങളുടെ നഷ്ടം കൃത്യമായി കണക്കാക്കുന്നതിൽ പ്രതിരോധ വകുപ്പിന് പരിമിതികളുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ, സ്പെയർ പാർട്സിന്റെ കുറവ് F-35 വിമാനങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി നേരത്തെയും റിപ്പോർട്ടുകൾ വന്നിരുന്നു. അമേരിക്കക്കും സഖ്യരാജ്യങ്ങൾക്കുമായി ഇതുവരെ 1,300ലേറെ F-35 വിമാനങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 

Tags:    
News Summary - F-35 aircraft sensitive parts in Hong Kong: US concerned about China; Pentagon investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.