യുദ്ധത്തിന്റെ തീച്ചൂളയിൽ എരിയുന്നത് മനുഷ്യജീവനുകൾ മാത്രമല്ല; ഗസ്സയിലെ മൃഗശാലയിൽ പട്ടിണിയും ഭയവും പേറി മിണ്ടാപ്രാണികളും

ഗസ്സ: യുദ്ധങ്ങൾ മനുഷ്യരെമാത്രമല്ല ബാധിക്കുന്നത് ബോംബുവീഴ്ചകളിലും പലായനങ്ങളിലും പെട്ട് നിശ്ശബ്ദരായി വേദന അനുഭവിക്കുന്നത് മിണ്ടാപ്രാണികൾ കൂടിയാണെന്ന് ഓർമിപ്പിക്കുകയാണ് ഗസ്സയിലെ ഒരു മൃഗശാലയിൽ നിന്നുള്ള കാഴ്ചകൾ. നൂസൈറത്ത് അഭയാർഥി ക്യാമ്പിന് സമീപമുള്ള ഈ മൃഗശാലയിലേക്ക് എത്തുന്നവർ കാണുന്നത് കൂട്ടിൽ നിസ്സംഗതയോടെ ഇരിക്കുന്ന സിംഹങ്ങളെയും അവശതയിലായ ചിമ്പാൻസികളെയുമാണ്. ഭക്ഷണത്തിന്റെയും മരുന്നുകളുടെയും ദൗർലഭ്യം മൂലം കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ഈ മൃഗങ്ങൾ ഇപ്പോഴും ജീവനോടെയിരിക്കുന്നത് ഉടമയായ മഹ്മൂദ് ഗുമയുടെ നിസ്വാർത്ഥമായ പരിശ്രമങ്ങൾ കൊണ്ടു മാത്രമാണ്.

തെക്കൻ നഗരമായ റഫയിൽ പ്രവർത്തിച്ചിരുന്ന ഈ മൃഗശാല, 2024-ൽ ഇസ്രായേൽ സൈന്യം പ്രദേശം ആക്രമിച്ചതിനെ തുടർന്ന് പലതവണ പലായനം ചെയ്താണ് നൂസൈറത്തിൽ എത്തിയത്. "സ്വന്തം ജീവൻ രക്ഷിക്കാൻ ആളുകൾ പെടാപ്പാടുപെടുമ്പോൾ, എന്നെക്കാൾ ഉപരിയായി ഈ മൃഗങ്ങളെ രക്ഷിക്കാനാണ് ഞാൻ ശ്രമിച്ചത്," ഗുമ മാധ‍്യമങ്ങളോട് പറഞ്ഞു. എന്നാൽ റഫയിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നപ്പോൾ ചില സിംഹങ്ങളെയും മുതലകളെയും ഒട്രിചുകളെയും കൂടെക്കൂട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോൾ മുതലകളുടെയും ഒട്രിചുകളുടെയും അസ്ഥികൾ മാത്രമാണ് അവിടെ അവശേഷിച്ചിരുന്നത്.

മനുഷ്യർക്കുപോലും കൃത്യമായി ഭക്ഷണം ലഭിക്കാത്ത ഈ പ്രദേശത്ത് മൃഗങ്ങൾക്ക് ഫ്രോസൻ ഇറച്ചിയാണ് നൽകുന്നത്. ഇത് അവയുടെ സ്വാഭാവിക ഭക്ഷണക്രമത്തെ പൂർണ്ണമായും തകിടം മറിക്കുന്നുണ്ട്. ഇതിനുപുറമെ, നിരന്തരമായ ബോംബാക്രമണങ്ങളുടെ ശബ്ദവും വെടിയൊച്ചകളും ഈ മിണ്ടാപ്രാണികളിൽ ഉണ്ടാക്കുന്ന മാനസിക ആഘാതം ചെറുതല്ലെന്ന് മൃഗസംരക്ഷണ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശബ്ദവ്യത്യാസങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന സിംഹങ്ങളും മറ്റ് വന്യമൃഗങ്ങളും കടുത്ത ഭയത്തിലും മാനസിക സമ്മർദ്ദത്തിലുമാണ്. തകർക്കപ്പെട്ട കെട്ടിടങ്ങളും ടെന്റുകളും മാത്രമുള്ള ഗസ്സയിൽ, കുട്ടികൾക്ക് അല്പമെങ്കിലും ആശ്വാസമാകുന്നത് ഈ മൃഗശാലയിലെ കാഴ്ചകളാണ്. എങ്കിലും, മനുഷ്യക്കെടുതികൾക്കൊപ്പം നിശ്ശബ്ദമായി ഹോമിക്കപ്പെടുന്ന ഈ മിണ്ടാപ്രാണികളുടെ ദുരിതം യുദ്ധത്തിന്റെ ക്രൂരതയുടെ മറ്റൊരു ദയനീയ മുഖമാണ് തുറന്നുകാട്ടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.