തെഹ്‌റാൻ: ആധുനിക യുദ്ധക്കളം കേവലം മിസൈലുകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് തെളിയിക്കുകയാണ് ഇറാൻ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും ഇസ്രായേലിനെയും ലക്ഷ്യമിട്ട് ഇറാനിലെ ഒരു കൂട്ടം യുവാക്കൾ നിർമിക്കുന്ന ലെഗോ ശൈലിയിലുള്ള ആനിമേഷൻ വിഡിയോകൾ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. കുട്ടികളുടെ പ്രിയപ്പെട്ട കളിക്കോപ്പുകളായ ലെഗോ ബ്ലോക്കുകളെയും രൂപങ്ങളെയും ഉപയോഗിച്ച് നിർമിക്കുന്ന വിഡിയോകൾ രാഷ്ട്രീയമായ പരിഹാസവും ശക്തമായ മുന്നറിയിപ്പുകളും നൽകുന്നവയാണ്.
'എക്സ്പ്ലോസീവ് മീഡിയ' (Explosive Media) എന്ന ഇറാനിയൻ ഗ്രൂപ്പ് പുറത്തിറക്കിയ വിഡിയോകൾ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. അമേരിക്കൻ ഭരണകൂടത്തിന്റെ ഇരകളായ ആഫ്രോ-അമേരിക്കക്കാർ, ഇറാഖിലെ അബു ഗ്രൈബ് ജയിലിലെ പീഡനത്തെ അതിജീവിച്ചവർ, ഹിരോഷിമ-നാഗസാക്കി ഇരകൾ, ഗസ്സ വംശഹത്യയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ എന്നിവരെയെല്ലാം വിഡിയോകളിൽ ചിത്രീകരിക്കുന്നുണ്ട്. "മനുഷ്യരാശിക്കെതിരെ നിങ്ങൾ ചെയ്ത എല്ലാ കുറ്റകൃത്യങ്ങൾക്കും, നിങ്ങൾ അടിച്ചമർത്തിയ എല്ലാ ശബ്ദങ്ങൾക്കും, പാതിവഴിയിൽ കളി നിലച്ചുപോയ എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടി, ഒരിക്കൽ കൂടി, എന്നെന്നേക്കുമായി, എല്ലാവർക്കും വേണ്ടി ഒരൊറ്റ പ്രതികാരം" എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എല്ലാവർക്കും വേണ്ടിയുള്ള ഒരൊറ്റ പ്രതികാരം" (One Vengeance for All) എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന വിഡിയോകളിൽ ട്രംപിന്റെയും നെതന്യാഹുവിന്റെയും രൂപങ്ങൾ തകർന്നുവീഴുന്നതായാണ് കാണിക്കുന്നത്. അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിലെ വിള്ളലുകളെ ഇറാൻ കൃത്യമായി ഈ വിഡിയോകളിലൂടെ ഉപയോഗിക്കുന്നുണ്ട്. വിവാദമായ എപ്‌സ്റ്റീൻ ദ്വീപ് വിഷയവും ട്രംപിന്റെ 'മാഗ' (MAGA) പ്രസ്ഥാനത്തെയും വിഡിയോകളിൽ പരിഹസിക്കുന്നുണ്ട്. ട്രംപ് അമേരിക്കൻ താൽപ്പര്യങ്ങളേക്കാൾ ഇസ്രായേലിന്റെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന ആരോപണവും ഇതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 19 നും 25 നും ഇടയിൽ പ്രായമുള്ള പത്തോളം യുവാക്കളാണ് ഈ വിഡിയോകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് എക്സ്പ്ലോസീവ് മീഡിയയുടെ അക്കൗണ്ട് റദ്ദാക്കിയിരുന്നു. എന്നാൽ സത്യത്തെ മൂടിവെക്കാനുള്ള പാശ്ചാത്യ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഗ്രൂപ്പ് പ്രതികരിച്ചു. തങ്ങൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഉൾപ്പെടെയുള്ള പ്രാദേശിക മാധ്യമങ്ങൾ തങ്ങളുടെ സൃഷ്ടികൾ വാങ്ങാറുണ്ടെന്നും ഗ്രൂപ്പിന്റെ വക്താവ് വ്യക്തമാക്കി.
അതേസമയം അമേരിക്കൻ പോപ്പ് സംസ്കാരത്തിന്റെ ഭാഗമായ ലെഗോ രൂപങ്ങളെ തന്നെ അവർക്കെതിരെയുള്ള പ്രചരണായുധമാക്കി മാറ്റുന്നതിൽ ഇറാൻ വിജയിച്ചതായും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പാകിസ്താൻ പോലുള്ള രാജ്യങ്ങളിലേക്കും ഈ ആനിമേഷൻ ട്രെൻഡ് പടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.