ഇലോൺ മസ്ക്
ലണ്ടൻ: കുടിയേറ്റ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്ത് ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്ക്. യു.കെയിൽ നേതൃമാറ്റം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.കെ വലിയ തകർച്ചയുടെ വക്കിലാണ്. പ്രതിഷേധക്കാർക്ക് മുന്നിൽ പോരാടുക അല്ലെങ്കിൽ മരിക്കുകയെന്ന വഴികൾ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടൻ പതുക്കെ തകരുകയാണ്. അത് വൈകാതെ വലിയ നാശത്തിലേക്ക് പോകുമെന്നും മസ്ക് മുന്നിറയിപ്പ് നൽകി. ആക്രമണം വരുന്നുണ്ട്. ഒന്നുകിൽ നിങ്ങൾക്ക് അതിനെതിരെ പോരാടാം അല്ലെങ്കിൽ മരിക്കാം. കുടിയേറ്റം തുടർന്ന് അക്രമം നിങ്ങളുടെ നേരെ വരും. നിങ്ങൾ അത് തെരഞ്ഞെടുത്താലും ഇല്ലെങ്കിലും അത് നിങ്ങൾക്ക് നേരെ വരും. ഒന്നുകിൽ നിങ്ങൾ തിരിച്ചടിക്കുക അല്ലെങ്കിൽ മരിക്കുകയെന്ന പോംവഴി മാത്രമാവും നിങ്ങൾക്ക് മുന്നിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ കെയ്ർ സ്റ്റാർമർ സർക്കാറിനെതിരെയും മസ്ക് വിമർശനം ഉന്നയിച്ചു. ബ്രിട്ടനിലെ സർക്കാർ മാറുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
കുടിയേറ്റക്കാർ യു.കെ കയ്യടക്കുന്നുവെന്ന് ആരോപണം, ലണ്ടനിൽ കൂറ്റൻ റാലിയുമായി തീവ്ര വലതുപക്ഷ സംഘടന, ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്ക്
ലണ്ടൻ: തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസണിൻറെ നേതൃത്വത്തിൽ ലണ്ടൻ നഗരത്തിൽ ശനിയാഴ്ച നടത്തിയ കുടിയേറ്റ വിരുദ്ധ റാലിയിൽ സംഘർഷം. പ്രതിഷേധക്കാരിൽ ഒരുവിഭാഗം പൊലീസിന് നേരെ തിരിയുകയായിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കുപ്പി എറിയുകയും ചെയ്തതിന് പിന്നാലെ 1,000-ലധികം സായുധ പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
പ്രതിഷേധക്കാരുടെ മർദനമേറ്റ ആറുപൊലീസുകാരിൽ നാലുപേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് 25ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
തീവ്ര വലതുപക്ഷം സംഘടിപ്പിച്ച ‘യുണൈറ്റ് ദി കിംഗ്ഡം’ മാർച്ചിൽ 110,000ലധികം ആളുകൾ പങ്കെടുത്തുവെന്നാണ് പൊലീസിൻറെ കണക്ക്. ഇതേസമയം, 5,000 ഓളം ആളുകളെ പങ്കെടുപ്പിച്ച് ‘സ്റ്റാൻഡ് അപ് റ്റു റേസിസം’ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിരുദ്ധ മാർച്ചും നഗരത്തിൽ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.