നാറ്റോക്ക് റഷ്യയുടെ ആണവ മുന്നറിയിപ്പ്; കലിനിൻഗ്രാഡിനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഭീഷണി

മോസ്കോ: ബാൾട്ടിക് മേഖലയിൽ റഷ്യയും നാറ്റോയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, കടുത്ത മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. റഷ്യയുടെ ഭാഗമായ കലിനിൻഗ്രാഡിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനോ ഉപരോധിക്കാനോ നാറ്റോ ശ്രമിച്ചാൽ ആണവായുധങ്ങൾ ഉൾപ്പെടെ എല്ലാ സൈനിക ശേഷിയും ഉപയോഗിക്കാൻ തയാറാണെന്ന് റഷ്യ നാറ്റോയെ അറിയിച്ചു.

നാറ്റോക്ക് അയച്ച ഔദ്യോഗിക കത്തിലാണ് റഷ്യ കടുത്ത മുന്നറിയിപ്പ് നൽകിയത്. നാറ്റോ സ്വീകരിക്കുന്ന നടപടികൾ അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമായ നീക്കമാണെന്നും ഇത് റഷ്യയും പാശ്ചാത്യ സഖ്യവും തമ്മിൽ നേരിട്ടുള്ള സായുധ ഏറ്റുമുട്ടലിന് ഉയർന്ന സാധ്യത സൃഷ്ടിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

നാറ്റോ രാജ്യങ്ങൾ കലിനിൻഗ്രാഡിനെ റഷ്യയുടെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വേർതിരിക്കുന്നതിനുള്ള ഏതെങ്കിലും ശ്രമം നടത്തിയാൽ, റഷ്യയുടെ പ്രദേശം സംരക്ഷിക്കാൻ ആണവായുധങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സൈനിക ശേഷിയും ഉപയോഗിക്കുമെന്ന് റഷ്യ വ്യക്തമാക്കി. സംഘർഷം ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ നാറ്റോ അംഗരാജ്യങ്ങളിലെ തീരുമാനമെടുക്കൽ കേന്ദ്രങ്ങൾക്കെതിരെ റഷ്യൻ ആക്രമണം ഉണ്ടായേക്കാമെന്നും കത്തിൽ അറിയിച്ചു.

റഷ്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമായ പ്രദേശമാണ് കലിനിൻഗ്രാഡ്. റഷ്യയുടെ പ്രധാന ഭൂപ്രദേശത്തോട് നേരിട്ട് ബന്ധമില്ലാത്ത ഈ പ്രദേശം പോളണ്ടിനും ലിത്വാനിയക്കും ഇടയിൽ ബാൾട്ടിക് കടലിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ശക്തമായ സൈനിക സാന്നിധ്യമുള്ള കലിനിൻഗ്രാഡിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ മോസ്കോ അടുത്തകാലത്തായി നിരന്തരം ഉന്നയിക്കുന്നുണ്ട്.

അതേസമയം റഷ്യയുടെ മുന്നറിയിപ്പിന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ മറുപടി നൽകി. നാറ്റോ ഒരു പ്രതിരോധ സഖ്യമാണെന്നും റഷ്യയുടെ ആണവ ഭീഷണികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യക്ക് അയച്ച മറുപടിയിൽ നാറ്റോ, തങ്ങളുടെ സൈനിക അഭ്യാസങ്ങളോ പ്രവർത്തനങ്ങളോ റഷ്യൻ ഫെഡറേഷന്റെ പ്രദേശത്തിന് ഭീഷണി ഉയർത്തുന്നതല്ലെന്നും വ്യക്തമാക്കി. കൂടാതെ, യുക്രെയ്‌നിലെ റഷ്യയുടെ പൂർണതോതിലുള്ള അധിനിവേശം അവസാനിപ്പിക്കണമെന്നും നാറ്റോ ആവശ്യപ്പെട്ടു. 

Tags:    
News Summary - Russia warns NATO of possible nuclear response if Kaliningrad is cut off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.