‘അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മൾ ഗ്രീൻലാൻഡ് പിടിച്ചെടുക്കും’; എണ്ണക്കമ്പനി എക്സിക്യൂട്ടിവുകളോട് ട്രംപ്

വാഷിങ്ടൺ: ഗ്രീൻലാൻഡ് ഭരണകൂടത്തിനെതിരെ വെല്ലുവളിയുമായി ഡോണൾഡ് ട്രംപ്. ഗ്രീൻലാൻഡിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തങ്ങൾ അ​വിടെ ഇട​പെടാൻ പോവുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. റഷ്യയോ ചൈനയോ ഭാവിയിൽ ഗ്രീൻലാൻഡ് കൈവശപ്പെടുത്തുന്നത് തടയാൻ അമേരിക്കക്ക് ഗ്രീൻലാൻഡ് സ്വന്തമാക്കേണ്ടതുണ്ടെന്ന് ട്രംപ് വൈറ്റ് ഹൗസിൽ എണ്ണക്കമ്പനി എക്സിക്യൂട്ടിവുകളുമായി നടത്തിയ കൂടിക്കാ​ഴ്ചക്കിടെ പറഞ്ഞു. ‘കാരണം നമ്മൾ അത് ചെയ്തില്ലെങ്കിൽ, റഷ്യയോ ചൈനയോ ഗ്രീൻലാൻഡ് ഏറ്റെടുക്കും. റഷ്യയോ ചൈനയോ നമുക്ക് ഒരു അയൽക്കാരനായി ഉണ്ടാവാൻ പാടില്ലെന്നും’ ട്രംപ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1951ലെ നാ​റ്റോ സംയുക്ത കരാർ പ്രകാരം ദ്വീപിൽ യു.എസ് സൈനിക സാന്നിധ്യം നിലവിലുണ്ടെങ്കിലും, അത്തരം ക്രമീകരണങ്ങൾ അവരുടെ സുരക്ഷയും പ്രതിരോധവും ഉറപ്പാക്കാൻ പര്യാപ്തമല്ലെന്ന് വാദിച്ചുകൊണ്ടാണ് അമേരിക്ക ഗ്രീൻലാൻഡ് നേരിട്ട് ഏറ്റെടുക്കുമെന്ന് ട്രംപ് വാദിക്കുന്നത്.

57,000 ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഡെൻമാർക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രദേശമാണ്. ‘നിങ്ങൾ ഉടമസ്ഥാവകാശം സംരക്ഷിക്കുന്നു. നിങ്ങൾ പാട്ടക്കരാർ സംരക്ഷിക്കുന്നില്ല. ഞങ്ങൾ ഗ്രീൻലാൻഡിനെ പ്രതിരോധിക്കേണ്ടിവരും. ഞങ്ങൾ അത് ചെയ്തില്ലെങ്കിൽ, ചൈനയോ റഷ്യയോ അത് ചെയ്യും’ ട്രംപ് പറഞ്ഞു.

ഗ്രീൻലാൻഡിനെ യു.എസ് നിയന്ത്രണത്തിലാക്കാനുള്ള വിവിധ പദ്ധതികളെക്കുറിച്ച് ട്രംപും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും ചർച്ച ചെയ്തുവരികയാണ്. ഡെൻമാർക്കിൽ നിന്ന് വേർപിരിഞ്ഞ് യു.എസിൽ ചേരാൻ ഗ്രീൻലാൻഡുകാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സൈനിക നടപടിയുടെ സാധ്യതയും ഗ്രീൻലാൻഡുകാരെ പണം നൽകി വശത്താക്കലും ഇതിൽ ഉൾപ്പെടുന്നു.

ഗ്രീൻലാൻഡിനോടുള്ള തങ്ങളുടെ അവകാശം ഉറപ്പിച്ചുകൊണ്ട് ട്രംപും മറ്റ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും നടത്തിയ അഭിപ്രായങ്ങളോട് ഡെൻമാർക്കിലെയും യൂറോപ്പിലുടനീളമുള്ള നേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ അവജ്ഞയോടെയാണ് പ്രതികരിച്ചത്. യു.എസും ഡെൻമാർക്കും പരസ്പര പ്രതിരോധ കരാറിന് വിധേയമായ നാറ്റോ സഖ്യകക്ഷികളാണ്.

ചൊവ്വാഴ്ച, ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, സ്പെയിൻ, ബ്രിട്ടൻ, ഡെൻമാർക്ക് എന്നിവ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഗ്രീൻലാൻഡിനും ഡെൻമാർക്കിനും മാത്രമേ അവരുടെ ബന്ധങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ തീരുമാനിക്കാൻ കഴിയൂ എന്ന് പറഞ്ഞു.

Tags:    
News Summary - We will take Greenland whether they like it or not; Trump tells oil company executives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.