ലണ്ടൻ: മാഞ്ചസ്റ്ററിൽ നിന്നും ന്യൂയോർക്കിലേക്ക് പറക്കാനിരുന്ന വിർജിൻ അറ്റ്ലാന്റിക് വിമാനം ടേക്ക് ഓഫിന് മിനിറ്റുകൾക്ക് മുമ്പ് റദ്ദാക്കി. വിമാനത്തിലെ ചിറകുകളിലൊന്നിൽ സ്ക്രൂകളുടെ കുറവുണ്ടെന്ന് യാത്രക്കാരൻ പരാതിപ്പെട്ടതോടെയാണ് അവസാനനിമിഷം വിമാനത്തിന്റെ സർവീസ് റദ്ദാക്കിയത്.
ബ്രിട്ടീഷ് യാത്രക്കാരനായ ഫിൽ ഹാർഡിയാണ് VS127 വിമാനത്തിന്റെ ചിറകുകളിലൊന്നിൽ സ്ക്രൂകളുടെ കുറവുണ്ടെന്ന് കണ്ടെത്തിയത്. താൻ നല്ലൊരു യാത്രക്കാരനായതിനാൽ സ്ക്രൂ ഇല്ലെന്ന വിവരം ഉടൻ തന്നെ വിമാനത്തിലെ ജീവനക്കാരെ അറിയിക്കുകയായിരുന്നുവെന്ന് ഫിൽ ഹാർഡി പ്രതികരിച്ചു. തന്റെ പങ്കാളി ഇക്കാര്യം അറിഞ്ഞയുടൻ പരിഭ്രാന്തയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ പരിശോധനകൾക്ക് വേണ്ടിയാണ് വിമാനം റദ്ദാക്കിയതെന്ന് വിർജിൻ അറ്റ്ലാന്റിക് വക്താവ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. വിമാനത്തിലെ പരിശോധനകൾ പൂർത്തിയാക്കാൻ എൻജിനീയർമാർക്ക് കൂടുതൽ സമയം നൽകുമെന്നും കമ്പനി വ്യക്തമാക്കി.
വിമാനത്തിന്റെ ചിറകുകളിലുണ്ടായിരുന്ന 119 സ്ക്രൂകളിൽ നാലെണ്ണമാണ് കാണാതായത്. ഇതുമൂലം യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയൊന്നുമില്ലെന്ന് വിർജിൻ അറ്റ്ലാന്റിക്കും വിമാനത്തിന്റെ നിർമാതാക്കളായ എയർബസും പ്രതികരിച്ചു. 119 സ്ക്രൂകളിൽ നാലെണ്ണം കാണാതാവുന്നത് വിമാനത്തിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു.
യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷക്കാണ് തങ്ങൾ വലിയ പ്രാധാന്യം നൽകുന്നത്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് തങ്ങൾ സർവീസ് നടത്തുന്നതെന്നും വിർജിൻ അറ്റ്ലാന്റിക് പ്രതിനിധി അറിയിച്ചു. അതേസമയം, വിമാനത്തിലെ യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ ന്യൂയോർക്കിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.