വാഷിങ്ടൺ: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനി വിജയിച്ചതിന് പിന്നാലെ റിപബ്ലിക്കൻ പാർട്ടി രണ്ട് പാഠങ്ങൾ പഠിക്കണമെന്ന പ്രതികരണവുമായി വിവേക് രാമസ്വാമി. എക്സിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് വിമർശനം ഉന്നയിച്ചത്. ന്യൂയോർക്ക്, ന്യൂജേഴ്സ്, വിർജീന തുടങ്ങിയ സുപ്രധാന തെരഞ്ഞെടുപ്പുകളിൽ റിപബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയേറ്റിരുന്നു. ഇതിലാണ് അദ്ദേത്തിന്റെ പ്രതികരണം.
ന്യൂജേഴ്സ്, വിർജീനിയ, ന്യൂയോർക്ക് എന്നിവിടങ്ങിൽ നമ്മൾ പരാജയപ്പെട്ടു. ഇതിൽ നിന്നും രണ്ട് പാഠങ്ങൾ നമ്മൾ പഠിക്കണം. അതിലൊന്ന് അമേരിക്കക്കാരുടെ സ്വപ്നങ്ങൾ ലളിതമാക്കാൻ പരിശ്രമിക്കണമെന്നതാണ്. അതിനായി വൈദ്യുതി, പലവ്യഞ്ജനം, ആരോഗ്യം, വീട് എന്നിവയുടെ ചെലവുകൾ കുറക്കണം. ഇതുവഴി കൂടുതൽ ജനപ്രിയമായ പ്രഖ്യാപനങ്ങൾ ജനങ്ങൾക്ക് നൽകണം.
രണ്ടാമത്തേത് ഐഡന്ററ്റി പൊളിറ്റിക്സ് അവസാനിപ്പിക്കുക എന്നതാണ്. അത് റിപബ്ലിക്കൻസ് അനുകലുമായ നയമല്ല. നമ്മൾ തൊലി, മതം എന്നിവയെ ഒന്നും പരിഗണിക്കുന്നില്ല. നിങ്ങളുടെ കാരക്ടർ മാത്രമാണ് ഞങ്ങൾ പരിഗണിക്കുന്നതെന്നും വിഡിയോയിൽ വിവേക് രാമസ്വാമി പറഞ്ഞു.
ന്യൂയോർക്ക്: ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ. ന്യൂയോർക്ക് നഗരത്തിന്‍റെ ചരിത്രത്തിലെ ആദ്യ മുസ്‌ലിം മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര സ്ഥാനാർഥി ആൻഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി മംദാനിയുടെ ചരിത്ര വിജയം. 51.5 ശതമാനം വോട്ടുകൾ നേടി. കുമോക്ക് 39.7 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും ഏറ്റവും പ്രായം കുറഞ്ഞയാളുമാണ് 34കാരനായ മംദാനി. റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലീവക്ക് എട്ടു ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരമായ ന്യൂയോർക്കിന്റെ മേയറെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ 85 ലക്ഷത്തോളം നഗരവാസികളാണ് വോട്ട് ചെയ്തത്. ബ്രൂക്‍ലിൻ, ക്വീൻസ്, മാൻഹാട്ടൻ, ദി ബ്രോൺക്സ്, സ്റ്റേറ്റൺ ഐലൻഡ് എന്നീ അഞ്ചു നഗരങ്ങൾ ചേർന്നാണ് ന്യൂയോർക്ക് സിറ്റി. ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.