ചാരനാവുകയായിരുന്നു കുട്ടിക്കാലത്ത് പുടിന്റെ സ്വപ്നം. ആ ആഗ്രഹം യാഥാർഥ്യമായി. ചാരപ്രമുഖനായി മാറിയ പുടിന് യുദ്ധം പ്രശ്നമല്ല. സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബിയുടെ മുൻ കേണലായ പുടിൻ സൈന്യത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഭരണകാലത്തെ യുദ്ധങ്ങൾ തന്നെയാണ് തെളിവ്.
ജയിക്കാനുള്ള വഴികൾ കൃത്യമായി നടപ്പാക്കുന്ന പുടിൻരീതി മറ്റു രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ഹനിക്കുന്നുണ്ട്. പ്രതികൂലമായ സാഹചര്യത്തിൽ സിറിയയിൽ ബശ്ശാറുൽ അസദിനെ സംരക്ഷിച്ചു നിർത്തിയത് വ്ലാദിമിർ പുടിനും സ്പെറ്റ്സ്നാസുമാണ്.
റഷ്യക്കു പുറത്തു പോലും ശക്തമായ ആരാധക വൃന്ദമുള്ള മൃദുഭാഷിയായ പുടിന്റെ കരുത്ത് എന്ത് ചെയ്യാനും മടിയില്ലാത്ത ഈ സൈനികസംഘമാണ്. സ്പെറ്റ്സ്നാസ് (Spetsnaz)എന്ന പേരിലാണ് പുടിന്റെ ചാവേറുകളായ ഈ സൈനികവിഭാഗം അറിയപ്പെടുന്നത്. ഏത് വെല്ലുവിളിയും ഉടൻ നേരിടാൻതക്ക കടുത്ത പരിശീലനം നൽകിയാണ് റഷ്യൻ സൈന്യത്തിലെ പ്രത്യേക വിഭാഗത്തെ വാർത്തെടുത്തിരിക്കുന്നത്. പ്രതിരോധമല്ല, ആക്രമണമാണ് ഇവരുടെ ജോലി.
കഠിന പരീക്ഷകളിലൂടെയാണ് ഇവരുടെ തിരഞ്ഞെടുപ്പ്. ആയുധമൊന്നുമില്ലാതെ വെറുംകൈകൊണ്ട് എതിരാളിയെ തോൽപിക്കാനുള്ള ശേഷിയാണ് ഇവരുടെ പ്രത്യേകത. 1950കളിൽ രണ്ടാംലോക മഹായുദ്ധത്തിനും മുമ്പാണ് ഈ പ്രത്യേക ദൗത്യസേനയുടെ ജനനം. റഷ്യൻ പദമായ ഇതിന്റെ അർഥം 'പ്രത്യേക ദൗത്യം' എന്നാണ്. റഷ്യയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗമായ 'എസ്.വി.ആറി'ന്റെ നിയന്ത്രണത്തിലാണിത്. യുദ്ധസമയത്തും അല്ലാത്തപ്പോഴും പല ദൗത്യങ്ങളും നിർവഹിക്കാറുണ്ട്.
റഷ്യൻ സൈനികന് നൽകുന്നതു പോലെ സ്പെറ്റ്സ്നാസ് വിഭാഗത്തിലുള്ളവർക്കും സ്പെർക്ക എന്ന കോരിക പോലുള്ള ആയുധം നൽകാറുണ്ട്. മൂന്ന് അരികുകളും മൂർച്ചയേറിയ ഈ ആയുധംകൊണ്ട് എതിരാളികളെ കൊല്ലാനും ആക്രമിക്കാനും ഇവരെ പരിശീലിപ്പിക്കുന്നു. പരിശീലനഭാഗമായി ജനലുകളില്ലാത്ത മുറിയിൽ പേപ്പട്ടിക്കൊപ്പം അടച്ചിടുന്ന ഇവർക്ക് ഈ കോരിക മാത്രമാണ് ആയുധമായി നൽകുക. ഒന്നുകിൽ കൊല്ലുക, അല്ലെങ്കിൽ മരിക്കുക മാത്രമേ അവർക്ക് മുന്നിൽ വഴിയുള്ളൂ. യുദ്ധത്തിലെ രക്തച്ചൊരിച്ചിലുകളിൽ പതറാതെ നിൽക്കാൻ ശേഷി നൽകുന്ന നിരവധി അതിക്രൂരമായ പരിശീലനങ്ങളിൽ ഒന്നു മാത്രമാണിത്.
ചുവരുകളിലും മേൽക്കൂരയിലും അഴുകിയ മാംസത്തിന്റെ കഷണങ്ങളുള്ള ഇടത്തുകൂടി നെഞ്ച് വരെയുള്ള രക്തത്തിലൂടെ ഓട്ടം, വയറിന് മുകളിൽ വെച്ച കത്തുന്ന ഇഷ്ടികകൾ ചുറ്റികക്ക് അടിച്ചുപൊട്ടിക്കുക, കത്തുന്ന കൽക്കരിക്ക് മുകളിലൂടെ ഓടുക, ബെൽറ്റ്, ചെരിപ്പ്, സ്പൂൺ എന്നിവ ഉപയോഗിച്ചുള്ള മർദനം, ബാത്ത്റൂമിൽ ഉറക്കം എന്നിവയാണ് റിക്രൂട്ട്മെന്റിലെ പരിശീലനമുറകളെന്ന് മുൻ സോവിയറ്റ് ഉദ്യോഗസ്ഥനായ വിക്ടർ സുവോറോവ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.