പോളണ്ടിൽ 5000 യു.എസ് സൈനികരെ അധികമായി വിന്യസിക്കുമെന്ന് ട്രംപ്; ജർമനിയിൽനിന്ന് സൈനികരെ പിൻവലിക്കും

വാഷിങ്ടൺ: യു.എസ് 5000 സൈനികരെ അധികമായി പോളണ്ടിലേക്ക് അയക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പോളണ്ടിലെ 4000 സൈനികരുടെ വിന്യാസം പെന്റഗൺ റദ്ദാക്കി ഒരാഴ്ചക്ക് ശേഷമാണ് പുതിയ നീക്കം.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ പിന്തുണച്ച പോളിഷ് പ്രസിഡന്റ് കരോൾ നവ്റോക്കിയുമായുള്ള യു.എസിന്റെ അടുത്ത ബന്ധത്തെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനമെന്ന് ട്രംപ് ​ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നേരത്തേ ആസൂത്രണം ചെയ്ത വിന്യാസത്തിന്റെ ഭാഗമാണോ അതോ മറ്റേതെങ്കിലും ഓപറേഷന്റെ ഭാഗമാണോ അധിക സൈനിക വിന്യാസം എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

‘യു.എസ് ഫസ്റ്റ്’ എന്ന നയത്തിന്റെ ഭാഗമായി യൂറോപ്പിലെ ​ആകെ സൈനികരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിടുന്നതായി വൈറ്റ് ഹൗസ് സൂചന നൽകിയിരുന്നു. ഇറാനുമായുള്ള യുദ്ധത്തെചൊല്ലി ട്രംപും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ ഈ മാസം ആദ്യം ജർമനിയിൽനിന്ന് 5000 സൈനികരെ പിൻവലിക്കുമെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ ചർച്ചകളിൽ അമേരിക്ക അപമാനിതരായി എന്ന മെർസിന്റെ പരാമർശത്തെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. ജർമനിയിൽനിന്ന് പിൻവലിക്കുന്ന സൈനികരെയാണോ പോളണ്ടിൽ അധികമായി വിന്യസിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഹുർമുസ് കടലിടുക്ക് തർക്കത്തിൽ ഇറാനെ സമ്മർദ്ദത്തിലാക്കാൻ തയാറാകാത്ത നാറ്റോ സഖ്യകക്ഷികളെയും ട്രംപ് വിമർശിച്ചിരുന്നു. നാറ്റോ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വെള്ളിയാഴ്ച സ്വീഡനിൽ നടക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഉച്ചകോടിയിൽ പ​​​ങ്കെടുക്കും. പ്രതിരോധ ചെലവുകൾ നാറ്റോ സഖ്യകക്ഷികൾ തുല്യമായി പങ്കിടണമെന്ന ആവശ്യം റൂബിയോ യോഗത്തിൽ ഉന്നയിച്ചേക്കും. നാറ്റോ സഖ്യകക്ഷികളുടെ നിലപാടുകളിൽ ട്രംപ് വളരെ അസ്വസ്ഥനും നിരാശനുമാണെന്ന് റൂബിയോ വ്യക്തമാക്കിയിരുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും വലിയ യു.എസ് സൈനിക വിന്യാസം ജർമനിയിലാണ്. 36,000 യു.എസ് സൈനികരാണ് ജർമനിയിലുള്ളത്. ഇറ്റലിയിൽ 12,000, യു.കെയിൽ 10,000 എന്നിങ്ങനെയാണ് യു.എസ് സൈനിക വിന്യാസം.

Tags:    
News Summary - US to send 5,000 more troops to Poland, Trump says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.