ശൈഖ് ഹസീന
ധാക്ക: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരായ കുറ്റങ്ങളിൽ നവംബർ 17ന് വിധിപറയുമെന്ന് ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റവിചാരണ ട്രൈബ്യൂണൽ. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരിലാണ് ശൈഖ് ഹസീനക്കെതിരെ അവരുടെ അസാന്നിധ്യത്തിൽ മൂന്നംഗ ട്രൈബ്യൂണലിൽ വിചാരണ നടന്നത്. ഹസീന മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ കമാലിന്റെ വിചാരണയും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ് നടന്നത്. പൊലീസ് ഐ.ജി ചൗധരി അബ്ദുല്ല അൽ മഅ്മൂൺ നേരിട്ട് ഹാജരായി. ഹസീനയെയും കമാലിനെയും ഒളിവിൽ കഴിയുന്ന കുറ്റവാളികളായാണ് പരിഗണിച്ചത്. കുറ്റാരോപിതർക്ക് വധശിക്ഷ വേണമെന്നാണ് ചീഫ് പ്രോസിക്യൂട്ടർ നേരത്തെ ആവശ്യപ്പെട്ടത്.
അതേസമയം ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുമെന്ന് ഇടക്കാല സർക്കാറിന്റെ തലവനായ മുഹമ്മദ് യൂനുസ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ വിദ്യാർഥി പ്രക്ഷോഭത്തിന് ശേഷം രാജ്യത്തിന്റെ ഭരണഘടന പരിഷ്‍കരിക്കുന്നതിനായി തയ്യാറാക്കിയ ‘ജൂലൈ ചാർട്ടറി’ൽ ദേശീയ ഹിതപരിശോധന നടത്തുമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. ‘ജൂലൈ നാഷനൽ ചാർട്ടർ’ നടപ്പാക്കൽ ഉത്തരവ് ഇടക്കാല സർക്കാർ അംഗീകരിച്ചിരുന്നു. ഹിതപരിശോധനാ ഫലത്തെ ആശ്രയിച്ച് അത് നടപ്പിലാക്കുമെന്ന് അദ്ദേഹം ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.
‘ഒരു പുതിയ ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിൽ എല്ലാ പൗരന്മാർക്കും വിജയകരമായി മുന്നോട്ട് പോകാൻ കഴിയുന്ന തരത്തിൽ നീതിയുക്തവും സുഗമവുമായ തെരഞ്ഞെടുപ്പ് നടത്താൻ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കാൻ ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർഥിക്കുന്നു’വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സമാധാനപരവും ആഘോഷപൂർണവുമാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായ 85 കാരനായ യൂനുസ്, തെരഞ്ഞെടുപ്പ് വരെ താൽക്കാലിക സർക്കാറിനെ അതിന്റെ മുഖ്യ ഉപദേഷ്ടാവായി തുടരും. വോട്ടെടുപ്പിനു ശേഷം അദ്ദേഹം സ്ഥാനമൊഴിയുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനുസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, 170 ദശലക്ഷം ജനങ്ങളുള്ള മുസ്‍ലിം ഭൂരിപക്ഷ രാജ്യത്ത് ഇസ്‍ലാമിക പുണ്യമാസമായ റമദാനിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രധാന രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.